Ramayana Masam 2021: രാമായണം ഇരുപത്തിയെട്ടാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും.   

Written by - Ajitha Kumari | Last Updated : Aug 13, 2021, 10:27 AM IST
  • രാമായണ പാരായണം ഇരുപത്തിയെട്ടാം ദിനം
  • ഇന്നേ ദിവസം പാരായണം ചെയ്യേണ്ട ഭാഗങ്ങൾ
Ramayana Masam 2021: രാമായണം ഇരുപത്തിയെട്ടാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. 

ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍.

Also Read:Onam 2021: Horoscope 13 August 2021: ഇന്ന് ഒരുപാട് സന്തോഷം നൽകും, ഈ 2 രാശിക്കാർ ജാഗ്രത പാലിക്കുക!

ഇരുപത്തിയെട്ടാം ദിനമായ ഇന്ന് ഏത് ഭാഗമാണ് രാമായണത്തിൽ വായിക്കേണ്ടത് എന്ന് നോക്കാം..  

മേഘനാദവധം

രാഘവന്മാരും മഹാകപിവീരരും
ശോകമകന്നു തെളിഞ്ഞു വാഴും‌വിധൌ
മര്‍ക്കടനായകന്മാരോടു ചൊല്ലിനാ-
നര്‍ക്കതനയനുമംഗദനും തദാ:
‘നില്‍ക്കരുതാരും പുറത്തിനി വാനര-
രൊക്കെക്കടക്ക മുറിക്ക മതിലുകള്‍‌.
വയ്ക്ക ഗൃഹങ്ങളിലൊക്കവേ കൊള്ളിയും
വൃക്ഷങ്ങളൊക്കെ മുറിക്ക തെരുതെരെ.
കൂപതടാകങ്ങള്‍തൂര്‍ക്ക കിടങ്ങുകള്‍‌

ഗോപുരദ്വാരാവധി നിരത്തീടുക.
മിക്കതുമൊക്കെയൊടുങ്ങി നിശാചര-
രുള്‍‌ക്കരുത്തുള്ളവരിന്നുമുണ്ടെങ്കിലോ
വെന്തുപൊറാഞ്ഞാല്‍‌പുറത്തു പുറപ്പെടു-
മന്തകന്‍‌വീട്ടിന്നയയ്ക്കാമനുക്ഷണം.’
എന്നതു കേട്ടവര്‍കൊള്ളിയും കൈക്കൊണ്ടു
ചെന്നു തെരുതെരെ വച്ചുതുടങ്ങിനാര്‍‌.
പ്രാസാദഗോപുരഹര്‍മ്മ്യഗേഹങ്ങളും
കാസീസകാഞ്ചനരൂപ്യതാമ്രങ്ങളും
ആയുധശാലകളാഭരണങ്ങളു-
മായതനങ്ങളും മജ്ജനശാലയും
വാരണവൃന്ദവും വാജിസമൂഹവും
തേരുകളും വെന്തുവെന്തുവീണീടുന്നു.
സ്വര്‍ഗ്ഗലോകത്തോളമെത്തീ ദഹനനും
ശക്രനോടങ്ങറിയിപ്പാനനാകുലം
മാരുതി ചുട്ടതിലേറെ നന്നായ് ചമ-
ച്ചോരു ലങ്കാപുരം ഭൂതിയായ് വന്നിതു.
രാത്രിഞ്ചരസ്ത്രീകള്‍‌വെന്തലറിപ്പാഞ്ഞു-
മാര്‍ത്തിമുഴുത്തു തെരുതെരെച്ചാകയും
മാര്‍ത്താണ്ഡഗോത്രജനാകിയ രാഘവന്‍
കൂര്‍ത്തുമൂര്‍ത്തുള്ള ശരങ്ങള്‍പൊഴിക്കയും
ഗോത്രാരിജിത്തും ജയിച്ചതുമെത്രയും
പാര്‍ത്തോളമത്ഭുതമെന്നു പറകയും
രാത്രിഞ്ചരന്മാര്‍‌നിലവിളിഘോഷവും
രാത്രിഞ്ചരസ്ത്രീകള്‍കേഴുന്ന ഘോഷവും
വാനരന്മാര്‍നിന്നലറുന്ന ഘോഷവും
മാനവേന്ദ്രന്‍‌‌ധനുര്‍ജ്ജ്യാനാദഘോഷവും
ആനകള്‍‌വെന്തലറീടുന്ന ഘോഷവും
ദീനതപൂണ്ട തുരഗങ്ങള്‍നാദവും
സന്തതം തിങ്ങി മുഴങ്ങിച്ചമഞ്ഞിതു
ചിന്ത മുഴുത്തു ദശാനനവീരനും
കുംഭകര്‍ണ്ണാത്മജന്മാരില്‍‌മുമ്പുള്ളൊരു
കുംഭനോടാശു നീ പോകെന്നും ചൊല്ലിനാന്‍‌.
തമ്പിയായുള്ള നികുംഭനുമന്നേരം
മുമ്പില്‍‌ഞാനെന്നു മുതിര്‍ന്നു പുറപ്പെട്ടാന്‍.
കമ്പനന്‍‌താനും പ്രജംഘനുമെത്രയും
വന്‍പുള്ള യൂപാക്ഷനും ശോണിതാക്ഷനും
വന്‍പടയോടും പുറപ്പെട്ടു ചെന്നള-
വിമ്പം കലര്‍ന്നടുത്താര്‍കപിവീരരും.
രാത്രിയിലാര്‍ത്തങ്ങടുത്തു പൊരുതൊരു
രാത്രിഞ്ചരന്മാര്‍തെരുതെരെച്ചാകയും
കൂര്‍ത്ത ശസ്ത്രാസ്ത്രങ്ങള്‍‌കൊണ്ടു കപികളും
ഗാത്രങ്ങള്‍ഭേദിച്ചു ധാത്രിയില്‍‌വീഴ്കയും
ഏറ്റുപിടിച്ചുമടിച്ചുമിടിച്ചു മ-
ങ്ങേറ്റം കടിച്ചും പൊടിച്ചും പരസ്പരം
ചീറ്റം മുഴുത്തു പറിച്ചും മരാമരം
തോറ്റുപോകായ്കെന്നു ചൊല്ലിയടുക്കയും
വാനരരാക്ഷസന്മാര്‍പൊരുതാരഭി-
മാനം നടിച്ചും ത്യജിച്ചും കളേബരം
നാലഞ്ചുനാഴികനേരം കഴിഞ്ഞപ്പോള്‍‌
കാലപുരിപുക്കിതേറ്റ രക്ഷോഗണം.
കമ്പനന്‍ വന്‍പോടടുത്താനതുനേര-
മമ്പുകൊണ്ടേറ്റമകന്നു കപികളും.
കമ്പംകലര്‍ന്നൊഴിച്ചാരതു കണ്ടഥ
ജംഭാരിനന്ദനപുത്രനും കോപിച്ചു
കമ്പന്‍‌തന്നെ വധിച്ചോരനന്തരം
പിമ്പേ തുടര്‍ന്നങ്ങടുത്താന്‍പ്രജംഘനും
യൂപാക്ഷനും തഥാ ശോണിതനേത്രനും
കോപിച്ചടുത്താരതുനേരമംഗദന്‍‌
കൌണപന്മാര്‍‌മൂവരോടും പൊരുതതി-
ക്ഷീണനായ് വന്നിതു ബാലിതനയനും.
മൈന്ദനുമാശു വിവിദനുമായ്ത്തത്ര
മന്ദേതരം വന്നടുത്താരതുനേരം.
കൊന്നാന്‍‌പ്രജംഘനെത്താരേയനുമഥ
പിന്നെയവ്വണ്ണം വിവിദന്‍‌മഹാബലന്‍‌
കൊന്നിതു ശോണിതനേത്രനെയുമഥ
മൈന്ദനും യൂപാക്ഷനെക്കൊന്നു വീഴ്ത്തിനാന്‍‌
നക്തഞ്ചരവരന്മാരവര്‍നാല്‍‌വരും
മൃത്യുപുരം പ്രവേശിച്ചോരനന്തരം
കുംഭനണഞ്ഞു ശരം പൊഴിച്ചീടിനാന്‍‌
വമ്പര‍ാം വാനരന്മാരൊക്കെ മണ്ടിനാര്‍‌
സുഗ്രീവനും തേരിലമ്മാറു ചാടി വീ-
ണുഗ്രതയോടവന്‍‌ വില്‍‌കളഞ്ഞീടിനാന്‍‌.
മുഷ്ടിയുദ്ധംചെയ്ത നേരത്തു കുംഭനെ-
പ്പെട്ടെന്നെടുത്തെറിഞ്ഞീടിനാനബ്ധിയില്‍‌.
വാരാന്നിധിയും കലക്കിമറിച്ചതി-
ഘോരന‍ാം കുംഭന്‍‌കരേറിവന്നീടിനാന്‍‌.
സൂര്യാത്മജനുമതു കണ്ടു കോപിച്ചു
സൂര്യാത്മജലായത്തിന്നയച്ചീടാന്‍‌.
സുഗ്രീവനഗ്രജനെക്കൊന്നനേരമ-
ത്യുഗ്രന്‍‌നികുംഭന്‍പരിഘവുമായുടന്‍‌
സംഹാരരുദ്രനെപ്പോലെ രണാജിരേ
സിംഹനാദം ചെയ്തടുത്താനതുനേരം.
സുഗ്രീവനെപ്പിന്നിലിട്ടു വാതാത്മജ-
നഗ്രേ ചെറുത്താന്‍നികുംഭനെത്തല്‍‌ക്ഷണേ.
മാരുതിമാറിലടിച്ചാന്‍‌നികുംഭനും
പാരില്‍‌നുറുങ്ങി വീണു തല്‍‌പരിഘവും.
ഉത്തമ‍ാംഗത്തെപ്പറിച്ചെറിഞ്ഞാനതി-
ക്രുദ്ധനായോരു ജഗല്‍‌പ്രാണപുത്രനും
പേടിച്ചു മണ്ടിനാര്‍ശേഷിച്ച രാക്ഷസര്‍‌
കൂടെത്തുടര്‍നടുത്താര്‍കപിവീരരും,
ലങ്കയില്‍‌പുക്കടച്ചാരവരും ചെന്നു
ലങ്കേശനോടറിയിച്ചാരവസ്ഥകള്‍‌.
കുംഭാദികള്‍‌മരിച്ചോരുദന്തം കേട്ടു
ജംഭാരിവൈരിയും ഭീതിപൂണ്ടീടിനാന്‍‌.
പിന്നെ ഖരാത്മജന‍ാം മകരാക്ഷനോ-
ടന്യൂനകോപേന ചൊന്നാന്‍‌ദശാനനന്‍‌:
‘ചെന്നു നീ രാമാദികളെജ്ജയിച്ചിങ്ങു
വന്നീടു’ കെന്നനേരം മകരാക്ഷനും
തന്നുടെ സൈന്യസമേതം പുറപ്പെട്ടു
സന്നാഹമോടുമടുത്തു രണാങ്കണേ
പന്നഗതുല്യങ്ങളായ ശരങ്ങളെ
വഹ്നികീലാകാരമായ് ചൊരിഞ്ഞീടിനാന്‍‌.
നിന്നുകൂടാഞ്ഞു ഭയപ്പെട്ടു വാനരര്‍‌
ചെന്നഭയം തരികെന്നു രാമാന്തികേ
നിന്നു പറഞ്ഞതു കേട്ടളവേ രാമ-
ചന്ദ്രനും വില്ലും കുഴിയെക്കുലച്ചുടന്‍‌
വില്ലാളികളില്‍‌മുമ്പുള്ളവന്‍‌തന്നോടു
നില്ലെന്നണഞ്ഞു ബാണങ്ങള്‍‌തൂകീടിനാന്‍‌.
ഒന്നിനൊന്നൊപ്പമെയ്താന്‍‌മകരാക്ഷനും
ഭിന്നമായീ ശരീരം കമലാക്ഷനും
അന്യോന്യമൊപ്പം പൊരുതു നില്‍ക്കുന്നേര-
മൊന്നു തളര്‍ന്നു ചമഞ്ഞു ഖരാത്മജന്‍‌.
അപ്പോള്‍‌കൊടിയും കുടയും കുതിരയും
തല്‍‌പാണിതന്നിലിരുന്നൊരു ചാപവും
തേരും പൊടിപെടുത്താനെയ്തു രാഘവന്‍‌
സാരഥിതന്നെയും കൊന്നാനതുനേരം.
പാരിലാമ്മാറു ചാടിശൂലവുംകൊണ്ടു
പാരമടുത്ത മകരാക്ഷനെത്തദാ
പാവകാസ്ത്രംകൊണ്ടു കണ്ഠവും ഛേദിച്ചു
ദേവകള്‍ക്കാപത്തുമൊട്ടു തീര്‍ത്തീടിനാന്‍.
രാവണിതാനതറിഞ്ഞു കോപിച്ചു വ-
ന്നേവരെയും പൊരുതാശു പുറത്താക്കി
രാവനനോടറിയിച്ചാനതു കേട്ടു
ദേവകുലാന്തകനാകിയ രാവണന്‍‌
ഈരേഴുലോകം നടുങ്ങും‌പടി പരി-
ചാരകന്മാരോടുകൂടിപ്പുറപ്പെട്ടാന്‍‌.
അപ്പോളതു കണ്ടു മേഘനിനാദനും
തല്‍‌പാദയുഗ്മം പണിഞ്ഞു ചൊല്ലീടിനാന്‍‌:
‘ഇപ്പോളടിയനരികളെ നിഗ്രഹി-
ച്ചുള്‍‌പ്പൂവിലുണ്ടായ സങ്കടം പോക്കുവന്‍‌
അന്ത:പുരം പുക്കിരുന്നരുളീടുക
സന്താപമുണ്ടാകരുതിതുകാരണം.’
ഇത്ഥം പറഞ്ഞു പിതാവിനെ വന്ദിച്ചു
വൃത്രാരിജിത്തും പുറപ്പെട്ടു പോരിനായ്.
യുദ്ധ്യോദ്യമം കണ്ടു സൌമിത്രി ചെന്നു കാ-
കുല്‍‌സ്ഥനോടിത്ഥമുണര്‍ത്തിച്ചരുളിനാന്‍‌:
‘നിത്യം മറഞ്ഞുനിന്നിങ്ങനെ രാവണ-
പുത്രന്‍കപിവരന്മാരെയും നമ്മെയും
അസ്ത്രങ്ങളെയ്തുടനന്തം വരുത്തുന്ന-
തെത്രനാളേക്കു പൊറുക്കണമിങ്ങനെ?
ബ്രഹ്മാസ്ത്രമെയ്തു നിശാചരന്മാര്‍‌കുല-
മുന്മൂലനാശം വരുത്തുക സത്വരം.’
സൌമിത്രി ചൊന്ന വാക്കിങ്ങനെ കേട്ടഥ
രാമഭദ്രസ്വാമി താനുമരുള്‍‌ചെയ്തു:
‘ആയോധനത്തിങ്കലോടുന്നവരോടു-
മായുധം പോയവരോടും വിശേഷിച്ചു
നേരേ വരാതവരോടും, ഭയം പൂണ്ടു
പാദാന്തികേ വന്നു വീഴുന്നവരോടും
പൈതാമഹാസ്ത്രം പ്രയോഗിക്കരുതെടോ!
പാതകമുണ്ടാമതല്ലായ്കിലേവനും
ഞാനിവനോടു പോര്‍‌ചെയ്‌വനെല്ലാവരും
ദീനതയെന്നിയേ കണ്ടുനിന്നീടുവിന്‍.’
എന്നരുള്‍‌ചെയ്തു വില്ലും കുലച്ചന്തികേ
സന്നദ്ധനായതു കണ്ടൊരു രാവണി
തല്‍‌ക്ഷണേ ചിന്തിച്ചു കല്പിച്ചു ലങ്കയില്‍‌
പ്പുക്കു മായാസീതയെത്തേരില്‍‌വച്ചുടന്‍‌
പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടു
നിശ്ചലനായ് നിന്നനേരം കപികളും
തേരില്‍‌മായാസീതയെക്കണ്ടു ദു:ഖിച്ചു
മാരുതിതാനും പരവശനായിതു
വാനരവീരരെല്ലാവരും കാണവേ
ജാനകീ ദേവിയെ വെട്ടിനാന്‍നിര്‍ദ്ദയം.
‘അയ്യോ! വിഭോ! രാമരാമേ’ തി വാവിട്ടു
മയ്യല്‍‌മിഴിയാള്‍‌മുറവിളിച്ചീടിനാള്‍‌.
ചോരയും പാരില്‍പരന്നതിതു കണ്ടു
മാരുതി ജാനകിയെന്നു തേറീടിനാന്‍‌.
‘ശോഭയില്ലേതും നമുക്കിനി യുദ്ധത്തി-
നാപത്തിതില്‍‌പരമെന്തുള്ളതീശ്വര!
നാമിനി വാങ്ങുക; സീതാവധം മമ
സ്വാമി തന്നോടുണര്‍ത്തിപ്പാന്‍‌കപികളെ!’
ശാഖാമൃഗാധിപന്മാ‍രെയും വാങ്ങിച്ചു
ശോകാതുരനായ മാരുതനന്ദനന്‍‌
ചൊല്ലുന്നതു കേട്ടു രാഘവനും തദാ
ചൊല്ലിനാന്‍ജ‍ാംബവാന്‍‌തന്നോടു സാകുലം:
‘മാരുതിയെന്തുകൊണ്ടിങ്ങോട്ടു പോന്നിതു!
പോരില്‍‌പുറംതിരിഞ്ഞീടുമാറില്ലവന്‍‌.
നീകൂടെയങ്ങു ചെന്നീടുക സത്വരം
ലോകേശനന്ദന! പാര്‍ക്കരുതേതുമേ.’
ഇത്ഥമാകര്‍ണ്യ വിധിസുതനും കപി-
സത്തമന്മാരുമായ് ചെന്നു ലഘുതരം.
‘എന്തു കൊണ്ടിങ്ങു വാങ്ങിപ്പോന്നിതു ഭവാന്‍‌?
ബന്ധമെന്തങ്ങോട്ടുതന്നെ നടക്ക നീ.’
എന്നനേരം മാരുതാത്മജന്‍‌ചൊല്ലിനാ-
‘നിന്നു പേടിച്ചു വാങ്ങീടുകയല്ല ഞാന്‍‌.
ഉണ്ടൊരവസ്ഥയുണ്ടായിട്ടതിപ്പൊഴേ
ചെന്നു ജഗല്‍‌സ്വാമിയോടുണര്‍ത്തിക്കണം.
പോരിക നീയുമിങ്ങോട്ടിനി‘യെന്നുടന്‍‌
മാരുതി ചൊന്നതു കേ,ട്ടവന്‍‌താനുമായ്
ചെന്നു തൊഴുതുണര്‍ത്തിച്ചിതു മൈഥിലി-
തന്നുടെ നാശവൃത്താന്തമെപ്പേരുമേ.
ഭൂമിയില്‍‌വീണു മോഹിച്ചു രഘൂത്തമന്‍‌
സൌമിത്രി താനുമന്നേരം തിരുമുടി
ചെന്നു മടിയിലെടുത്തു ചേര്‍ത്തീടിനാന്‍‌,
മന്നവന്‍‌തന്‍‌പദമഞ്ജനാപുത്രനും
ഉത്സംഗസീമനി ചേര്‍ത്താനതു കണ്ടു
നിസ്സമ്ജ്ഞരായൊക്കെ നിന്നൂ കപികളും
ദു:ഖം കെടുപ്പതിനായുള്ള വാക്കുക-
ളൊക്കെപ്പറഞ്ഞു തുടങ്ങീ കുമാരനും.
എന്തൊരു ഘോഷമുണ്ടായ്തെന്നാത്മനി
ചിന്തിച്ചവിടേക്കു വന്നു വിഭീഷണന്‍‌.
ചോദിച്ച നേരം കുമാരന്‍‌പറഞ്ഞിതു
മാതരിശ്വാത്മജന്‍‌ചൊന്ന വൃത്താന്തങ്ങള്‍‌.
‘കയ്യിണ കൊട്ടിച്ചിരിച്ചു വിഭീഷണ-
നയ്യോ! കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ!
ലോകേശ്വരിയായ ദേവിയെക്കൊല്ലുവാന്‍‌
ലോകത്രയത്തിങ്കലാരുമുണ്ടായ് വരാ.
മായനിപുണന‍ാം മേഘനിനാദനി-
ക്കാര്യമനുഷ്ഠിച്ചതെന്തിനെനാശു കേള്‍‌.
മര്‍ക്കടന്മാര്‍ചെന്നുപദ്രവിച്ചീടാതെ
തക്കത്തിലാശു നികുംഭിലയില്‍‌ചെന്നു
പുക്കുടന്‍തന്നുടെ ഹോമം കഴിപ്പതി-
നായ്ക്കൊണ്ടു കണ്ടോരുപായമത്യത്ഭുതം.
ചെന്നിനി ഹോമം മുടക്കണമല്ലായ്കി-
ലെന്നുമവനെ വധിക്കരുതാര്‍ക്കുമേ.
രാഘവ! സ്വാമിന്‍! ജയജയ മാനസ-
വ്യാകുലം തീര്‍ന്നെഴുന്നേല്‍ക്ക ദയാനിധേ!
ലക്ഷ്മണനുമടിയനും കപികുല-
മുഖ്യപ്രവരരുമായിട്ടു പോകണം;
ഓര്‍ത്തു കാലം കളഞ്ഞീടരുതേതുമേ
യാത്രയയയ്ക്കേണ’ മെന്നു വിഭീഷണന്‍
ചൊന്നതു കേട്ടളവാലസ്യവും തീര്‍ന്നു
മന്നവന്‍പോവാനനുജ്ഞ നല്‍കീടിനാന്‍‌.
വസ്തുവൃത്താന്തങ്ങളെല്ല‍ാം ധരിച്ച നേ-
രത്തു കൃതാര്‍ത്ഥനായ് ശ്രീരാമഭദ്രനും
സോദരന്‍‌തന്നെയും രാക്ഷസപുംഗവ-
സോദരന്‍‌തന്നെയും വാനരന്മാരെയും
ചെന്നു ദശഗ്രീവനന്ദനന്‍‌തന്നെയും
കൊന്നു വരികെന്നനുഗ്രഹം നല്‍കിനാന്‍‌.
ലക്ഷ്മണനോടും മഹാകപിസേനയും
രക്ഷോവരനും നടന്നാരതുനേരം
മൈന്ദന്‍‌വിവിദന്‍‌സുഷേണന്‍‌നളന്‍‌നീല-
നിന്ദ്രാത്മജാത്മജന്‌കേസരി താരനും
ശൂരന്‍‌വൃഷഭന്‍‌ശരഭന്‍‌വിനതനും
വീരന്‍‌പ്രമാഥി ശതബലി ജ‍ാംബവാന്‍‌
വാതാത്മജന്‍‌വേഗദര്‍ശി വിശാലനും
ജ്യോതിര്‍‌മ്മുഖന്‍‌സുമുഖന്‍ബലിപുംഗവന്‍
ശ്വേതന്‍, ദധിമുഖനഗ്നിമുഖന്‍ഗജന്‍
മേദുരന്‍ധ്രൂമന്‍ഗവയന്‍ഗവാക്ഷനും
മറ്റുമിത്യാദി ചൊല്ലുള്ള കപികളും
മുറ്റും നടന്നിതു ലക്ഷ്മണന്‍‌തന്നൊടും.
മുന്നില്‍‌നടന്നു വിഭീഷണന്‍‌താനുമായ്
ചെന്നു നികുംഭിലപുക്കു നിറഞ്ഞിതു
നക്തഞ്ചരവരന്മാരെച്ചുഴലവേ
നിര്‍ത്തി ഹോമം തുടങ്ങീടിനാന്‍രാവണി.
കല്ലും മലയും മരവുമെടുത്തുകൊ-
ണ്ടെല്ലാവരുമായടുത്തു കപികളും
എറ്റുമേറും കൊണ്ടു വീണു തുടങ്ങിനാ-
രറ്റമില്ലാതോരോ രാക്ഷസവീരരും.
മുറ്റുകയില്ല ഹോമം നമുക്കിങ്ങിനി-
പ്പറ്റലരെച്ചെറ്റകറ്റിയൊഴിഞ്ഞെന്നു
കല്പിച്ചു രാവണി വില്ലും ശരങ്ങളും
കെല്പോടെടുത്തു പോരിന്നടുത്തീടിനാന്‍
വന്നു നികുംഭിലയാല്‍‌ത്തലമേലേറി
നിന്നു ദശാനനപുത്രനുമന്നേരം
കണ്ടു വിഭീഷണന്‍സൌമിത്രി തന്നോടു
കുണ്ഠത തീര്‍ത്തു പറഞ്ഞുതുടങ്ങിനാന്‍:
‘വീര കഴിഞ്ഞീല ഹോമമിവനെങ്കില്‍‌
നേരേ വെളിച്ചത്തു കണ്ടുകൂടാ ദൃഢം.
മാരുതനന്ദനന്‍‌തന്നോടു കോപിച്ചു
നേരിട്ടു വന്നതു കണ്ടതില്ലേ ഭവാന്‍?
മൃത്യുസമയമടുത്തിതിവന്നിനി
യുദ്ധം തുടങ്ങുക വൈകരുതേതുമേ.’
ഇത്ഥം വിഭീഷണന്‍‌ചൊന്ന നേരത്തു സൌ-
മിത്രിയുമസ്ത്രശസ്ത്രങ്ങള്‍തൂകിടിനാന്‍.
പ്രത്യസ്ത്രശസ്ത്രങ്ങള്‍‌കൊണ്ടു തടുത്തിന്ദ്ര-
ജിത്തുമത്യര്‍ത്ഥമസ്ത്രങ്ങളെയ്തീടിനാന്‍.
അപ്പോള്‍‌കഴുത്തിലെറ്റുത്തു മരുല്‍‌സുത-
നുല്പന്നമോദം കുമാരനെസ്സാദരം.
ലക്ഷ്മണപാര്‍ശ്വേ വിഭീഷണനെക്കണ്ടു
തല്‍‌ക്ഷണം ചൊന്നാന്‍ദശാനനപുത്രനും
‘രാക്ഷസജാതിയില്‍വന്നു പിറന്ന നീ
സാക്ഷാല്‍പിതൃവ്യനല്ലോ മമ കേവലം
പുത്രമിത്രാദി വര്‍ഗ്ഗത്തെയൊടുക്കുവാന്‍
ശത്രുജനത്തിനു ഭൃത്യനായിങ്ങനെ
നിത്യവും വേല ചെയ്യുന്നതോര്‍ത്തീടിനാ-
ലെത്രയും നന്നുനന്നെന്നതേ ചൊല്ലാവൂ.
ഗോത്രവിനാശം വരുത്തും ജനങ്ങള്‌ക്കു
പാര്‍ത്തുകണ്ടോളം ഗതിയില്ല നിര്‍ണ്ണയം.
ഊര്‍ദ്ധ്വലോകപ്രാപ്തി സന്തതികൊണ്ടത്രേ
സാധ്യമാകുന്നതെന്നല്ലോ ബുധമതം.
ശാസ്ത്രജ്ഞന‍ാം നീ കുലത്തെയൊടുക്കുവാ-
നാസ്ഥയാ വേലചെയ്യുന്നതുമത്ഭുതം.’
എന്നതു കേട്ടു വിഭീഷണന്‍ചൊല്ലിനാന്‍;
‘നന്നു നീയും നിന്‍‌പിതാവുമറിക നീ
വംശം മുടിക്കുന്നതിന്നു നീയേതുമേ
സംശയമില്ല വിചാരിക്ക മാനസേ.
വംശത്തെ രക്ഷിച്ചുകൊള്ളുവനിന്നു ഞാ-
നംശുമാലീകുലനായകാനുഗ്രഹാല്‍.’
ഇങ്ങനെ തമ്മില്‍പറഞ്ഞുനില്‍ക്കുന്നേരം
മങ്ങാതെ ബാണങ്ങള്‍തൂകീ കുമാരനും
എല്ലാമതെയ്തു മുറിച്ചുകളഞ്ഞഥ
ചൊല്ലിനാനാശു സൌമിത്രി തന്നോടവന്‍‌.
‘രണ്ടുദിനം മമ ബാഹുപരാക്രമം
കണ്ടതില്ലേ നീ കുമാരാ വിശേഷിച്ചും?
കണ്ടുകൊള്‍കല്ലായ്കിലിന്നു ഞാന്‍നിന്നുടല്‍‌
കൊണ്ടു ജന്തുക്കള്‍ക്കു ഭക്ഷണമേകുവന്‍‌‘
ഇത്ഥം പറഞ്ഞേഴു ബാണങ്ങള്‍കൊണ്ടു സൌ-
മിത്രിയുടെയുടല്‍‌കീറിനാനേറ്റവും.
പത്തു ബാണം വായുപുത്രനെയേല്പിച്ചു
സത്വരം പിന്നെ വിഭീഷണന്‍‌തന്നെയും
നൂറു ശരമെയ്തു വാനരവീരരു-
മേറേ മുറിഞ്ഞു വശംകെട്ടു വാങ്ങിനാര്‍.
തല്‍‌ക്ഷണേ ബാണം മഴപൊഴിയുംവണ്ണം
ലക്ഷ്മണന്‍‌തൂകിനാന്‍ശക്രാരിമേനിമേല്‍.
വൃത്രാരിജിത്തും ശരസഹസ്രേണ സൌ-
മിത്രികവചം നുറുക്കിയിട്ടീടിനാന്‍.
രക്താഭിഷിക്തശരീരികളായിതു
നക്തഞ്ചരനും സുമിത്രാതനയനും.
പാരമടുത്തഞ്ചു ബാണം പ്രയോഗിച്ചു
തേരും പൊടിച്ചു കുതിരകളെക്കൊന്നു
സാരഥിതന്റെ തലയും മുറിച്ചതി-
സാരമായോരു വില്ലും മുറിച്ചീടിനാന്‍.
മറ്റൊരു ചാപമെടുത്തു കുലച്ചവ-
നറ്റമില്ലാതോളം ബാനങ്ങള്‍‌തൂകിനാന്‍.
പിന്നെ മൂന്നമ്പെയ്തതും മുറിച്ചീടിനാന്‍.
മന്നവന്‍പംക്തികണ്ഠാത്മജനന്നേരം
ഊറ്റമായോരു വില്ലും കുഴിയെക്കുല-
ച്ചേറ്റമടുത്തു ബാണങ്ങള്‍‌തൂകീടിനാന്‍.
സത്വരം ലങ്കയില്‍പുക്കു തേരും പൂട്ടി
വിദ്രുതം വന്നിതു രാവണപുത്രനും
ആരുമറിഞ്ഞീല പോയതു വന്നതും
നാരദന്‍‌താനും പ്രശംസിച്ചിതന്നേരം.
ഘോരമായുണ്ടായ സംഗരം കണ്ടൊരു
സാരസസംഭവനാദികള്‍ചൊല്ലിനാര്‍:
‘പണ്ടു ലോകത്തിങ്കലിങ്ങനെയുള്ള പോ-
രുണ്ടായതില്ലിനിയുണ്ടാകയുമില്ല.
കണ്ടാലുമീദൃശം വീരപുരുഷന്മാ-
രുണ്ടോ ജഗത്തിങ്കല്‍മറ്റിവരെപ്പോലെ.’
ഇത്ഥം പലരും പ്രശംസിച്ചു നില്പതിന്‍‌
മദ്ധ്യേ ദിവസത്രയം കഴിഞ്ഞൂ ഭൃശം.
വാസരം മൂന്നു കഴിഞ്ഞോരനന്തരം
വാസവ ദൈവതമസ്ത്രം കുമാരനും
ലാഘവം ചേര്‍ന്നു കരേണ സന്ധിപ്പിച്ചു
രാഘവന്‍‌തന്‍പദ‍ാംഭോരുഹം മാനസേ
ചിന്തിച്ചുറപ്പിച്ചയച്ചാനതു ചെന്നു
പംക്തികണ്ഠാത്മജന്‍‌കണ്ഠവും ഛേദിച്ചു
സിന്ധുജലത്തില്‍‌മുഴുകി വിശുദ്ധമാ-
യന്തരാ തൂണിയില്‍വന്നു പുക്കൂ ശരം.
ഭൂമിയില്‍വീണിതു രാവണിതന്നുട-
ലാമയം തീര്‍ന്നിതു ലോകത്രയത്തിനും
സന്തുഷ്ടമാനസന്മാരായ ദേവകള്‍‌
സന്തതം സൌമിത്രിയെ സ്തുതിച്ചീടിനാര്‍.
പുഷ്പങ്ങളും വരിഷിച്ചാരുടനുട-
നപ്സരസ്ത്രീകളും നൃത്തം തുടങ്ങിനാര്‍.
നേത്രങ്ങളായിരവും വിളങ്ങീ തദാ
ഗോത്രാരിതാനും പ്രസാദിച്ചിതേറ്റവും
താപമകന്നു പുകഴ്ന്നുതുടങ്ങിനാര്‍
താപസന്മാരും ഗഗനചരന്മാരും
ദുന്ദുഭി നാദവും ഘോഷിച്ചിതേറ്റമാ-
നന്ദിച്ചിതാശു വിരിഞ്ചനുമന്നേരം.
ശങ്കാവിഹീനം ചെറുഞാണൊലിയിട്ടു
ശംഖും വിളിച്ചുടന്‍സിംഹനാദംചെയ്തു
വാനരന്മാരുമായ് വേഗേന സൌമിത്രി
മാനവേന്ദ്രന്‍‌ചരണ‍ാംബുജം കൂപ്പിനാന്‍.
ഗാഢമായാലിംഗനം ചെയ്തു രാഘവ-
നൂഢമോദം മുകര്‍ന്നീടിനാന്‍മൂര്‍ദ്ധനി
ലക്ഷ്മണനോടു ചിരിച്ചരുളിച്ചെയ്തു:
‘ദുഷ്കരമെത്രയും നീ ചെയ്ത കാരിയം
രാവണി യുദ്ധേ മരിച്ചതു കാരണം
രാവണന്‍‌താനും മരിച്ചാനറിക നീ
ക്രുദ്ധനായ് നമ്മോടു യുദ്ധത്തിനായ് വരും
പുത്രശോകത്താലിനി ദശഗ്രീവനും.’

രാവണന്റെ വിലാപം

ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കുന്നേരം
പുത്രന്‍ മരിച്ചതു കേട്ടൊരു രാവണന്‍
വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി-
ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാന്‍:
‘ഹാ ഹാ കുമാര! മണ്ഡോദരീനന്ദന!
ഹാ ഹാ സുകുമാര! വീര! മനോഹര!
മത്ക്കര്‍മ്മദോഷങ്ങളെന്തു ചൊല്ലാവതു
ദു:ഖമിതെന്നു മറക്കാവതുള്ളില്‍ ഞാന്‍!
വിണ്ണവര്‍ക്കും ദ്വിജന്മാര്‍ക്കും മുനിമാര്‍ക്കു-
മിന്നു നാന്നായുറങ്ങീടുമാറായിതു
നമ്മെയും പേടിയില്ലാര്‍ക്കുമിനി മമ-
ജന്മവും നിഷ്ഫലമായ് വന്നിതീശ്വര!‘
പുത്രഗുണങ്ങള്‍ പറഞ്ഞും നിരൂപിച്ചു-
മത്തല്‍ മുഴുത്തു കരഞ്ഞു തുടങ്ങിനാന്‍
‘എന്നുടെ പുത്രന്‍ മരിച്ചതു ജാനകി-
തന്നുടെ കാരണമെന്നതു കൊണ്ടു ഞാന്‍
കൊന്നവള്‍ തന്നുടെ ചോര കുടിച്ചൊഴി-
ഞ്ഞെന്നുമേ ദു:ഖമടങ്ങുകയില്ല മേ!‘
ഖഡ്ഗവുമോങ്ങിച്ചിരിച്ചലറിത്തത്ര-
നിര്‍ഗമിച്ചീടിനാന്‍ ക്രുദ്ധന‍ാം രാവണന്‍
സീതയും ദുഷ്ടന‍ാം രാവണനെക്കണ്ടു
ഭീതയായെത്രയും വേപഥു ഗാത്രിയായ്
ഹാ! രാമ! രാമ! രാമേതി ജപത്തൊടു-
മാരാമദേശേ വസിക്കും ദശാന്തരേ
ബുദ്ധിമാനായ സുപാര്‍ശ്വന്‍ നയജ്ഞന-
ത്യുത്തമന്‍ കര്‍ബ്ബുരസത്തമന്‍ വൃത്തവാന്‍
രാവണന്‍ തന്നെത്തടുത്തു നിര്‍ത്തിപ്പറ-
യാവതെല്ല‍ാം പറഞ്ഞീടിനാന്‍ നീതികള്‍:
‘ബ്രഹ്മകുലത്തില്‍ ജനിച്ച ഭവാനിഹ
നിര്‍മലനെന്നു ജഗത്ത്രയസമ്മതം
താവകമായ ഗുണങ്ങള്‍ വര്‍ണ്ണിപ്പതി-
നാവതല്ലോര്‍ക്കില്‍ ഗുഹനുമനന്തനും
ദേവദേവേശ്വരനായ പുരവൈരി-
സേവകന്മാരില്‍ പ്രധാനനല്ലോ ഭവാന്‍
പൌലസ്ത്യനായ കുബേര സഹോദരന്‍
ത്രൈലോക്യവന്ദ്യന‍ാം പുണ്യജനാധിപന്‍
സാമവേദജ്ഞന്‍ സമസ്തവിദ്യാലയന്‍
വാമദേവാധിവാസാത്മാ ജിതേന്ദ്രിയന്‍
വേദവിദ്യാവ്രതസ്നാനപരായണന്‍
ബോധവാന്‍ ഭാര്‍ഗ്ഗവശിഷ്യന്‍ വിനയവാന്‍
എന്നിരിക്കെ ബ്ഭവാനിന്നു യുദ്ധാന്തരേ
നന്നുനന്നെത്രയുമോര്‍ത്തു കല്‍പ്പിച്ചതും
സ്ത്രീവധമാകിയ കര്‍മ്മത്തിനാശു നീ
ഭാവിച്ചതും തവ ദുഷ്ക്കീര്‍ത്തിവര്‍ദ്ധനം
രാത്രിഞ്ചരേന്ദ്രപ്രവരപ്രഭോ! മയാ-
സാര്‍ദ്ധം വിരവോടു പോരിക പോരിനായ്
മാനവന്മാരെയും വാനരന്മാരെയും
മാനേന പോര്‍ചെയ്തു കൊന്നു കളഞ്ഞു നീ
ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക
മാനസതാപവും ദൂരെനീക്കീടുക”
നീതിമാനായ സുപാര്‍ശ്വന്‍ പറഞ്ഞതു
യാതുധാനാധിപന്‍ കേട്ടു സന്തുഷ്ടനായ്
ആസ്ഥനമണ്ഡപേ ചെന്നിരുന്നെത്രയു-
മാസ്ഥയാ മന്ത്രികളോടും നിരൂപിച്ചു
ശിഷ്ടരായുള്ള നിശാചരന്മാരുമായ്
പുഷ്ടരോഷം പുറപ്പെട്ടിതു പോരിനായ്
ചെന്നു രക്ഷോബലം രാമനോടേറ്റള-
വൊന്നൊഴിയാതെയൊടുക്കിനാന്‍ രാമനും
മന്നവന്‍ തന്നോടെതിര്‍ത്തിതു രാവണന്‍
നിന്നു പോര്‍ ചെയ്താനഭേദമായ് നിര്‍ഭയം
പിന്നെ രഘുത്തമന്‍ ബാണങ്ങളെയ്തെയ്തു
ഭിന്നമാക്കീടിനാന്‍ രാവണദേഹവും
പാരം മുറിഞ്ഞു തളര്‍ന്നു വശം കെട്ടു
ധീരതയും വിട്ടുവാങ്ങീ ദശാനനന്‍
പോരുമിനി മമ പോരുമെന്നോര്‍ത്തതി-
ഭീരുവായ് ലങ്കാപുരം പുക്കനന്തരം.

രാവണന്റെ ഹോമവിഘ്നം

ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും
ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാന്‍:
‘അര്‍ക്കാത്മജാദിയ‍ാം മര്‍ക്കടവീരരു-
മര്‍ക്കാന്വയോത്ഭൂതനാകിയ രാമനും
ഒക്കെയൊരുമിച്ചു വാരിധിയും കട-
ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു
ശക്രാരിമുഖ്യനീശാചരന്മാരെയു-
മൊക്കെയൊടുക്കി ഞാനേകാകിയായിതു
ദു:ഖവുമുള്‍ക്കൊണ്ടിരിക്കുമാറായിതു
സത്ഗുരോ! ഞാന്‍ തവ ശിഷ്യനല്ലോ വിഭോ!‘
വിജ്ഞാനിയാകിയ രാവണനാലിതി-
വിജ്ഞാപിതനായ ശുക്രമഹാമുനി
രാവണനോടുപദേശിച്ചി’തെങ്കില്‍ നീ
ദേവതമാരെ പ്രസാദം വരുത്തുക
ശീഘ്രമൊരു ഗുഹയും തീര്‍ത്തു ശത്രുക്കള്‍
തോല്‍ക്കും പ്രകാരമതിരഹസ്യസ്ഥലേ
ചെന്നിരുന്നാശു നീ ഹോമം തുടങ്ങുക;
വന്നുകൂടും ജയ, മെന്നാല്‍ നിനക്കെടോ!
വിഘ്നം വരാതെ കഴിഞ്ഞുകൂടുന്നാകി-
ലഗ്നികുണ്ഡത്തിങ്കല്‍നിന്നു പുറപ്പെടും
ബാണതൂണീര ചാപാശ്വ രഥാദികള്‍
വാനവരാലുമജയ്യന‍ാം പിന്നെ നീ
മന്ത്രം ഗ്രഹിച്ചുകൊള്‍കെന്നോടു സാദര-
മന്തരമെന്നിയേ ഹോമം കഴിക്ക നീ’
ശുക്രമുനിയോടു മൂലമന്ത്രം കേട്ടു
രക്ഷോഗണാധിപനാകിയ രാവണന്‍
പന്നഗലോകസമാനമായ് തീര്‍ത്തിതു
തന്നുടെ മന്ദിരം തന്നില്‍ ഗുഹാതലം
ദിവ്യമ‍ാം ഹവ്യഗവ്യാദി ഹോമായ സ-
ദ്രവ്യങ്ങള്‍ തത്ര സമ്പാദിച്ചുകൊണ്ടവന്‍
ലങ്കാപുരദ്വാരമൊക്കെ ബന്ധിച്ചതില്‍
ശങ്കാവിഹീനമകംപുക്കു ശുദ്ധനായ്
ധ്യാനമുറപ്പിച്ചു തല്‍ഫലം പ്രാര്‍ത്ഥിച്ചു
മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാന്‍
വ്യോമമാര്‍ഗ്ഗത്തോളമുത്ഥിതമായൊരു
ഹോമധൂപം കണ്ടു രാവണസോദരന്‍
രാമചന്ദ്രന്നു കാട്ടിക്കൊടുത്തീടിനാന്‍
‘ഹോമം തുടങ്ങീ ദശാനനന്‍ മന്നവ!
ഹോമം കഴിഞ്ഞുകൂടീടുകിലെന്നുമേ
നാമവനോടു തോറ്റീടും മഹാരണേ
ഹോമം മുടക്കുവാനായയച്ചീടുക
സാമോദമാശു കപികുലവീരരെ’
ശ്രീരാമസുഗ്രീവശാസനം കൈക്കൊണ്ടു
മാരുതപുത്ര‍ാംഗദാദികളൊക്കവേ
നൂറുകോടിപ്പടയോടും മഹാമതി-
ലേറിക്കടന്നങ്ങു രാവണമന്ദിരം
പുക്കു പുരപാലകന്മാരെയും കൊന്നു-
മര്‍ക്കടവീരരൊരുമിച്ചനാകുലം
വാരണവാജിരഥങ്ങളേയും പൊടി-
ച്ചാരാഞ്ഞു തത്ര ദശാസ്യഹോമസ്ഥലം
വ്യാജാല്‍ സരമ നിജ കരസംജ്ഞയാ
സൂചിച്ചിതു ദശഗ്രീവഹോമസ്ഥലം
ഹോമഗുഹാദ്വാരബന്ധനപാഷാണ-
മാമയഹീനം പൊടിപെടുത്തംഗദന്‍
തത്രഗുഹയിലകമ്പുക്കനേരത്തു
നക്തഞ്ചരേന്ദ്രനെക്കാണായിതന്തികേ
മറ്റുള്ളവര്‍കളുമംഗദാനുജ്ഞയാ
തെറ്റെന്നുചെന്നു ഗുഹയിലിറങ്ങിനാര്‍
കണ്ണുമടച്ചുടന്‍ ധ്യാനിച്ചിരിക്കുമ-
പ്പുണ്യജനാധിപനെക്കണ്ടു വാനരര്‍
താഡിച്ചു താഡിച്ചു ഭൃത്യജനങ്ങളെ-
പ്പീഡിച്ചുകൊള്‍കയും സംഭാരസഞ്ചയം
കുണ്ഡത്തിലൊക്കെയൊരിക്കലേ ഹോമിച്ചു
ഖണ്ഡിച്ചിതു ലഘുമേഖലാജാലവും
രാവണന്‍ കയ്യിലിരുന്ന മഹാസ്രുവം
പാവനി ശ്രീഘ്രം പിടിച്ചു പറിച്ചുടന്‍
താഡനം ചെയ്താനതു കൊണ്ടു സത്വരം
ക്രീഡയാ വാനരശ്രേഷ്ഠന്‍ മഹാബലന്‍
ദന്തങ്ങള്‍ കൊണ്ടും നഖങ്ങള്‍ കൊണ്ടും ദശ-
കന്ധരവിഗ്രഹം കീറിനാനേറ്റവും
ധ്യാനത്തിനേതുമിളക്കമുണ്ടായീല
മാനസേ രാവണനും ജയക‍ാംക്ഷയാ
മണ്ഡോദരിയെപ്പിടിച്ചു വലിച്ചു തന്‍-
മണ്ഡനമെല്ല‍ാം നുറുക്കിയിട്ടീടിനാന്‍
വിസ്രസ്തനീവിയായ് കഞ്ചുകഹീനയായ്
വിത്രസ്തയായ് വിലാപം തുടങ്ങീടിനാള്‍:
‘വാനരന്മാരുടെ തല്ലുകൊണ്ടീടുവാന്‍
ഞാനെന്തു ദുഷ്ക്രുതം ചെയ്തതു ദൈവമേ!
നാണം നിനക്കില്ലയോ രാക്ഷസേശ്വര?
മാനം ഭവാനോളമില്ല മറ്റാര്‍ക്കുമേ
നിന്നുടെ മുന്‍പിലിട്ടാശു കപിവര-
രെന്നെത്തലമുടിചുറ്റിപ്പിടിപെട്ടു
പാരിലിഴയ്ക്കുന്നതും കണ്ടിരിപ്പതു
പോരേ പരിഭവമോര്‍ക്കില്‍ ജളമതേ!
എന്തിനായ്ക്കൊണ്ടു നിന്‍ ധ്യാനവും ഹോമവു-
മന്തര്‍ഗ്ഗതമിനിയെന്തോന്നു ദുര്‍മതേ!
ജീവിതാശാ തേ ബലീയസീ മാനസേ
ഹാ! വിധിവൈഭവമെത്രയുമത്ഭുതം
അര്‍ദ്ധം പുരുഷനു ഭാര്യയല്ലോ ഭുവി;
ശത്രുക്കള്‍ വന്നവളെപ്പിടിച്ചെത്രയും
ബദ്ധപ്പെടുത്തുന്നതും കണ്ടിരിക്കയില്‍
മൃത്യുഭവിക്കുന്നതുത്തമമേവനും
നാണവും പത്നിയും വേണ്ടീലവന്നു തന്‍
പ്രാണഭയം കൊണ്ടു മൂഢന്‍ മഹാഖലന്‍’
ഭാര്യാവിലാപങ്ങള്‍ കേട്ടു ദശാനനന്‍
ധൈര്യമകന്നു തന്‍ വാളുമായ് സത്വരം
അംഗദന്‍ തന്നോടടുത്താനതു കണ്ടു
തുംഗശരീരികളായ കപികളും
രാത്രിഞ്ചരേശ്വരപത്നിയേയുമയ-
ച്ചാര്‍ത്തുവിളിച്ചു പുറത്തു പോന്നീടിനാര്‍
ഹോമശേഷം മുടക്കിവയമെന്നു രാ-
മാന്തികേ ചെന്നു കൈതൊഴുതീടിനാര്‍
മണ്ഡോദരിയോടനുസരിച്ചന്നേരം
പണ്ഡിതനായ ദശാസ്യനും ചൊല്ലിനാന്‍:
‘നാഥേ! ധരിക്ക ദൈവാധീനമൊക്കെയും
ജാതനായാല്‍ മരിക്കുന്നതിന്‍ മുന്നമേ
കല്‍പ്പിച്ചതെല്ലാമനുഭവിച്ചീടണ-
മിപ്പോളനുഭവമിത്തരം മാമകം
ജ്ഞാനമാശ്രിത്യ ശോകം കളഞ്ഞിടൂ നീ
ജ്ഞാനവിനാശനം ശോകമറിക നീ
അജ്ഞാനസംഭവം ശോകമാകുന്നതു-
മജ്ഞാനജാതമഹങ്കാരമായതും
നശ്വരമായ ശരീരാദികളിലേ
വിശ്വാസവും പുനരജ്ഞാനസംഭവം
ദേഹമൂലം പുത്രദാരാദിബന്ധവും
ദേഹിക്കു സംസാരവുമതു കാരണം
ശോകഭയക്രോധലോഭമോഹസ്പൃഹാ-
രാഗഹര്‍ഷാദി ജരമൃത്യുജന്മങ്ങള്‍
അജ്ഞാനജങ്ങളഖിലജന്തുക്കള്‍ക്കു-
മജ്ഞാനമെല്ലാമകലെക്കളക നീ
ജ്ഞാനസ്വരൂപനാ‍ത്മാ പരനദ്വയ-
നാനന്ദപൂര്‍ണ്ണസ്വരൂപനലേപകന്‍
ഒന്നിനോടില്ല സംയോഗമതിന്നു മ-
റ്റൊന്നിനോടില്ല വിയോഗമൊരിക്കലും
ആത്മാനമിങ്ങനെ കണ്ടു തെളിഞ്ഞുട-
നാത്മനി ശോകം കളക നീ വല്ലഭേ!
ഞാനിനി ശ്രീരാമലക്ഷ്മണന്മാരെയും
വാനരന്മാരെയും കൊന്നു വന്നീടുവന്‍
അല്ലായ്കിലോ രാമസായകമേറ്റു കൈ-
വല്യവും പ്രാപിപ്പനില്ലൊരു സംശയം
എന്നെ രാമന്‍ കൊല ചെയ്യുകില്‍ സീതയെ-
ക്കൊന്നു കളഞ്ഞുടനെന്നോടുകൂടവേ
പാവകന്തങ്കല്‍ പതിച്ചു മരിക്ക നീ
ഭാവനയോടുമെന്നാല്‍ ഗതിയും വരും’
വ്യഗ്രിച്ചതുകേട്ടു മണ്ടോദരിയും ദ-
ശഗ്രീവനോടുപറഞ്ഞാളതുനേരം
‘രാഘവനെജ്ജയിപ്പാനരുതാര്‍ക്കുമേ
ലോകത്രയത്തിങ്കലെന്നു ധരിക്ക നീ
സാക്ഷാല്‍ പ്രധാനപുരുഷോത്തമനായ
മോക്ഷദന്‍ നാരായണന്‍ രാമനായതും
ദേവന്‍ മകരാവതാരമനുഷ്ഠിച്ചു
വൈവസ്വതമനു തന്നെ രക്ഷിച്ചതും
രാജീവലോചനന്‍ മുന്നമൊരു ലക്ഷ-
യോജന വിസ്ത്രുതമായൊരു കൂര്‍മ്മമായ്
ക്ഷീരസമുദ്രമഥനകാലേ പുരാ
ഘോരമ‍ാം മന്ഥരം പൃഷ്ഠേ ധരിച്ചതും
പന്നിയായ് മുന്നം ഹിരണ്യാക്ഷനെക്കൊന്നു
മന്നിടം തേറ്റമേല്‍ വച്ചു പൊങ്ങിച്ചതും
ഘോരനായോരു ഹിരണ്യകശിപുതന്‍
മാറിടം കൈനഖം കൊണ്ടു പിളര്‍ന്നതും
മൂന്നടി മണ്ണു ബലിയോടു യാചിച്ചു
മൂലോകവും മൂന്നടിയായളന്നതും
ക്ഷത്രിയരായ് പിറന്നോരസുരന്മാരെ
യുദ്ധേ വധിപ്പതിനായ് ജമദഗ്നിതന്‍
പുത്രനായ് രാമനാമത്തെ ധരിച്ചതും
പൃത്ഥ്വീപതിയായ രാമനിവന്‍ തന്നെ
മാര്‍ത്താണ്ഡവംശേ ദശരഥപുത്രനായ്
ധാത്രീസുതാവരനാകിയ രാഘവന്‍
നിന്നെ വധിപ്പാന്‍ മനുഷ്യനായ് ഭൂതലേ
വന്നുപിറന്നതുമെന്നു ധരിയ്ക്ക നീ
പുത്രവിനാശം വരുത്തുവാനും തവ
മൃത്യു ഭവിപ്പാനുമായ് നീയവനുടെ
വല്ലഭയെക്കട്ടുകൊണ്ടുപോന്നു വൃഥാ
നിര്‍ല്ജ്ജനാകയാല്‍ മൂഢ! ജളപ്രഭോ!
വൈദേഹിയെക്കൊടുത്തീടുക രാമനു
സോദരനായ്ക്കൊണ്ടുരാജ്യവും നല്‍കുക
രാമന്‍ കരുണാകരന്‍ പുനരെത്രയും
നാമിനിക്കാനനം വാഴ്ക തപസ്സിനായ്’
മണ്ഡോദരീവാക്കു കേട്ടൊരു രാവണന്‍
ചണ്ഡപരാക്രമന്‍ ചൊന്നാനതു നേരം:
പുത്രമിത്രാമാത്യസോദരന്മാരെയും
മൃത്യുവരുത്തി ഞാനേകനായ് കാനനേ
ജീവിച്ചിരിക്കുന്നതും ഭംഗിയല്ലെടോ
ഭാവിച്ചവണ്ണം ഭവിക്കയില്ലൊന്നുമേ
രാഘവന്‍ തന്നോടെതിര്‍ത്തു യുദ്ധം ചെയ്തു
വൈകുണ്ഠരാജ്യമനുഭവിച്ചീടുവന്‍’

കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. 

കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News