Ramayana Masam 2021: രാമായണം ഇരുപത്തിയഞ്ചാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. 

Written by - Ajitha Kumari | Last Updated : Aug 10, 2021, 01:44 PM IST
  • കർക്കിടകം ഇരുപത്തിയഞ്ചാം ദിനം
  • ഇന്നേ ദിവസം പാരായണം ചെയ്യേണ്ട ഭാഗങ്ങൾ
Ramayana Masam 2021: രാമായണം ഇരുപത്തിയഞ്ചാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. 

ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍.

Also Read: ആഗസ്റ്റ് മാസത്തിൽ ഈ 5 രാശിക്കാരുടെ വീടുകളിൽ സന്തോഷം പറന്നെത്തും, അറിയാം നിങ്ങൾ എത്ര ഭാഗ്യവാനാണെന്ന്

ഇരുപത്തിയഞ്ചാം ദിനമായ ഇന്ന് ഏത് ഭാഗമാണ് രാമായണത്തിൽ വായിക്കേണ്ടത് എന്ന് നോക്കാം..  

രാവണശുകസംവാദം

പംക്തിമുഖനുമവനോടു ചോദിച്ചാ-
‘നെന്തു നീവൈകുവാന്‍ കാരണം ചൊല്‍കെടൊ!
വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി-
മാനവിരോധം വരുത്തിയതാരൊ? തവ
ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം
മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ.’
രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകന്‍ പര-
മാര്‍ത്ഥം ദശാനനനോടൂ ചൊല്ലീടിനാ‍ന്‍:
‘രാക്ഷസരാജപ്രവര! ജയ ജയ!
മോക്ഷോപദേശമാര്‍ഗേണ ചൊല്ലീടുവന്‍.
സിന്ധുതന്നുത്തരതീരോപരി ചെന്നൊ-
രന്തരമെന്നിയേ ഞാന്‍ തവ വാക്യങ്ങള്‍
ചൊന്നനേരത്തവരെന്നെപ്പിടിച്ചുടന്‍
കൊന്നുകളവാന്‍ തുടങ്ങും ദശാന്തരെ
‘രാമരാമപ്രഭോ! പാഹി പാഹീ’ തി ഞാ-
നാമയം പൂണ്ടു കരഞ്ഞ നാദം കേട്ടു
ദൂതനെവദ്ധ്യനയപ്പിനയപ്പിനെ-
ന്നാദരവോടരുള്‍ ചെയ്തു ദയാപരന്‍.
വാനരന്മാരുമയച്ചാരതുകൊണ്ടു
ഞാനും ഭയം തീര്‍ന്നു നീളേ നടന്നുടന്‍
വാനര സൈന്യമെല്ല‍ാം കണ്ടുപോന്നിതു
മാനവവീരനനുജ്ഞയാ സാദരം.
പിന്നെ രഘുത്തമനെന്നോടു ചൊല്ലിനാന്‍:
‘ചെന്നു രാവണന്‍ തന്നോടു ചൊല്ലൂക
സീതയെ നല്‍കിടുകൊന്നുകി,ലല്ലായ്കി-
ലേതുമേ വൈകാതെ യുദ്ധം തുടങ്ങുക.
രണ്ടിലുമൊന്നുഴറിച്ചെയ്തു കൊള്ളണം
രണ്ടും കണക്കെനിക്കെന്നു പറയണം.
എന്തുബലം കൊണ്ടു സീതയെ കട്ടു കൊ-
ണ്ടന്ധനായ് പ്പോയിവന്നിരുന്നുകൊണ്ടു ഭവാന്‍
പോരുമതിനു ബലമെങ്കിലെന്നോടു
പോരിനായ്ക്കൊണ്ട് പുറപ്പെടുകാശുനീ.
ലങ്കാപുരവും നിശാചര സേനയും
ശങ്കാവിഹീനം ശരങ്ങളെക്കൊണ്ടു ഞാന്‍
ഒക്കെപ്പൊടിപെടുത്തെന്നുള്ളില്‍ വന്നിങ്ങു
പുക്കൊരുദോഷവുമാശു തീര്‍ത്തീടുവന്‍.
നക്തഞ്ചരകുലസ്രേഷ്ഠന്‍ ഭവാനൊരു
ശക്തനെന്നാകില്‍ പുറപ്പെടുകാശു നീ.’
എന്നരുളിച്ചെയ്തിരുന്നരുളീടിനാന്‍
നിന്നുടെ സോദരന്‍ തന്നോടു കൂടവേ,
സുഗ്രീവല്‍ക്ഷ്മണന്‍ മാരോടുമൊന്നിച്ചു
നിഗ്രഹിപ്പാനായ് ഭവന്തം രണാങ്കണേ.
കണ്ടുകൊണ്ടാലുമസംഖ്യം ബലം ദശ-
കണ്ഠപ്രഭോ!കപിപുംഗപാലിതം.
പര്‍വതസന്നിഭന്മാരായവാനര-
രുര്‍വികുലുങ്ങവെ ഗര്‍ജ്ജനവും ചെയ്തു
സര്‍വലോകങ്ങളും ഭസ്മമാക്കീടുവാന്‍
ഗര്‍വം കലര്‍ന്നു നില്‍ക്കുന്നിതു നിര്‍ഭയം
സംഖ്യയുമാര്‍ക്കും ഗണിക്കാവതില്ലിഹ
സംഖ്യാവതംവരനായ കുമാരനും
ഹുങ്കാരമാകിയ വാനരസേനയില്‍
സംഘപ്രധാനന്മാരെ കേട്ടു കൊള്ളുക
ലങ്കാപുരത്തെയും നോക്കി നോക്കി ദ്രുതം
ശങ്കാവിഹീനമലറിനില്‍ക്കുന്നവര്‍
നൂറായിരം പടയോടും രിപുക്കളെ
നീറാക്കുവാനുഴറ്റോടെ വാല്‍ പൊങ്ങിച്ചു
കാലനും പേടിച്ചു മണ്ടുമവനോടൂ
നീലന‍ാം സേനാപതി വഹ്നി നന്ദനന്‍.
അംഗദനാകുമിളയരാജാവതി-
നങ്ങേതു പത്മകിഞ്ജല്‍ക്കസമപ്രഭന്‍
വാല്‍കൊണ്ടുഭൂമിയില്‍ തച്ചുതച്ചങ്ങനെ
ബാലിതന്‍ നന്ദന ദ്രിശൃംഗോപമന്‍
തല്പാര്‍ശ്വസീമ്നിനില്‍ക്കുന്നതു വാതജന്‍
ത്വല്പുത്രഘാതകന്‍ രാമചന്ദ്രപ്രിയന്‍
സുഗ്രീവനോടു പറഞ്ഞു നില്‍ക്കുന്നവ-
നുഗ്രഹന‍ാം ശ്വേതന്‍ രജതസമപ്രഭന്‍
രംഭനെങ്ങേതവന്‍ മുമ്പില്‍ നില്‍ക്കുന്നവന്‍
വമ്പനായൂള്ള ശരഭന്‍ മഹബലന്‍.
മൈന്ദനങ്ങേതവന്‍ തമ്പി വിവിദനും
വൃന്ദാരകവൈദ്യനന്ദനന്മാരല്ലൊ.
സേതുകര്‍ത്താവ‍ാം നളനതിനങ്ങേതു
ബോധമേറും വിശ്വകര്‍മ്മാവുതന്‍ മകന്‍
താരന്‍ പനസന്‍ കുമുദന്‍ വിനതനും
വീരന്‍ വൃഷഭന്‍ വികടന്‍ വിശാലനും
മാരുതി തന്‍പിതാ‍വാകിയ കേസരി
ശൂരനായീടും പ്രമാഥി ശതബലി
സാരന‍ാം ജ‍ാംബവാനും വേഗദര്‍ശിയും
വീരന്‍ ഗജനും ഗവയന്‍ ഗവാക്ഷനും
ശൂരന്‍ ദധിമുഖന്‍ ജ്യോതിര്‍മ്മുഖനതി-
ഘോരന്‍ സുമുഖനും ദുര്‍മ്മുഖന്‍ ഗോമുഖന്‍,
ഇത്യാതി വാനര നായകന്മാരെ ഞാന്‍
പ്രത്യേകമെങ്ങനെ ചൊല്ലുന്നതും പ്രഭോ!
ഇത്തരം വാനരനായകന്മാരറു-
പത്തേഴുകോടിയുണ്ടുള്ളതറിഞ്ഞാലും
ഉള്ളം തെളിഞ്ഞു പോര്‍ക്കായിരുപത്തൊന്നു
വെള്ളം പടയുമുണ്ടുള്ളതവര്‍ക്കെല്ല‍ാം
ദേവാരികളെയൊടുക്കുവാനായ് വന്ന
ദേവ‍ാംശസംഭവന്മാരിവരേവരും,
ശ്രീരാമദേവനും മാനുഷനല്ലാദി-
നാരായണന‍ാം പരന്‍ പുരുഷോത്തമന്‍.
സീതയാകുന്നതു യോഗമായാദേവി
സോദരന്‍ ലക്ഷ്മണനായതനന്തനും
ലോകമാതവും പിതാവും ജനകജാ-
രാഘവന്മാരെന്നറിക വഴിപോലെ.
വൈരമവരോടു സംഭവിച്ചീടുവാന്‍
കാരണമെന്തെന്നോര്‍ക്ക നീ മാനസേ.
പഞ്ചഭൂതാത്മകമായ ശരീരവും
പഞ്ചത്വമാശു ഭവിക്കുമെല്ലാവനും
പഞ്ചപഞ്ചാത്മകതത്ത്വങ്ങളേക്കൊണ്ടു
സഞ്ചിതം പുണ്യപാപങ്ങളാല്‍ ബദ്ധമായ്
ത്വങ്മ‍ാംസമേദോസ്ഥിമൂത്രമലങ്ങളാല്‍
സമ്മേളൈതമതിദുര്‍ഗ്ഗന്ധമെത്രയും
ഞാനെന്നഭാവമതിങ്കലുണ്ടായ് വരും
ജ്ഞാനമില്ലാത്തജനങ്ങള്‍ക്കതോര്‍ക്ക നീ.
ഹന്ത ജഡാത്മകമാ‍യ കായത്തിങ്ക-
ലെന്തൊരാസ്ഥാ ഭവിക്കുന്നതും ധീമത‍ാം
യാതൊന്നുമൂലമ‍ാം ബ്രഹ്മഹത്യാദിയ‍ാം
പാതകകൌഘങ്ങള്‍ കൃതങ്ങളാകുന്നതും
ഭോഗഭോക്താവായ ദേഹം ക്ഷണം കൊണ്ടു
രോഗാദിമൂലമായ് സമ്പതിക്കും ദൃഢം.
പുണ്യപാപങ്ങളോടും ചേര്‍ന്നു ജീവനും
വന്നു കൂടുന്നു സുഖദു:ഖബന്ധനം.

Also Read: Niraputhari 2021: ശബരിമലയിൽ നിറപുത്തരി ആഗസ്റ്റ് 16-ന്,ഭക്തർക്ക് നെൽക്കതിരുകൾ കൊണ്ടുവരാൻ അനുവാദമില്ല

ദേഹത്തെ ഞാനെന്നു കല്പിച്ചു കര്‍മ്മങ്ങള്‍
മോഹത്തിനാലവശത്വേന ചെയ്യുന്നു
ജന്മമരണങ്ങളുമതുമൂലമായ്
സമ്മോഹിത്നമാര്‍ക്കു വന്നു ഭവിക്കുന്നു
ശോകജരാമരണാദികള്‍ നീക്കുവാ-
നാകയാല്‍ ദേഹാഭിമാനം കളക നീ.
ആത്മാവു നിര്‍മ്മലനവ്യയനദ്വയ-
മാത്മാനമാത്മനാ കണ്ടു തെളിക നീ.
ആത്മാവിനെ സ്മരിച്ചീടുക സന്തത-
മാത്മനി തന്നെ ലയിക്ക നീ കേവലം
പുത്രദാരാര്‍ത്ഥഗൃഹാദിവസ്തുക്കളില്‍
സക്തികളഞ്ഞു വിരക്തനായ് വാഴുക.
സൂകരാശ്വാദി ദേഹങ്ങളിലാകിലും
ഭോഗം നരകാദികളിലുമുണ്ടല്ലൊ.
ദേഹം വിവേകാഢ്യമായതും പ്രാപിച്ചി-
താഹന്ത! പിന്നെ ദ്വിജത്വവും വന്നിതു.
കര്‍മ്മഭൂവാമത്ര ഭാരതഖണ്ഡത്തില്‍
നിര്‍മ്മലം ബ്രഹ്മജന്മം ഭവിച്ചീടിനാല്‍
പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം
ധന്യനായുള്ളവനോര്‍ക്കമഹാമതെ!
പൌലസ്ത്യപുത്രന‍ാം ബ്രാഹ്മണാഢ്യന്‍ ഭവാന്‍
ത്രൈലോക്യസമ്മതന്‍ ഘോരതപോധനന്‍
എന്നിരിക്കെ പുനരജ്ഞാനിയെപ്പോലെ
പിന്നെയും ഭോഗാഭിലാഷമെന്തിങ്ങനെ?
ഇന്നുതുടങ്ങി സമസ്ത സംഗങ്ങളും
നന്നായ് പരിത്യജിച്ചീടുക മാനസേ
രാമനെത്തന്നെ സമാശ്രയിച്ചീടുക
രാമനാകുന്നതാത്മപരനദ്വയന്‍.
സീതയെ രാമനുകൊണ്ടക്കൊടുത്തു തല്‍-
പാദപത്മാനിചരനായ് ഭവിക്ക നീ.
സര്‍വ്വപാപങ്ങളില്‍ നിന്നു വിമുക്തനായ്
ദിവ്യമ‍ാംവിഷ്ണുലോകം ഗമിക്കായ് വരും
അല്ലായ്കിലാശു കീഴ്പോട്ടു കീഴ്പോട്ടു പോയ്-
ച്ചെല്ലും നരകത്തിലില്ലൊരു സംശയം
നല്ലതത്രെ ഞാന്‍ നിനക്കു പറഞ്ഞതു
നല്ലജനത്തോടൂ ചോദിച്ചു കൊള്‍കെടോ.
രാമരാമേതി രാമേതി ജപിച്ചുകൊ-
ണ്ടാമയം വേറിട്ടു സാധിക്ക മോക്ഷവും
സത്സംഗമത്തോടു രാമചന്ദ്രം ഭക്ത-
വത്സലം ലോകശരണ്യം ശരണദം
ദേവം മരതകകാന്തികാന്തം രമാ-
സേവിതം ചാപബാണായുധം രാ‍ഘവം
സുഗ്രീവസേവിതം ലക്ഷ്മണസംയുതം
രക്ഷാനിപുണം വിഭീഷണസേവിതം
ഭക്ത്യാനിരന്തരം ധ്യാനിച്ചു കൊള്‍കിലോ
മുക്തിവന്നീടുമതിനില്ല സംശയം.’
ഇത്ഥം ശുകവാകയമജ്ഞാനനാശനം
ശ്രുത്വാ ദശാസ്യനും ക്രോധതാമ്രാക്ഷനായ്
ദഗ്ദ്ധനായ്പ്പോകും ശൂകനെന്നു തോന്നുമാ-
റാത്യന്തരോഷേണ നോക്കിയുരചെയ്താന്‍:
‘ഭൃത്യനായുള്ള നീയാചാര്യനെപ്പോലെ
നിസ്ത്രപം ശിക്ഷചൊല്‍വാനെന്തു കാരണം?
പണ്ടുനീചെയ്തൊരുപകാരമോര്‍ക്കയാ-
ലുണ്ടു കാരുണ്യമെനിക്കതു കൊണ്ടു ഞാന്‍
ഇന്നു കൊല്ലുന്നതില്ല്ലെന്നു കല്പിച്ചിതെന്‍
മുന്നില്‍ നിന്നാശു മറയത്തു പോക നീ
കേട്ടാല്‍ പൊറുക്കരുതതൊരു വാക്കുകള്‍
കേട്ടു പൊറുപ്പാന്‍ ക്ഷമയുമെനിക്കില്ല.
എന്നുടെ മുന്നില്‍ നീ കാല്‍ക്ഷണം നില്‍ക്കിലോ
വന്നു കൂടും മരണം നിനക്കിന്നുമേ.’
എന്നതു കേട്ടു പേടിച്ചു വിറച്ചവന്‍
ചെന്നു തന്മന്ദിരം പുക്കിരിന്നീടിനാന്‍.

ശുകന്റെ പൂര്‍വ്വവൃത്താന്തം

ബ്രാഹ്മണശ്രേഷ്ഠന്‍ പുരാ ശുകന്‍ നിര്‍മ്മലന്‍
ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം
കാനനത്തിങ്കല്‍ വാനപ്രസ്ഥനായ് മഹാ
ജ്ഞാനികളില്‍ പ്രധാനിത്യവും കൈക്കോണ്ടു
ദേവകള്‍ക്കഭ്യുതയാര്‍ത്ഥമായ് നിത്യവും
ദേവാരികള്‍ക്കു വിനാശത്തിനായ്ക്കൊണ്ടും
യാഗാദികര്‍മ്മങ്ങള്‍ ചെയ്തുമേവീടിനാന്‍,
യോഗം ധാരിച്ചു പരബ്രഹ്മ നിഷ്ഠയാ.
വൃന്ദാരകാഭ്യുദയാര്‍ത്ഥിയായ് രാക്ഷസ-
നിന്ദാപരനായ് മരുവും ദശാന്തരെ
നിര്‍ജ്ജരവൈരികുലശ്രേഷ്ഠനാകിയ
വജ്രദംഷ്ടന്‍ മഹാദുഷ്ടനിശാചരന്‍
എന്തോന്നു നല്ലു ശുകാപകാരത്തിനെ-
ന്നന്തരവും പാര്‍ത്തു പാര്‍ത്തിരിക്കും വിധൌ.
കുംഭോത്ഭവനാമഗസ്ത്യന്‍ ശൂകാശ്രമേ
സമ്പ്രാപ്തനായാനൊരു ദിവസം ബലാല്‍
സംപൂജിതനാമഗസ്ത്യതപോധനന്‍
സംഭോജനാര്‍ത്ഥം നിയന്ത്രിതനാകയാല്‍
സ്നാതും ഗതേ മുനൌ കുംഭോത്ഭവ തദാ
യാതുധാനാധിപന്‍ വജ്രദംഷ്ട്രാസുരന്‍
ചെന്നാനഗസ്ത്യരൂപം ധരിച്ചന്തരാ
ചൊന്നാന്‍ ശുകനോടു മന്ദഹാസാന്വിതം,
‘ഒട്ടുനാളുണ്ടു മ‍ാംസംകൂട്ടിയുണ്ടിട്ടു
മൃഷ്ടമായുണ്ണേണമിന്നു നമൂക്കെടൊ!
ഛാഗമ‍ാംസം വേണമല്ലൊ കറി മമ
ത്യാഗിയല്ലൊ ഭവാന്‍ ബ്രാഹ്മണസത്തമന്‍.’
എന്നളവേ ശൂകന്‍ പത്നിയോടും തഥാ
ചൊന്നാനതങ്ങനെയെന്നവളും ചൊന്നാള്‍.
മദ്ധ്യേശുകപത്നിവേഷം ധരിച്ചവന്‍
ചിത്തമോഹം വളര്‍ത്തീടിനാന്‍ മായയാ.
മര്‍ത്ത്യമ‍ാംസം വിളമ്പിക്കൊടുത്തമ്പോടു
തത്രൈവ വജ്രദംഷ്ട്രന്‍ മറഞ്ഞീടിനാന്‍
മര്‍ത്ത്യമ‍ാംസംകണ്ടു മൈത്രാവരുണിയും
ക്രുദ്ധനായ് ക്ഷിപ്രംശുകനെശ്ശപിച്ചതു:
‘മര്‍ത്തരെബ്ഭക്ഷിച്ചു രാക്ഷസനായിനി
പൃത്ഥിയില്‍ വാഴുക മത്തപോവൈഭവാല്‍.’
ഇത്ഥം ശപിച്ചിതു കേട്ടു ശുകന്‍ താനു-
‘മെത്രയും ചിത്രമിതെന്തൊരു കാരണം;
മ‍ാംസോത്തരം ഭുജിക്കേണമിനിക്കെന്നു
ശാസനചെയ്തതും മറ്റാരുമല്ലല്ലൊ
പിന്നെയതിനു കോപിച്ചുശപിച്ചതു-
മെന്നുടെ ദുഷ്കര്‍മ്മമെന്നേ പറയാവൂ.’
‘ചൊല്ലുചൊല്ലെന്തു പറഞ്ഞതു നീ സഖേ!
നല്ല വൃത്താന്തമിതെന്നോടു ചൊല്ലണം!’
എന്നതു കേട്ടു ശുകനുമഗസ്ത്യനോ-
ടന്നേരമാശു സത്യം പറഞ്ഞീടിനാന്‍:
‘മജ്ജനത്തിന്നെഴുന്നെള്ളിയ ശേഷമി-
തിജ്ജനത്തോടും വീണ്ടും വന്നരുള്‍ ചെയ്തു
വ്യഞ്ജനം മ‍ാംസസമന്വിതം വേണമെ-
ന്നഞ്ജസാ ഞാനതു കേട്ടിതു ചെയ്തതും
ഇത്ഥം ശുകോക്തികള്‍ കേട്ടൊരഗസ്ത്യനും
ചിത്തേ മുഹൂര്‍ത്തം വിചാരിച്ചരുളിനാന്‍.
വൃത്താന്തമുള്‍ക്കാമ്പുകൊണ്ടു കണ്ടോരള-
വുള്‍ത്താപമോടരുള്‍ ചെയ്താനഗസ്ത്യനും:
‘വഞ്ചിതന്മാരായ് വയം ബത! യാമിനീ-
സഞ്ചാരികളിതു ചെയ്തതു നിര്‍ണയം.
ഞാനുമതിമൂഢനായ്ച്ചമഞ്ഞേന്‍ ബലാ-
ലൂനം വരാ വിധിതന്മതമെന്നുമേ
മിഥ്യയായ് വന്നുകൂടാമമ ഭാഷിതം
സത്യപ്രധാനനല്ലോ നീയുമാകയാല്‍.
നല്ലതു വന്നു കൂടും മേലില്‍ നിര്‍ണ്ണയം
കല്യാണമായ് ശാപമോക്ഷവും നല്കൂവന്‍.
ശ്രീരാമപത്നിയെ രാവണന്‍ കൊണ്ടുപോ-
യാരാമസീമനി വച്ചു കൊള്ളും ദൃഢം.
രാവണഭൃത്യനായ് നീയും വരും ചിരം
കേവലം നീയവനിഷ്ടനായും വരും
രാഘവന്‍ വാനരസേനയുമായ് ചെന്നൊ-
രാകുലമെന്നിയേ ലങ്കാപുരാന്തികേ
നാലുപുറവും വളഞ്ഞിരിക്കുന്നൊരു-
കാലമവസ്ഥയറിഞ്ഞു വന്നീടുവാന്‍
നിന്നെയയക്കും ദശാനനനന്നു നീ
ചെന്നു വണങ്ങുക രാ‍മനെസ്സാദരം
പിന്നെ വിശേഷങ്ങളൊന്നിഴിയാതെ പോയ്-
ച്ചെന്നു ദശമുഖന്‍ തന്നോടൂ ചൊല്ലുക
രാവണനാത്മതത്ത്വോപദേശം ചെയ്തു
ദേവപ്രിയനായ് വരും പുനരാശു നീ.
രാക്ഷസഭാവമശേഷമുപേക്ഷിച്ചു
സാക്ഷാല്‍ ദ്വിജത്വവും വന്നുകൂടും ദൃഢം.’
ഇത്ഥമനുഗ്രഹിച്ചു കലശോത്ഭവന്‍
സത്യം തപോധനവാക്യം മനോഹരം.

മാല്യവാന്റെ വാക്യം
ചാരനായോരു ശുകന്‍ പോയനന്തരം

ഘോരന‍ാം രാവണന്‍ വാഴുന്ന മന്ദിരേ

വന്നിതു രാവണമാതാവുതന്‍ പിതാ-

ഖിന്നനായ് രാവണനെക്കണ്ടു ചൊല്ലുവാന്‍

സല്‍ക്കാരവും കുശലപ്രശ്നവും ചെയ്തു

രക്ഷോവരനുമിരുത്തി യഥോചിതം

കൈകസീതാതന്‍ മതിമാന്‍ വിനീതിമാന്‍

കൈകസീനന്ദനന്‍ തന്നോടു ചൊല്ലീടിനാന്‍

“ചൊല്ലുവന്‍ ഞാന്‍ തവ നല്ലതു പിന്നെ നീ-

യെല്ല‍ാം നിനക്കൊത്തപോലെയനുഷ്ഠിക്ക

ദുര്‍ന്നിമിത്തങ്ങളീ ജാനകി ലങ്കയില്‍

വന്നതില്‍പ്പിന്നെപ്പലതുണ്ടു കാണുന്നു

കണ്ടീലയോ നാശഹേതുക്കളായ് ദശ-

കണ്ഠപ്രഭോ? നീ നിരൂപിക്ക മാന്‍സേ

ദാരുണമായിടി വെട്ടുന്നിതന്വഹം

ചോരയും പെയ്യുന്നിതുഷ്ണമായെത്രയും

ദേവലിംഗങ്ങളിളകി വിയര്‍ക്കുന്നു

ദേവിയ‍ാം കാളിയും ഘോരദംഷ്ട്രാന്വിതം

നോക്കുന്ന ദിക്കില്‍ ചിരിച്ചു കാണാകുന്നു

ഗോക്കളില്‍ നിന്നു ഖരങ്ങള്‍ ജനിക്കുന്നു

മൂഷികന്‍ മാര്‍ജ്ജാരനോടു പിണങ്ങുന്നു

രോഷാല്‍ നകുലങ്ങളോടുമവ്വണ്ണമേ

പന്നഗജാലം ഗരുഡനോടും തഥാ

നിന്നെതിര്‍ത്തീടാന്‍ തുടങ്ങുന്നു നിശ്ചയം

മുണ്ഡനായേറ്റം കരാളവികടനായ്

വര്‍ണ്ണവും പിംഗലകൃഷ്ണമായ് സന്തതം

കാലനെയുണ്ടു കാണുന്നിതെല്ലാടവും

കാലമാപത്തിനുള്ളോന്നിതു നിര്‍ണ്ണയം

ഇത്തരം ദുര്‍ന്നിമിത്തങ്ങളുണ്ടായതി-

നത്രൈവ ശാന്തിയെച്ചെയ്തു കൊള്ളേണമേ

വംശത്തെ രക്ഷിച്ചുകൊള്ളുവാനേതുമേ

സംശയമെന്നിയേ സീതയെക്കൊണ്ടുപോയ്

രാമപാദേ വച്ചു വന്ദിക്ക വൈകാതെ

രാമനാകുന്നതു വിഷ്ണു നാരായണന്‍

വിദ്വേഷമെല്ല‍ാം ത്യജിച്ചു ഭജിച്ചുകൊള്‍-

കദ്വയന‍ാം പരമാത്മാനമവ്യയം

ശ്രീരാമപാദപോതം കൊണ്ടു സംസാര-

വാരാന്നിധിയെക്കടക്കുന്നു യോഗികള്‍

ഭക്തികൊണ്ടന്തഃകരണവും ശുദ്ധമായ്

മുക്തിയെ ജ്ഞാനികള്‍ സിദ്ധിച്ചു കൊള്ളുന്നു

ദുക്ഷ്ടന‍ാം നീയും വിശുദ്ധന‍ാം ഭക്തികൊ-

ണ്ടൊട്ടുമേ കാലം കളയാതെ കണ്ടു നീ

രാക്ഷസവംശത്തെ രക്ഷിച്ചുകൊള്ളുക

സാക്ഷാല്‍ മുകുന്ദനെസ്സേവിച്ചു കൊള്ളുക

സത്യമത്രേ ഞാന്‍ പറഞ്ഞതു കേവലം

പഥ്യം നിനക്കിതു ചിന്തിക്ക മാനസേ”

സാന്ത്വനപൂര്‍വ്വം ദശമുഖന്‍ തന്നോടു

ശാന്തന‍ാം മാല്യവാന്‍ വംശരക്ഷാര്‍ത്ഥമായ്

ചൊന്നതുകേട്ടു പൊറാഞ്ഞു ദശമുഖന്‍

പിന്നെയമ്മാല്യവാന്‍ തന്നോടു ചൊല്ലിനാന്‍:

“മാനവനായ കൃപണന‍ാം രാമനെ

മാനസേ മാനിപ്പതിനെന്തു കാരണം?

മര്‍ക്കടാലംബനം നല്ല സാമര്‍ത്ഥ്യമെ-

ന്നുള്‍ക്കാമ്പിലോര്‍ക്കുന്നവന്‍ ജളനെത്രയും

രാമന്‍ നിയോഗിക്കയാല്‍ വന്നിതെന്നോടു

സാമപൂര്‍വ്വം പറഞ്ഞൂ ഭവാന്‍ നിര്‍ണ്ണയം

നേരത്തേ പോയാലുമിന്നി വേണ്ടുന്ന നാള്‍

ചാരത്തു ചൊല്ലിവിടുന്നുണ്ടു നിര്‍ണ്ണയം

വൃദ്ധന്‍ ഭവാനതിസ്നിഗ്ദ്ധന‍ാം മിത്രമി-

ത്യുക്തികള്‍ കേട്ടാന്‍ പൊറുത്തുകൂടാ ദൃഢം”

ഇഥം പറഞ്ഞമാത്യന്മാരുമായ് ദശ-

വക്ത്രനും പ്രാസാദമൂര്‍ദ്ധനി കരേറിനാന്‍

Also Read: മഹാദേവന് സിന്ദൂരം ഉൾപ്പെടെയുള്ള ഈ സാധനങ്ങൾ ഒരിക്കലും സമർപ്പിക്കരുത്, വലിയ സങ്കടങ്ങൾ ഉണ്ടായേക്കാം

യുദ്ധാരംഭം

വാനര സേനയും കണ്ടകമേബഹു-

മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ

യുദ്ധത്തിനായ് രജനീചരവീരരെ-

സ്സത്വരം തത്ര വരുത്തി വാഴും വിധൌ

രാവണനെക്കണ്ടു കോപിച്ചുരാഘവ-

ദേവനും സൌമിത്രിയോടു വില്‍ വാങ്ങിനാന്‍

പത്തുകിരീടവും കൈകളിരുപതും

വൃത്രനോടൊത്ത ശരീരവും ശൌര്യവും

പത്തു കിരീടങ്ങളും കുടയും നിമി-

ഷാര്‍ദ്ധേന ഖണ്ഡിച്ചനേരത്തു രാവണന്‍

നാണിച്ചു താഴെത്തിറങ്ങി ഭയം കൊണ്ടു

ബാണത്തെ നോക്കിച്ചരിച്ചീടിനാന്‍.

മുഖ്യപ്രഹസ്തപ്രമുഖപ്രവരന്മാ-

രൊക്കവേ വന്നു തൊഴുതോരനന്തരം

‘യുദ്ധമേറ്റീടുവിന്‍ കോട്ടയില്‍പ്പുക്കട-

ച്ചത്യന്തഭീത്യാ വസിക്കയില്ലത്ര ന‍ാം.’

ഭേരീമൃദംഗഢക്കാപണവാനാക-

ദാരുണ ഗോമുഖാ‍ദ്യങ്ങള്‍ വാദ്യങ്ങളും

വാരണാശ്വോഷ്ട്രഖരഹരി ശാര്‍ദ്ദൂല-

സൈരിഭസ്യന്ദനമുഖ്യയാനങ്ങളില്‍

ഖഡ്ഗശൂലേഷുചാപപ്രാസാതോമര-

മുല്‍ഗരയഷ്ടി ശക്തിച്ഛുരികാദികള്‍

ഹസ്തേ ധരിച്ചുകൊണ്ടസ്തഭീത്യാ ജവം

യുദ്ധസന്നദ്ധരായുദ്ധതബുദ്ധിയോ-

ടബ്ധികളദ്രികളുര്‍വ്വിയും തല്‍ക്ഷണ-

മുദ്ധൂതമായിതു സത്യലോകത്തോളം

വജ്രഹസ്താശയില്‍ പുക്കാന്‍ പ്രഹസ്തനും

വജ്രദംഷ്ട്രന്‍ തഥാ ദക്ഷിണദിക്കിലും

ദുശ്ച്യവനാരിയ‍ാം മേഘനാദന്‍ തദാ

പശ്ചിമഗോപുരദ്വാരി പുക്കീടിനാന്‍.

മിത്ര വര്‍ഗ്ഗാമാത്യഭൃത്യജനത്തൊടു-

മുത്തരദ്വാരി പുക്കാന്‍ ദശവക്ത്രനും

നീലനും സേനയും പൂര്‍വദിഗ്ഗോപുരേ

ബാലിതനയനും ദക്ഷിണഗോപുരേ

വായുതനയനും പശ്ചിമഗോപുരെ

മാ‍യാമനുഷ്യനാമാദിനാരായണന്‍

മിത്രതനയസൌമിത്രീവിഭീഷണ-

മിത്രസംയുക്തനായുത്തരദിക്കിലും

ഇത്ഥമുറപ്പിച്ചു രാഘവരാവണ-

യുദ്ധം പ്രവൃത്തമായ് വന്നു വിചിത്രമായ്.

ആയിരം കോടിമഹാകോടികളോടു-

മായിരമര്‍ബുദമായിരം ശംഖങ്ങള്‍

ആയിരം പുഷ്പങ്ങളായിരം കല്പങ്ങ-

ആയിരം ലക്ഷങ്ങളായിരം ദണ്ഡങ്ങള്‍

ആയിരം ധൂളികളായിരമായിരം

തോയാകരപ്രളയങ്ങളെന്നിങ്ങനെ

സംഖ്യകളോടു കലര്‍ന്ന കപിബലം

ലങ്കാപുരത്തെ വളഞ്ഞാലതിദ്രുതം.

പൊട്ടിച്ചടര്‍ത്ത പാഷാണങ്ങളേക്കൊണ്ടും

മുഷ്ടികള്‍കൊണ്ടും മുസലങ്ങളേക്കൊണ്ടും

ഉര്‍വ്വീരുഹം കൊണ്ടും ഉര്‍വ്വീധരം കൊണ്ടും

സര്‍വതോ ലങ്കാപുരം തകര്‍ത്തീടിനാര്‍.

കോട്ടമതിലും കിടങ്ങും തകര്‍ത്തൂടന്‍

കൂട്ടമിട്ടാര്‍ത്തുവിളിച്ചടുക്കുന്നേരം

വൃഷ്ടിപോലെ ശരജാലം പൊഴിക്കയും

വെട്ടുകൊണ്ടറ്റു പിളര്‍ന്നു കിടക്കയും

അസ്ത്രങ്ങള്‍ ശസ്ത്രങ്ങള്‍ ചക്രങ്ങള്‍ ശാക്തിക-

ളര്‍ദ്ധചന്ദ്രാകാരമായുള്ള പത്രികള്‍

ഖഡ്ഗങ്ങള്‍ ശൂലങ്ങള്‍ കുന്തങ്ങളീട്ടികള്‍

മുല്‍ഗരപംക്തികള്‍ ഭിണ്ഡിപാലങ്ങളും

തോമരദണ്ഡം മുസലങ്ങള്‍ മുഷ്ടികള്‍

ചാമീകരപ്രഭപൂണ്ട ശതഘ്നികള്‍

ഉഗ്രങ്ങളായ വജ്രങ്ങളിവ കൊണ്ടു

നിഗ്രഹിച്ചീടിനാര്‍ നക്തഞ്ചരേന്ദ്രരും.

ആര്‍ത്തി മുഴുത്തു ദശാസ്യനവസ്ഥകള്‍

പേര്‍ത്തുമറിവതിനായയച്ചീടിനാന്‍

ശാര്‍ദ്ദൂലനാദിയ‍ാം രാത്രിഞ്ചരന്മാരെ

രാത്രിയില്‍ ചെന്നാലവരും കപികളായ്.

മര്‍ക്കടെന്ദ്രന്മാരറിഞ്ഞു പിടിച്ചടി-

ച്ചുല്‍ക്കടരോഷേണ കൊല്‍വാന്‍ തുടങ്ങുമ്പോള്‍

ആര്‍ത്തനാദം കേട്ടുരാഘവനും കരു-

ണാര്‍ദ്രബുദ്ധ്യാ കൊടുത്താനഭയം ദ്രുതം.

ചെന്നവരും ശുകസാരണരെപ്പോലെ

ചൊന്നതു കേട്ടു വിഷാദേണ രാവണന്‍

മന്ത്രിച്ചുടന്‍ വിദ്യുജ്ജിഹ്വനുമായ് ദശ-

കന്ധരന്‍ മൈഥിലി വാഴുമിടം പുക്കാന്‍.

Also Read: Ramayana Masam 2021: രാമായണ പാരായണത്തിന് അനുഷ്ഠിക്കേണ്ട ചിട്ടകൾ അറിയാം

രാമശിരസ്സും ധനുസ്സുമിതെന്നുടന്‍

വാമാക്ഷിമുന്നിലാമ്മാറൂ വച്ചീടിനാന്‍

ആയോധനേ കൊന്നു കൊണ്ടുപോന്നേനെന്നു

മായയാ നിര്‍മ്മിച്ചു വച്ചതുകണ്ടപ്പോള്‍

സത്യമെന്നോര്‍ത്തു വിലാപിച്ചു മോഹിച്ചു

മുഗ്ദ്ധ‍ാംഗി വീണുകിടക്കും ദശാന്തരേ

വന്നൊരു ദൂതന്‍ വിരവൊടു രാവണന്‍-

തന്നേയും കൊണ്ടുപോന്നീടിനാനന്നേരം

വൈദേഹി തന്നോടു ചൊന്നാള്‍ സരമയും:

‘ഖേദമശേഷമകലെക്കളക നീ

എല്ല‍ാം ചതിയെന്നു തേറീടിതൊക്കവേ

നല്ലവണ്ണം വരും നാലുനാളുള്ളിലി-

ങ്ങില്ലൊരു സംശയം കല്ല്യാണദേവതേ!

വല്ലഭന്‍ കൊല്ലും ദശാസ്യനെ നിര്‍ണ്ണയം.’

ഇത്ഥം സരമാസരസവാക്യം കേട്ടു

ചിത്തം തെളിഞ്ഞിരുന്നീടിനാന്‍ സീതയും.

മംഗലദേവതാവല്ലഭാജ്ഞാവശാ-

ലംഗദന്‍ രാവണന്‍ തന്നോടൂ ചൊല്ലിനാന്‍:

‘ഒന്നുകില്‍ സീതയെ കൊണ്ടുവന്നെന്നുടെ

മുന്നിലാമ്മാറൂവച്ചീടുക വൈകാതെ.

യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി-

ലത്തല്‍ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും

രാക്ഷസസേനയും ലങ്കാനഗരവും

രാക്ഷസരാജന‍ാം നിന്നോടു കൂടവേ

സംഹരിച്ചീടുവാന്‍ ബാണമെയ്തെന്നുള്ള

സിംഹനാദം കേട്ടതില്ലയൊ രാവണ!

ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാന്‍?

നാണം നിനക്കേതുമില്ലയോ മാനസേ?’

ഇത്ഥമധിക്ഷേപവാക്കുകള്‍ കേട്ടതി-

ക്രുദ്ധനായോരു രാത്രീഞ്ചരവീരനും

വൃത്രാരിപുത്രതനയനെക്കൊള്‍കെന്നു

നക്തഞ്ചരാധിപന്മാരോടു ചൊല്ലിനാന്‍.

ചെന്നു പിടിച്ചാര്‍ നിശാചര വീരരും

കൊന്നു ചുഴറ്റിയെറിഞ്ഞാന്‍ കപീന്ദ്രനും

പിന്നെയപ്രാസാദവും തകര്‍ത്തീടിനാ-

നൊന്നു കുതിച്ചങ്ങുയര്‍ന്നു വേഗേന പോയ്

മന്നവന്‍ തന്നെത്തൊഴുതു വൃത്താന്തങ്ങ‌-

ളൊന്നൊഴിയാതെയുണര്‍ത്തിനാനംഗദന്‍

പിന്നെസ്സുഷേണന്‍ കുമുദന്‍ നളന്‍ ഗജന്‍

ധന്യന്‍ ഗവയന്‍ ഗവാക്ഷന്‍ മരുത്സുതന്‍

എന്നിവരാദിയ‍ാം വാനരവീരന്മാര്‍

ചെന്നു ചുഴന്നു കിടങ്ങും നിരത്തിനാര്‍.

കല്ലും മലയും മരവും ധരിച്ചാശു

നില്ലു നില്ലെന്നു പറഞ്ഞടുക്കുന്നേരം

ബാണചാപങ്ങളും വാളും പരിചയും

പ്രാണഭയം വരും വെണ്മഴു കുന്തവും

ദണ്ഡങ്ങളും മുസലങ്ങള്‍ ഗദകളും

ഭിണ്ഡിപാലങ്ങളും മുല്‍ഗരജാലവും

ചക്രങ്ങളും പരിഘങ്ങളുമീട്ടികള്‍

സുക്രചകങ്ങളും മറ്റുമിത്രാദികള്‍

ആയുദ്ധമെല്ലാമെടൂത്തു പിടിച്ചുകൊ-

ണ്ടായോധനത്തിന്നടുത്താരരക്കരും.

വാരണനാദവും വാജികള്‍ നാദവും

രാക്ഷസരാര്‍ക്കയും സിംഹനാദങ്ങളും

രൂക്ഷതയേറൂം കപികള്‍നിനാദവും

തിങ്ങി മുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവു-

മെങ്ങുമിടതൂര്‍ന്നു മാറ്റൊലിക്കൊണ്ടു തേ

ജംഭാരിമുമ്പ‍ാം നിലിമ്പരും കിന്നര-

കിം പുരുഷോരഗഗുഹ്യക സംഘവും

ഗര്‍ന്ധര്‍വ്വസിദ്ധവിദ്യാധരചാരണാ-

ദ്യരീക്ഷാന്തരേ സഞ്ചരിക്കും ജനം

നാരദാദികളായ മുനികളും

ഘോരമായുള്ള ദു:ഖം കണ്ടു കൊള്ളുവാന്‍

നാരികളോടൂം വിമാനയാനങ്ങളി-

ലരുഹ്യ പുഷ്കരാന്തേ നിറഞ്ഞീടിനാര്‍.

തുംഗനാമിന്ദ്രജിത്തേറ്റാനതുനേര-

മംഗദന്‍ തന്നോടതിന്നു കപീന്ദ്രനും

സുതനെക്കൊന്നു തേരും തകര്‍ത്താന്‍ മേഘ-

നാദനും മറ്റൊരു തേരിലേറീടിനാന്‍.

മാരുതി തന്നെ വേല്‍കൊണ്ടു ചാട്ടീടിനാന്‍

ധീരനാകും ജംബുമാലി നിശാചരന്‍

സാരഥി തന്നോടു കൂടവേ മാരുതി

തേരും തകര്‍ത്തവനെക്കൊന്നലറിനാന്‍.

മിത്രതനയന്‍ പ്രഹസ്തനോടേറ്റിതു

മിത്രാരിയോടു വിഭീക്ഷണവീരനും

നീലന്‍ നികുംഭനോടേറ്റാന്‍ തപനനെ-

കാ‍ലപുരത്തിന്നയച്ചാന്‍ മഹാഗജന്‍.

ലക്ഷ്മണനേറ്റാന്‍ വിരൂപാക്ഷനോടഥ

ലക്ഷ്മീപതിയ‍ാം രഘുത്തമന്‍ തന്നോടു

രക്ഷധ്വജാഗ്നിധ്വജാദികള്‍ പത്തുപേര്‍

തല്‍ക്ഷണേ പോര്‍ചെയ്തു പുക്കാര്‍ സുരാ‍ലയം.

വാനരന്മാര്‍ക്കു ജയം വന്നിതന്നേരം

ഭാനുവും വാരിധിതന്നില്‍ വീണീടിനാന്‍.

ഇന്ദ്രാത്മജാത്മജനോടേറ്റു തോറ്റു പോ-

യിന്ദ്രജിത്തംബരാന്തേ മറഞ്ഞീടിനാന്‍

നാഗസ്ത്രമെയ്തു മോഹിപ്പിച്ചിതു ബത

രാഘവന്മാരേയും വാനരന്മാരെയും

വന്ന കപികളെയും നരന്മാരെയു-

മൊന്നൊഴിയാതെ ജയിച്ചേനിതെന്നവന്‍

വെന്നിപ്പെരുമ്പറ കൊട്ടിച്ചു മേളീച്ചു

ചെന്നു ലങ്കാപുരം തന്നില്‍ മേവീടിനാന്‍.

താപസവൃന്ദവും ദേവസമൂഹവും

താപം കലര്‍ന്നു വിഭീഷണവീരനും

ഹാ! ഹാ! വിഷാദേന ദു:ഖവിഷണ്ണരായ്

മോഹിതന്മാരായ് മരുവും ദശാന്തരേ

സപ്തദീപങ്ങളും സപ്താര്‍ണ്ണവങ്ങളും

സപ്താചലങ്ങളുമുള്‍ക്ഷോഭമ‍ാം വണ്ണം

സപ്താശ്വകോടിതേജോമയനായ് സുവര്‍-

ണ്ണാദ്രിപോലേ പവനാശനനാശനന്‍

അബ്ധിതോയം ദ്വിധാ ഭിത്വാ സ്വപക്ഷയു-

ഗ്മോദ്ധൂതലോകത്രയത്തോടതിദ്രുതം

നാഗാരി രാമപാദം വണങ്ങീടിനാന്‍

നാഗാസ്ത്രബന്ധനം തീര്‍ന്നിതു തല്‍ക്ഷണേ.

ശാഖാ മൃഗങ്ങളുമസ്ത്രനിര്‍മ്മുക്തരായ്

ശോകവും തീര്‍ന്നു തെളിഞ്ഞു വിളങ്ങിനാര്‍

ഭക്തപ്രിയന്‍ മുദാപക്ഷിപ്രവരനെ

ബദ്ധസമ്മോദമനുഗ്രഹം നല്‍കിനാന്‍.

കൂപ്പിത്തൊഴുതനുവാദവും കൈക്കൊണ്ടു

മേല്‍പ്പോട്ടു പോയ് മറഞ്ഞീടിനാന്‍ താര്‍ക്ഷ്യനും

മുന്നേതിലും ബലവീര്യവേഗങ്ങള്‍ പൂ-

ണ്ടുന്നതന്മാര‍ാം കപിവരന്മാരെല്ല‍ാം

മന്നവന്‍ തന്‍ നിയോഗേന മരങ്ങളും

കുന്നും മലയുമെടുത്തെറിഞ്ഞീടിനാര്‍.

വന്നശത്രുക്കളെക്കൊന്നു മമാത്മജന്‍

മന്ദിരം പുക്കിരിക്കുന്നതില്‍ മുന്നമേ

വന്നാരവരുമിങ്ങെന്തൊരു വിസ്മയം

നന്നുനന്നെത്രയുമെന്നേ പറയാവൂ.

ചെന്നറിഞ്ഞീടുവിനെന്തൊരു ഘോഷമി’-

തെന്നു ദശാ‍നനന്‍ ചെന്നോരനന്തരം

ചെന്നു ദൂതന്മാരറിഞ്ഞു ദശാനനന്‍

തന്നോടു ചൊല്ലിനാര്‍ വൃത്താന്തമൊക്കവേ.

‘വീര്യബലവേഗവിക്രമം കൈക്കൊണ്ടു

സൂര്യാത്മജാദികളായ കപികുലം

ഹസ്തങ്ങള്‍തോറുമലാതവും കൈക്കൊണ്ടു

ഭിത്തിതന്നുത്തമ‍ാംഗത്തിന്മേല്‍ നിലുന്നോര്‍

നാണമുണ്ടെങ്കില്‍ പുറത്തു പുറപ്പെടു-

കാണുങ്ങളെങ്കിലെന്നാര്‍ത്തു പറകയും

കേട്ടതില്ലെ ഭവാ’നെന്നവര്‍ ചൊന്നതു

കേട്ടു ദശാസ്യനും കോപേന ചൊല്ലിനാന്‍:

‘മാനവന്മാരെയുമേറെ മദമുള്ള

വാനരന്മാരെയും കൊന്നൊടുക്കീടുവാന്‍

പോകധൂമ്രാക്ഷന്‍ പടയോടു കൂടവേ

വേഗേന യുദ്ധം ജയിച്ചു വരിക നീ’

ഇത്ഥമനുഗ്രഹം ചെയ്തയച്ചാനതി-

ക്രുദ്ധന‍ാം ധൂമ്രാക്ഷനും നടന്നീടിനാന്‍.

ഉച്ക്ജൈസ്തരമായ വാദ്യഘോഷത്തോടും

പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടാന്‍

മാരുതിയോടെതിര്‍ത്താനവനും ചെന്നു

ദാരുണമായിതു യുദ്ധവുമെത്രയും.

ബലസിവന്മഴു കുന്തം ശരാസനം

ശൂലം മുസലം പരിഘഗദാദികള്‍

കൈക്കൊണ്ടു വാരണവാജിരഥങ്ങളി-

ലുള്‍ക്കരുത്തോടേറി രാക്ഷസവീരരും

കല്ലും മരവും മലയുമായ് പര്‍വ്വത-

തുല്യശരീരികളായ കപികളും

തങ്ങളിലേറ്റു പൊരുതു മരിച്ചിതൊ-

ട്ടങ്ങുമിങ്ങും മഹാവീരരായുള്ളവര്‍.

ചോരയുമാറായൊഴുകീ പലവഴി

ശൂരപ്രവരന‍ാം മാരുതി തല്‍ക്ഷണേ

ഉന്നതമായൊരു കുന്നിന്‍ കൊടുമുടി-

തന്നെയടര്‍ത്തെടിത്തൊന്നെറിഞ്ഞീടിനാന്‍.

തേരില്‍ നിന്നാശു ഗദയുമെടുത്തുടന്‍-

പാരിലാമ്മാറു ധൂമ്രാക്ഷനും ചാടിനാന്‍

തേരും കുതിരകളും പൊടിയായിതു

മാരുതിക്കുള്ളില്‍ വര്‍ദ്ധിച്ചിതു കോപവും

രാത്രിഞ്ചരരെയൊടുക്കിത്തുടങ്ങിനാ-

നാര്‍ത്തി മുഴുത്തതു കണ്ടു ധൂമ്രാക്ഷനും

മാരുതിയെഗ്ഗദകൊണ്ടടിച്ചീടിനാന്‍

ധീരതയോ,ടതിനാകുലമെന്നിയേ

പാരം വളര്‍ന്നൊരുകോപവിവശനായ്

മാരുതി രണ്ടാമതൊന്നറിഞ്ഞീടിനാന്‍

ധൂമ്രാക്ഷനേറുകൊണ്ടുമ്പര്‍പുരത്തിങ്ക-

ലാമ്മാറൂ ചെന്നു സുഖിച്ചു വാണീടിനാന്‍.

ശേഷിച്ച രാക്ഷസര്‍ കോട്ടയില്‍ പുക്കിതു

ഘോഷിച്ചിതംഗനമാര്‍ വിലാപങ്ങളും.

Also Read: കർക്കിടകത്തിലെ നാലമ്പല തീർത്ഥാടനം മഹാപുണ്യം...

വൃത്താന്തമാഹന്ത! കേട്ടു ദശാസ്യനും

ചിത്തതാപത്തോടു പിന്നെയും ചൊല്ലിനാന്‍:

‘വജ്രഹസ്താരി പ്രബലന്‍ മഹാബലന്‍

വജ്രദംഷ്ട്രന്‍ തന്നെ പോക യുദ്ധത്തിനായ്

മാനുഷവാനരന്മാരെ ജയിച്ചഭി-

മാനകീര്‍ത്ത്യാ വരികെ’ന്നയച്ചീടിനാന്‍.

ദക്ഷിണഗോപുരത്തൂടെ പുറപ്പെട്ടു

ശക്രാത്മജാത്മജനോടെതിര്‍ത്തീടിനാന്‍

ദുര്‍ന്നിമിത്തങ്ങളുണ്ടായതനാദൃത്യ

ചെന്നു കപികളോടേറ്റു മഹാബലന്‍

വൃക്ഷശിലാശൈലവൃഷ്ടികൊണ്ടേറ്റവും

രക്ഷോവരന്മാര്‍ മരിച്ചു മഹാരണേ.

ഖഡ്ഗശസ്ത്രാസ്ത്രശക്ത്യാദികളേറ്റേറ്റു

മര്‍ക്കടന്മാരും മരിച്ചാരസംഖ്യമായ്,

പത്തംഗയുക്തമായുള്ള പെരുമ്പട

നക്തഞ്ചരന്മാര്‍ക്കു നഷ്ടമായ് വന്നിതു

രക്തനദികളൊലിച്ചു പലവഴി

നൃത്തം തുടങ്ങി കബന്ധങ്ങളും ബലാല്‍

താരേയനും വജ്രദംഷ്ട്രനും തങ്ങളില്‍

ഘോരമായേറ്റം പിണങ്ങിനില്‍ക്കും വിധൌ

വാളും പറീച്ചുടന്‍ വജ്രദംഷ്ട്രന്‍ ഗള-

നാദം മുറിച്ചെറിഞ്ഞീടിനാനംഗദന്‍.

അക്കഥകേട്ടാശു നക്തഞ്ചരാധിപന്‍

ഉള്‍ക്കരുത്തേറുമകമ്പനന്‍ തന്നെയും

വന്‍പടയോടുമയച്ചാനതു നേരം

കമ്പമുണ്ടായിതു മേദിനിക്കന്നേരം

ദുശ്ച്യവനാരിപ്രവനകമ്പനന്‍

പശ്ചിമഗോപുരത്തൂടേ പുറപ്പെട്ടാന്‍.

വായു തനയനോടേറ്റവനും നിജ-

കായം വെടിഞ്ഞു കാലാലയം മേവിനാന്‍.

മാരുതിയെ സ്തുതിച്ചു മാലോകരും

പാരം ഭയം പെരുത്തു ദശകണ്ഠനും

സഞ്ചരിച്ചാന്‍ നിജ രാക്ഷസസേനയില്‍

പഞ്ചദ്വയാസ്യനും കണ്ടാനതുനേരം

രാമേശ്വരത്തോടു സേതുവിന്മേലുമാ-

രാമദേശാന്തം സുബേലാചലോപരി

വാനരസേന പരന്നതും കൊട്ടക-

ലൂനമായ് വന്നതും കണ്ടോരനന്തരം

‘ക്ഷിപ്രം പ്രഹസ്തനെക്കൊണ്ടുവരികെ’ന്നു

കല്പിച്ചനേരമവന്‍ വന്നു കൂപ്പിനാന്‍

‘നീയറിഞ്ഞീലയോ വൃത്താന്തമൊക്കവേ

നാകയകന്മാര്‍ പടക്കാരുമില്ലായ്കയോ?

ചെല്ലുന്ന ചെല്ലുന്ന രാക്ഷസവീരരെ-

ക്കൊല്ലുന്നതും കണ്ടീങ്ങിരിക്കയില്ലിങ്ങു ന‍ാം.

ഞാനോ ഭവാനോ കനിഷ്ഠനോ പോര്‍ ചെയ്തു

മാനുഷവാനരന്മാരെയൊടുക്കുവാന്‍

പോകുന്നതാരെന്നു ചൊല്‍’കെന്നു കേട്ടവന്‍

‘പോകുന്നതിന്നു ഞാ’നെന്നു കൈകൂപ്പിനാന്‍

തന്നുടെ മന്ത്രികള്‍ നാലുപേരുള്ളവര്‍

ചെന്നു നാലംഗപ്പടയും വരുത്തിനാര്‍.

നാലൊന്നു ലങ്കയിലുള്ള പടയ്ക്കെല്ലാ-

മാലംബന‍ാം പ്രഹസ്തന്‍ മഹാരഥന്‍.

കുംഭഹനും മഹാനാദനും ദുര്‍മ്മുഖന്‍

ജംഭാരി വൈരിയ‍ാം വീരന്‍ സമുന്നതന്‍

ഇങ്ങനെയുള്ളൊരു മന്ത്രികള്‍ നാല്വരും

തിങ്ങിന വന്‍പടയോടും നടന്നിതു.

ദുര്‍ന്നിമിത്തങ്ങളുണ്ടായിതു കണ്ടവന്‍-

തന്നകതാരിലുറച്ചു സന്നദ്ധനായ്

പൂര്‍വപുരദ്വാരദേശേപുറപ്പെട്ടു

പാവകപുത്രനോടേറ്റോരനന്തരം

മര്‍ക്കടന്മാര്‍ ശിലാവൃക്ഷാചലം കൊണ്ടു

രക്ഷോഗണത്തെയൊതുക്കിത്തുടങ്ങിനാര്‍

ചക്രഖഡ്ഗപ്രാസ ശക്തിശസ്ത്രാസ്ത്രങ്ങള്‍

മര്‍ക്കടന്മാര്‍ക്കേറ്റൊക്കെമരിക്കുന്നു.

ഹസ്തിവരന്മാരുമശ്വങ്ങളും ചത്തു

രക്തംനദികളായൊക്കെയൊലിക്കുന്നു.

അംഭോജസംഭവനന്ദനന്‍ ജ‍ാംബവാന്‍

കുംഭഹനുവിനേയും ദുര്‍മ്മുഖനേയും

കൊന്നുമഹാനാദനേയും സമുന്നതന്‍-

തന്നെയും പിന്നെ പ്രഹസ്തന്‍ മഹാരഥന്‍

നീലനോടേറ്റുടന്‍ ദ്വന്ദയുദ്ധം ചെയ്തു

കാലപുരിപുക്കിരുന്നരുളീടിനാന്‍.

സേനാപതിയും പടയും മരിച്ചതു

മാനിയ‍ാം രാവണന്‍ കേട്ടു കോപാന്ധനായ്.

കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. 

കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News