ഉത്സവഛായയില്‍ മാനവീയവും തുറന്നു; ഓണം തിരക്കുകളില്‍ തിളങ്ങാന്‍ തലസ്ഥാനത്തിന് സ്മാര്‍ട്ട് റോഡും

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് മാനവീയം വീഥി സ്മാര്‍ട്ട് റോഡായി വികസിപ്പിക്കുന്നതിന് തീരുമാനിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 09:22 PM IST
  • സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് മാനവീയം വീഥി സ്മാര്‍ട്ട് റോഡായി വികസിപ്പിക്കുന്നതിന് തീരുമാനിച്ചത്.
  • വീഥിക്കരികില്‍ മന്ത്രിമാര്‍ വൃക്ഷത്തൈകളും നട്ടു.
  • റോഡിലൂടെ നടന്ന് പ്രവൃത്തികളും മന്ത്രിമാര്‍ വിലയിരുത്തി.
  • കഴിഞ്ഞയാഴ്ച മാനവീയം വീഥി പ്രവൃത്തി വിലയിരുത്തിയ മന്ത്രിമാര്‍ റോഡ് ഓണത്തിനു മുമ്പ് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് പറഞ്ഞിരുന്നു.
ഉത്സവഛായയില്‍ മാനവീയവും തുറന്നു; ഓണം തിരക്കുകളില്‍ തിളങ്ങാന്‍ തലസ്ഥാനത്തിന് സ്മാര്‍ട്ട് റോഡും

പ്രഖ്യാപിച്ച സമയത്തു തന്നെ മാനവീയം സ്മാര്‍ട്ട് റോഡ് തുറന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്  എം ബി രാജേഷ് , വി ശിവന്‍കുട്ടി , ജി ആര്‍ അനില്‍ , ആന്റണി രാജു, എന്നിവര്‍ ചേര്‍ന്നാണ് മാനവീയം വീഥി ഗതാഗതത്തിന് തുറന്നു നല്‍കിയത്. വീഥിക്കരികില്‍ മന്ത്രിമാര്‍ വൃക്ഷത്തൈകളും നട്ടു. റോഡിലൂടെ നടന്ന് പ്രവൃത്തികളും മന്ത്രിമാര്‍ വിലയിരുത്തി. 

കഴിഞ്ഞയാഴ്ച  മാനവീയം വീഥി പ്രവൃത്തി വിലയിരുത്തിയ മന്ത്രിമാര്‍ റോഡ് ഓണത്തിനു മുമ്പ് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് പ്രധാന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാണ് മാനവീയം വീഥി ഗതാഗതത്തിന് തുറന്നു നല്‍കിയത്. റോഡ് ബി എം - ബി സി നിലവാരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരമായ നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. വീഥിയില്‍ ഉടനീളം സ്ട്രീറ്റ് ലൈറ്റുകളും അലങ്കാര ലൈറ്റുകളും സജ്ജമാക്കി.  ഓടകളുടെ നവീകരണം സാധ്യമാക്കി.  പൈപ്പുകള്‍ ഡക്ട് വഴിയാക്കി. വീഥിയില്‍  ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്.  ഭിന്നശേഷി സൗഹൃദ ശൗചാലയം ഉള്‍പ്പെടെ ഉള്ള ശൗചാലയങ്ങള്‍ , കുടിവെള്ള കിയോസ്ക്കുകള്‍, ഫുഡ്‌ കിയോസ്‌ക്കുകള്‍ , ഫീഡിംഗ് റൂം തുടങ്ങിയവ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ ഉള്‍പ്പെടുത്തി സിസിടിവി ക്യാമറകളും സ്ഥാപിച്ചു. സ്ട്രീറ്റ് ലൈബ്രറി ഉള്‍പ്പെടെ ഇവിടെ സജ്ജീകരിക്കും 

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് മാനവീയം വീഥി സ്മാര്‍ട്ട് റോഡായി വികസിപ്പിക്കുന്നതിന് തീരുമാനിച്ചത്. റോഡ് നവീകരണം ആരംഭിച്ചെങ്കിലും കരാറുകാരന്‍ പദ്ധതിയുമായി സഹകരിക്കാത്ത സാഹചര്യം ഉണ്ടായി. തുടര്‍ന്ന് പെര്‍ഫോമന്‍സ് ഗ്യാരണ്ടി അടക്കം പിടിച്ചെടുത്ത് റിസ്ക്ക് ആന്റ് കോസ്റ്റില്‍ കരാറുകാരനെ നീക്കം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പദ്ധതി റീ ടെണ്ടര്‍ ചെയ്യുകയും കരാറുകാരനെ കണ്ടെത്തുകയും ചെയ്തു. 4.85 കോടി രൂപ ചെലവഴിച്ചാണ്  മാനവീയം നവീകരണ പ്രവൃത്തികള്‍ നടത്തുന്നത്. ഇതില്‍ കെ ആര്‍ എഫ് ബിയും  സ്മാര്‍ട്  സിറ്റിയും ചേര്‍ന്നാണ് വ്യത്യസ്ത പദ്ധതികള്‍ നടപ്പിലാക്കുന്നത്. 

കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഓണത്തിനു മുമ്പെ മാനവീയം വീഥി ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ കഴിഞ്ഞത് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തുടര്‍ച്ചയായ ഇടപെടലും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോയതും ഗുണകരമായെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനത്തെ ഏറ്റവും വലിയ സാംസ്ക്കാരിക ഇടമായി മാനവീയം വീഥിയെ മാറ്റുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നഗരത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വീഥി പരിപാലിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോര്‍പ്പറേഷനും പൊലീസും എക്സൈസും എല്ലാം ഇതിന് നേതൃത്വം നല്കും. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം ഉള്‍പ്പെടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് എന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. മാനവീയത്തിലൂടെ സിറ്റി സര്‍ക്കുലര്‍ ബസും അനുവദിക്കും. മാനവീയം വീഥി മികച്ചതായി നിലനിലനിര്‍ത്താന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് മന്ത്രി ജി ആര്‍ അനിലും പറഞ്ഞു. വി കെ പ്രശാന്ത് എം എല്‍ എ,ഡെപ്യൂട്ടി മേയര്‍ പി കെ രാജു, കൗണ്‍സിലര്‍മാര്‍ , പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു , ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്, സ്മാര്‍ട് സിറ്റി മിഷന്‍ സി ഇ ഓ അരുണ്‍ കെ വിജയന്‍    , കെ ആര്‍ എഫ് ബി സി ഇ ഓ  അശോക് കുമാര്‍ എം  , സ്മാര്‍ട് സിറ്റി  ജനറല്‍ മാനേജര്‍ കൃഷ്ണ കുമാര്‍ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News