തിരുവനന്തപുരം: ചിത്രകാരൻ കെ പി തോമസിന്റെ ചിത്രങ്ങളുടെ പ്രദർശനം വഴുതയ്ക്കാട് ഫ്രഞ്ച് കൾച്ചറൽ സെന്റർ അലയൻസ് ഫ്രാൻസായ്സ് ഗ്യാലറിയിൽ ഓഗസ്റ്റ് 9ന് വൈകിട്ട് 5.30 ന് ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പ്രത്യവലോകനം [Retrospection] എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിന് യു.വി ജോസ് ഐ.എ.എസ്, അലയൻസ് ഫ്രാൻസായ്സ് ഡയറക്ടർ ഈവ മാർട്ടിൻ എന്നിവർ ആശംസകൾ അർപ്പിക്കും. ഡോക്ടർ രഞ്ജു (ലീഫ് ആർട്ട് (പ്രോജക്ട്) കുറേറ്റ് ചെയ്യുന്ന പ്രദർശനത്തിൽ 1970 മുതൽ ഇന്ന് വരെയുള്ള തോമസിന്റെ ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 50ലേറെ ചിത്രങ്ങളാണ് ഉൾകൊള്ളിച്ചിരിക്കുന്നത്.
മാനന്തവാടിക്കാരനായ തോമസിന്റെ ചിത്രങ്ങളിൽ ആദിമ നിവാസികളുടെ ജീവിതത്തോടുള്ള ആമുഖ്യവും അവരുടെ ജീവിത വിഹ്വലതകളും നിഴലിക്കുന്നു. പീഠനം അനുഭവിക്കുന്ന സ്ത്രീകളോടും കുഞ്ഞുങ്ങളോടുമുള്ള സഹാനുഭൂതി പല ചിത്രങ്ങളിലും അന്തർലീനമാണ്.
മണിപ്പൂരിൽ വർഷങ്ങൾക്ക് മുമ്പ് 2004 ൽ A.F.S.P.A പ്രകാരം പട്ടാളം പിടിച്ചു കൊണ്ട് പോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സ്ത്രീയ്ക്ക് ഐക്യദാർഷ്ട്യം പ്രഖ്യാപിച്ചു കൊണ്ട് അന്ന് അവിടുത്തെ സ്ത്രീകൾ നഗ്നരായി ആർമി ക്യാമ്പിന് നേരെ നടത്തിയ പ്രകടനം, കാശ്മീരിൽ ദിവസങ്ങളോളം ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ഒൻപത് വയസ്സുകാരി, വയനാട്ടിൽ ചങ്ങല മരത്തിൽ നിന്നും മുക്തനാകുന്ന കരിന്തണ്ടന്റെ ആത്മാവ്, അതിജീവിതകളായ സ്ത്രീകൾ കോടതികളിലും ന്യൂസുകളിലും വീണ്ടും വീണ്ടും വിചാരണ ചെയ്യപ്പെടുന്നതിന്റെ ക്രൂരത എന്നിങ്ങനെ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ തോമസിന്റെ ചിത്രങ്ങളിൽ ദർശിക്കാനാവും.
ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരമുൾപ്പെടെ പല അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള തോമസ് ഡൽഹി, ബോംബെ, ബാംഗ്ലൂർ, ഖജുരാഹോ ഉൾപ്പെടെ 25ൽ അധികം സ്ഥലത്ത് ഏകാംഗ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ചിത്രങ്ങൾ ശ്രീ ചിത്രാ ആർട്ട് ഗ്യാലറി, സ്ലൊവാക് ആർട്ട് ഗ്യാലറി പോലെയുള്ള വിശിഷ്ട ഗ്യാലറികളുടെയും വ്യക്തികളുടെയും ശേഖരത്തിൽ ഉണ്ട്. ഓഗസ്റ്റ് ഒമ്പതിന് തുടങ്ങുന്ന പ്രദർശനം 19 വരെ തുടരും. രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയാണ് പ്രദർശന സമയം. ഗ്യാലറിക്ക് പൊതു അവധി ദിനങ്ങൾ ബാധകമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...