ചൈനയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ, അടുത്ത 5 വര്‍ഷത്തേയ്ക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത നേതാവും ഷീ ജിന്‍പിങായിരിയ്ക്കും.
69-കാരനായ ഷിയുടെ പുനർനിയമനത്തിന് ഭരണകക്ഷി നിയമിച്ച അംഗങ്ങളായ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്‍റെ വോട്ട് 2,952 നെതിരെ 0 ആയിരുന്നു. അതായത്, എതിരില്ലാതെയാണ് മൂന്നാം വട്ടം പ്രസിഡന്‍റ് പദത്തിലേയ്ക്ക് ഷീ ജിന്‍ പിങ് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു മണിക്കൂറോളം നീണ്ട തിരഞ്ഞെടുപ്പിനുശേഷം, പതിനഞ്ച് മിനിറ്റിനുള്ളിൽ ഫലം പ്രഖ്യാപിക്കുകയും ചെയ്തു.
മൂന്നാം വട്ടവും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ജീവിതകാലം മുഴുവൻ ഷീ ജിൻപിങ് അധികാരത്തിലുണ്ടാകുമെന്ന സാധ്യതയ്ക്കു ബലമേറുകയാണ്. അടുത്ത അഞ്ചു വർഷത്തേക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പരമോന്നത നേതാവും ഷീ ജിൻപിങ് തന്നെയായിരിക്കും. ചൈന സെൻട്രൽ മിലിട്ടറി കമ്മീഷന്‍റെ ചെയർമാനായും ഷീ ജിൻപിങ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സീറോ കോവിഡ് നയം നടപ്പാക്കിയതിനെ തുടർന്നു ഷീ ജിൻപിങിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്നാല്‍, പുതിയ പ്രധാനമന്ത്രിയായ ലീ ക്വിയാങിനെ നിയമിച്ചതോടെ പ്രതിഷേധം ഒരു പരിധിവരെ അടങ്ങുമെന്നാണ് പാർലമെന്‍റിന്‍റെ പ്രതീക്ഷ. ഷീ ജിൻപിങിന്‍റെ വിശ്വസ്തനാണ് ലീ ക്വിയാങ്.
അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ സംഭവിച്ച സാഹചര്യത്തിലാണു ഷീ ജിൻപിങ് വീണ്ടും പ്രസിഡന്‍റായി അവരോധിക്കപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ചൈനയെ മാറ്റുകയെന്ന വലിയ ലക്ഷ്യത്തില്‍ മാത്രമാണ് നിലവില്‍ ഷീ ജിന്‍ പിങ് ശ്രദ്ധിക്കുന്നത് എന്നും ചൈനയില്‍ കുടുംബ വാഴ്ച ഉറപ്പിക്കുന്നതായുള്ള ആരോപണങ്ങളില്‍ കഴമ്പില്ല എന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...