World population day 2022: ജനസംഖ്യാ വർധനവ്; 2023-ൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ റിപ്പോർട്ട്

World population day: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്, ലോകജനസംഖ്യ 2030-ൽ ഏകദേശം 8.5 ബില്യണും 2050-ൽ 9.7 ബില്യണും ആകുമെന്നാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 01:01 PM IST
  • 2022 നവംബർ 15-ന് ആഗോള ജനസംഖ്യ എട്ട് ബില്യണിലെത്തുമെന്ന് യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യൽ അഫയേഴ്‌സ് വ്യക്തമാക്കുന്നു
  • എന്നാൽ, ആഗോള ജനസംഖ്യ വർധന 1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ്
  • 2080-കളിൽ ജനസംഖ്യ ഏകദേശം 10.4 ബില്യൺ ആകുമെന്നും 2100 വരെ ആ നിലയിൽ തുടരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്
World population day 2022: ജനസംഖ്യാ വർധനവ്; 2023-ൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ റിപ്പോർട്ട്

2022 നവംബർ പകുതിയോടെ ലോക ജനസംഖ്യ എട്ട് ബില്യണിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2023-ൽ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 നവംബർ 15-ന് ആഗോള ജനസംഖ്യ എട്ട് ബില്യണിലെത്തുമെന്ന് യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യൽ അഫയേഴ്‌സ് വ്യക്തമാക്കുന്നു. എന്നാൽ, ആഗോള ജനസംഖ്യ വർധന 1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 2020-ൽ ഇത് ഒരു ശതമാനത്തിൽ താഴെയായി. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്, ലോകജനസംഖ്യ 2030-ൽ ഏകദേശം 8.5 ബില്യണും 2050-ൽ 9.7 ബില്യണും ആകുമെന്നാണ്. 

2080-കളിൽ ജനസംഖ്യ ഏകദേശം 10.4 ബില്യൺ ആകുമെന്നും 2100 വരെ ആ നിലയിൽ തുടരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. “ഈ വർഷത്തെ ലോക ജനസംഖ്യാ ദിനം ഒരു നാഴികക്കല്ലാകുന്ന വർഷത്തിലാണ് വരുന്നത്. ഭൂമിയിൽ എട്ട് ബില്യൺ ജനങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ആയുർദൈർഘ്യം വർധിച്ചതും മാതൃ-ശിശു മരണനിരക്ക് കുറച്ചതും ആരോഗ്യരംഗത്തെ പുരോഗതിയിൽ ആശ്ചര്യപ്പെടുത്തുന്ന നേട്ടമാണ്,” യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. “അതേസമയം, ഭൂമിയെ പരിപാലിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തലും കൂടിയാണിത്. നമ്മുടെ പ്രതിബദ്ധതകൾ സംബന്ധിച്ച് നമ്മൾ ഇപ്പോഴും എവിടെയാണ് നിൽക്കുന്നതെന്ന് ചിന്തിക്കാനുള്ള ഒരു നിമിഷമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: World Population Day 2022: ഭാവിക്കായി കരുതലോടെ; ഇന്ന് ലോക ജനസംഖ്യാ ദിനം

2023-ൽ ജനസംഖ്യയിൽ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022-ലെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് പ്രദേശങ്ങൾ കിഴക്കൻ, തെക്ക്-കിഴക്കൻ ഏഷ്യയാണ്. 2.3 ബില്യൺ ആളുകളും ആഗോള ജനസംഖ്യയുടെ 29 ശതമാനവും ഈ പ്രദേശങ്ങളിൽ നിന്നാണ്. കൂടാതെ 2.1 ബില്യൺ ജനങ്ങളുള്ള മധ്യ-ദക്ഷിണേഷ്യയും മൊത്തം ലോക ജനസംഖ്യയുടെ 26 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ഈ പ്രദേശങ്ങളിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങൾ ചൈനയും ഇന്ത്യയുമാണ്. 2022-ൽ ഏകദേശം 1.4 ബില്യൺ വീതമാണ് ഈ രാജ്യങ്ങളിലെ ജനസംഖ്യ.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ട് രാജ്യങ്ങളിൽ മാത്രമായിരിക്കും 2050 വരെയുള്ള ആഗോള ജനസംഖ്യാ വർധനവിന്റെ പകുതിയിലധികവും കേന്ദ്രീകരിച്ചിരിക്കുന്നത്. യുഎൻ റിപ്പോർട്ട് അനുസരിച്ച്, 2022 ൽ ഇന്ത്യയുടെ ജനസംഖ്യ 1.412 ബില്യൺ ആണ്, ചൈനയുടെ ജനസംഖ്യ 1.426 ബില്യൺ ആണ്. 2023-ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ചൈനയെ മറികടക്കുന്ന ഇന്ത്യയിൽ, 2050-ൽ 1.668 ബില്യൺ ജനസംഖ്യ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2010 നും 2021 നും ഇടയിൽ പത്ത് രാജ്യങ്ങളിൽ നിന്ന് ഒരു ദശലക്ഷത്തിലധികം കുടിയേറ്റക്കാർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News