അബുദാബി: യുഎഇയില്‍ നാല് പുതിയ മങ്കിപോക്സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ ഇതുവരെ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം എട്ടായി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മെയ് 24നാണ് യുഎഇയില്‍ ആദ്യത്തെ മങ്കിപോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, മങ്കിപോക്സ് വൈറസ് 23 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും ഇതുവരെ ആകെ 257 കേസുകൾ സ്ഥിരീകരിച്ചതായും 120 ഓളം കേസുകൾ നിരീക്ഷണത്തിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
മങ്കിപോക്സ് ബാധിച്ച് കോംഗോയിൽ ഒമ്പത് പേർ മരിച്ചു. ഈ വർഷം മങ്കിപോക്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത നൈജീരിയയിൽ മങ്കിപോക്സ് ബാധിച്ച് ആദ്യത്തെ മരണം രേഖപ്പെടുത്തി. കുറഞ്ഞത് 23 രാജ്യങ്ങളെങ്കിലും രോഗം വളരെ വേഗത്തിൽ വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രോഗത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം ഭയം ജനിപ്പിച്ചിട്ടുണ്ടെങ്കിലും, യുഎൻ ആരോഗ്യ ഏജൻസിയുടെ ഉന്നത ആരോഗ്യ വിദഗ്ധൻ ഡോ. റോസാമണ്ട് ലൂയിസ് മങ്കിപോക്സ് മറ്റൊരു മഹാമാരിയായി പടരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് പറയുന്നത്. രോഗത്തെ സംബന്ധിച്ച് ഇപ്പോഴും നിരവധി അജ്ഞതകളുണ്ട്. മങ്കിപോക്സ് എങ്ങനെ പടരുന്നുവെന്നതിൽ പഠനങ്ങൾ തുടരുകയാണെന്നും അവർ വ്യക്തമാക്കി.
ALSO READ: Monkeypox: മങ്കിപോക്സ് കേസുകൾ വർധിക്കുന്നു; 23 രാജ്യങ്ങളിലായി 250ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു
എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.
മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ?
പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം മങ്കിപോക്സിന്റെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...