കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപ്പറ്റിൽ എല്ലാവരെയും ഞെട്ടിച്ച് യുക്രൈനിയൻ വനിതയുടെ ഒറ്റായാൾ പ്രതിഷേധം. വസ്ത്രം ഉപേക്ഷിച്ച് ശരീരത്തിൽ യുക്രൈന്‍ പതാക പെയിന്‍റ് ചെയ്താണ് റെഡ് കാർപ്പറ്റിലേക്ക് യുവതി എത്തിയത്. പതാകയ്ക്ക് പുറമെ 'STOP RAPING US' എന്നും ശരീരത്തിൽ എഴുതിയിരുന്നു.
സെക്യൂരിറ്റി ഗാർഡ് നീക്കം ചെയ്യുന്നതിന് മുൻപ് യുവതി ഫോട്ടോയ്ക്ക് പോസ് ചെയ്തു. യുവതി അതിക്രമിച്ച് കയറിയതോടെ റെഡ് കാർപ്പറ്റിലേക്കെത്തിയ മറ്റ് താരങ്ങളെ കുറച്ച് നേരത്തേക്ക് തടസ്സപ്പെടുത്തി. ജോർജ്ജ് മില്ലറുടെ "ത്രീ തൗസണ്ട് ഇയേഴ്‌സ് ഓഫ് ലോംഗിംഗ്" എന്ന ചിത്രത്തിന്റെ പ്രീമിയറിൽ പങ്കെടുക്കാൻ ടിൽഡ സ്വിന്റണും ഇദ്രിസ് എൽബയും ഉൾപ്പെടെയുള്ളവരായിരുന്നു ഈ സമയം സായാഹ്ന വസ്ത്രങ്ങളിൽ അതിഥികളുടെ മുന്നിൽ ഉണ്ടായിരുന്നത്.
റഷ്യൻ സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങളിൽ നൂറു കണക്കിന് ബലാൽസംഗ കേസുകൾ റിപ്പോർട്ട് ചെയ്തതായി പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി നേരത്തെ അറിയിച്ചിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു. മുൻ അഭിനേതാവ് കൂടിയായ സെലൻസി രാജ്യത്തിന് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ, കാൻ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു.
യുക്രൈനിലെ യുദ്ധം കാൻ മേളയിൽ പ്രധാന വിഷയമാണ്. കഴിഞ്ഞ മാസം ഉക്രെയ്നിൽ കൊല്ലപ്പെട്ട ലിത്വാനിയൻ സംവിധായകൻ മാന്താസ് ക്വേദരാവിഷ്യസിന്‍റെ ഡോക്യുമെന്‍ററി "മാരിയൂപോളിസ് 2" മേളയിൽ പ്രത്യേകം പ്രദർശിപ്പിച്ചു.
പരസ്യങ്ങൾ ഇല്ലാതെ പ്രതിസന്ധിയിലായ യുക്രൈനിലെ ചലച്ചിത്ര നിർമ്മാതാക്കൾക്ക് കാനിലെ വ്യവസായ വിപണിയിൽ പ്രത്യേക ദിവസം അനുവദിക്കും. കൂടാതെ മികച്ച സംവിധായകരിൽ ഒരാളായ സെർജി ലോസ്നിറ്റ്സ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ നഗരങ്ങളിൽ ബോംബാക്രമണം നടത്തിയതിനെക്കുറിച്ച് ഒരുക്കിയ "ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഡിസ്ട്രക്ഷൻ" മേളയിൽ പ്രദർശിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...