ജെറുസലം: ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ന്യൂഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കാണ് നേരിട്ട് വിമാന സർവീസ് ആരംഭിക്കുക. ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തെ ടെൽ ആവീവിലെ കണ്വെൻഷൻ സെന്ററിൽ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
ഇസ്രാഈലുമായുള്ള വിസ നടപടികള്‍ ലഘൂകരിച്ചതായും പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോട് പ്രഖ്യാപിച്ചു. ഇതോടെ ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വിസയില്ലാതെ പറക്കാം.
ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾക്ക് വേണ്ടിയുള്ള നിയമാവലികൾ ലളിതമാക്കുമെന്നും ഇസ്രയേലിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങിയിട്ട് കേവലം 25 വർഷങ്ങൾ മാത്രമേ ആയുള്ളുവെങ്കിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിലേക്കു നടത്തുന്ന സന്ദർശനത്തെ പാക്കിസ്ഥാൻ ആശങ്കയോടെ വീക്ഷിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്, കൂടുതൽ മേഖലകളിലേക്ക് സഹകരണം വർധിപ്പിക്കാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനം പുറത്തുവരുന്നത്.