Abuja: നൈജീരിയയിലെ ഓണ്‍ഡോ സംസ്ഥാനത്ത് ഞായറാഴ്ച ഉണ്ടായ വെടിവെപ്പില്‍. 50-ലധികം പേര്‍ കൊല്ലപ്പെട്ടു. ഓണ്‍ഡോയിലെ സെന്‍റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയായിരുന്നു വെടിവെപ്പ്.
പ്രാര്‍ത്ഥനാ സമയത്ത് തോക്കുമായെത്തിയ ഒരു സംഘം ആളുകള്‍ വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പള്ളിയിലേക്ക് ഇവർ സ്ഫോടക വസ്തുക്കള്‍ എറിയുകയും പള്ളി തകര്‍ക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ കുർബാനയ്ക്കായി ധാരാളം വിശ്വാസികൾ പള്ളിയിൽ തടിച്ചുകൂടിയിരുന്നു. ആ സമയത്താണ് ആക്രമണം നടന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, തോക്കുധാരികൾ ആദ്യം പള്ളിയിലെ അൾത്താരയിലേയ്ക്ക് സ്ഫോടകവസ്തുക്കൾ എറിയുകയും അള്‍ത്താര തകര്‍ക്കുകയും ചെയ്തു.
ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ഇപ്പോള്‍ ആശുപത്രികളിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
എന്നാല്‍, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈ ആക്രമണത്തിന് പിന്നിലെ ലക്ഷ്യവും ഇതുവരെ വ്യക്തമായിട്ടില്ല. ഇതാദ്യമായാണ് ഓണ്‍ഡോയിൽ ഇത്തരത്തിലൊരു ആക്രമണം നടക്കുന്നത്.
ഞായറാഴ്ച പള്ളിയില്‍ ഉണ്ടായ ആക്രമണം നീചവും പൈശാചികവുമായ സംഭവം ആണെന്നും അക്രമികളെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ഓണ്‍ഡോ സംസ്ഥാന ഗവർണർ ഒലുവാരോട്ടിമി ഒലുവാരോട്ടിമി അകെരെഡോലു പറഞ്ഞു. സമാധാനം നിലനിർത്താനും ജാഗ്രത പാലിക്കാനും അദ്ദേഹം പ്രദേശവാസികളോട് അഭ്യർത്ഥിച്ചു.
വിശ്വാസികളുടെ മരണത്തിൽ പോപ് ഫ്രാൻസിസ് അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തെ നൈജീരിയൻ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയും അപലപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...