ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയെ നിർണയിക്കുന്നതിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇന്ത്യാന പ്രൈമറിയിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ മുഖ്യ എതിരാളി ടെഡ് ക്രൂസ് പിൻമാറി.മത്സരത്തിൽ നിന്നും പിൻമാറുന്നതായി ക്രൂസ് അനുയായികളെയും മാധ്യമപ്രവർത്തകരെയും അറിയിച്ചു.
അവസാന നിമിഷമാണ് ക്രൂസ് പിൻമാറുന്നതായി അറിയിച്ചത്. ട്രംപ് നുണയനെന്നും പിന്തുണക്കുന്നവരെ ചതിക്കുമെന്നുമുള്ള അഭിപ്രായപ്രകടനം അദ്ദേഹം നടത്തിയിരുന്നു. ക്രൂസിനു അമേരിക്കയുടെ പ്രസിഡന്റാകാൻ മാത്രം ക്ഷമാശീലം ഇല്ലെന്നായിരുന്നു ഇതിനോടു ട്രംപിന്റെ പ്രതികരണം. മത്സരത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിച്ചെങ്കിലും ജൂണിൽ നടക്കുന്ന അവസാന പ്രൈമറികളിൽ മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്ന് ക്രൂസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഡെമോക്രാറ്റിക് പാർട്ടിയിൽ ബേർണി സാൻഡേഴ്സും ഹിലരി ക്ലിന്റണും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്.ഇന്ത്യാന സ്റ്റേറ്റില്‍ 46.8 ശതമാനം വോട്ട് നേടിയ ഹിലരിക്കെതിരെ 53.2 ശതമാനം സാൻഡേഴ്സ് നേടിയത് .എന്നിരുന്നാലും ഡെമോക്രാട്ടിക് പാര്‍ട്ടിയുടെ പ്രസിഡന്റ് നോമിനേഷൻ 91 ശതമാനവും ഹിലരി ഉറപ്പിച്ചിട്ടുണ്ട്.ട്രംപ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെ ക്കുറെ ഉറപ്പിച്ചതോടെ ചൈന-അമേരിക്കന്‍ ബന്ധത്തില്‍ യുക്തിസഹവും വിവേകപൂര്‍ണവുമായ വീക്ഷണം പുലര്‍ത്തണം എന്ന് ചൈന ആഹ്വാനം ചെയ്തിട്ടുണ്ട്.ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് ഇറക്കുമതി ചുങ്കം 45 ശതമാനമായി വര്‍ധിപ്പിക്കണമെന്നും ചൈന അമേരിക്കക്കെതിരെ "സാമ്പത്തിക യുദ്ധം" പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും മുന്‍പ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.