ബിഗില് ബിഗിലേ.. ട്വിറ്ററില്‍ തകര്‍ത്ത് ഇളയദളപതി ചിത്രം!

വിജയ്, നയന്‍‌താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്ലി സംവിധാനം ചെയ്ത വിജയ ചലച്ചിത്രമാണ് 'ബിഗില്‍'. 

Last Updated : Dec 11, 2019, 11:28 AM IST
ബിഗില് ബിഗിലേ.. ട്വിറ്ററില്‍ തകര്‍ത്ത് ഇളയദളപതി ചിത്രം!

വിജയ്, നയന്‍‌താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്ലി സംവിധാനം ചെയ്ത വിജയ ചലച്ചിത്രമാണ് 'ബിഗില്‍'. 

നിറഞ്ഞ കയ്യടിയോടെ ഇപ്പോഴും തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ബിഗില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ട്വിറ്റര്‍ ഹാഷ്ടാഗിന്‍റെ പേരിലാണ്. ഈ വര്‍ഷം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്ടാഗുകളുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടിയാണ്‌ ബിഗില്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

രാജ്യത്തെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ആകെയുള്ള രണ്ട് വിനോദ ഹാഷ്ടാഗുകളില്‍ ഒന്ന് ബിഗിലാണ്. മറ്റൊന്ന് അവഞ്ചര്‍ എന്‍ഡ് ഗെയിമും. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രഭാസിന്‍റെ സാഹോയെയും സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ പേട്ടയെയും പിന്നിലാക്കിയാണ് ബിഗിലിന്‍റെ നേട്ടം. 

കഴിഞ്ഞ മൂന്ന് വര്‍ഷവും ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്ത ഹാഷ്ടാഗുകളില്‍ വിജയ് ചിത്രങ്ങള്‍ വന്നു എന്നതും ശ്രദ്ധേയമാണ്. 2019 ല്‍ ബിഗിലാണെങ്കില്‍ 2018 ല്‍ സര്‍ക്കാറും 2017 ല്‍ മെര്‍സലും ആദ്യ പത്ത് ഹാഷ്ടാഗില്‍ ഇടം നേടിയിരുന്നു.

ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍  പുറത്തിറക്കിയ 'ബിഗില്‍ ഇമോജി'യും ഹാഷ്ടാഗ് ട്രെന്‍ഡില്‍ ഇടം നേടാന്‍ ബിഗിലിനെ സഹായിച്ചിട്ടുണ്ട്. 

'ബിഗില്‍' എന്ന ഹാഷ്ടാഗിനൊപ്പം വിജയ്‌ തന്നെയാണ് ഇമോജി പങ്കുവച്ചത്. #Bigil ഹാഷ്ടാഗ് ഉപയോഗിക്കുമ്പോഴെല്ലാം ഈ ഇമോജി പ്രത്യക്ഷപ്പെടും. ചിത്രത്തില്‍ വിജയ്‌ അവതരിപ്പിച്ച ഫുട്ബോള്‍ കോച്ചിന്‍റെ രൂപത്തിന് സമാനമായ രീതിയിലായിരുന്നു ഇമോജി. 

അതേസമയം, ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച ട്വീറ്റിനാണ് ഗോള്‍ഡന്‍ ട്വീറ്റ് പുരസ്‌കാരം. 2019ല്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയതും റിട്വീറ്റ് ചെയ്തതും ഈ ട്വീറ്റാണ്. ട്വിറ്റര്‍ പുറത്ത് വിട്ട #ThisHappened2019 റിപ്പോര്‍ട്ടിലാണ് പട്ടിക അവതരിപ്പിച്ചിരിക്കുന്നത്. 

എം.എസ്. ധോണിക്ക് പിറന്നാൾ ആശംസകളുമായി വിരാട് കോലി ട്വീറ്റ് ചെയ്ത ഇരുവരുമുള്ള ചിത്രം അടങ്ങിയ ആശംസയാണ് കായികരംഗത്തു നിന്ന് ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ടത്. #loksabhaelections2019 ആണ് ഏറ്റവുമധികം ഉപയോഗിച്ച ഹാഷ്ടാഗ്. #chandrayaan2, #cwc19, #pulwama, #article370 എന്നിവ പിന്നിലുണ്ട്.  

ട്വിറ്ററിൽ‌ ഏറ്റവും ചർച്ച ചെയ്യപ്പെട്ടവരിൽ ആദ്യസ്ഥാനവും നരേന്ദ്ര മോദിക്കു തന്നെ. രാഹുൽ ഗാന്ധി, അമിത് ഷാ, അരവിന്ദ് കേജ്‌രിവാൾ, യോഗി ആദിത്യനാഥ് എന്നിവർ പിന്നിലുണ്ട്.

വിനോദരംഗത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട പുരുഷ ട്വിറ്റർ ഹാൻഡിലുകളിൽ അമിതാഭ് ബച്ചനാണ് ഒന്നാമത്. സ്ത്രീകളിൽ‌ സൊനാക്ഷി സിൻഹയാണ് ഒന്നാം സ്ഥാനത്ത്. 

Trending News