ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ് നവംബര്‍ 22 ന്. സൗദി അറേബ്യയാണ് എതിരാളികള്‍. ഇത്തവണ കപ്പെടുക്കാതെ മടക്കമില്ലെന്ന് ഉറപ്പിച്ചാണ് മെസ്സിയും കൂട്ടരും ബ്യൂണസ് അയേഴ്‌സില്‍ നിന്ന് ഖത്തറിലേക്ക് വിമാനം കയറിയത് തന്നെ. തോല്‍വി അറിയാത്ത തുടര്‍ച്ചയായ 36 മത്സരങ്ങളുടെ ആത്മവിശ്വാസത്തിന്റെ ചിറകിലാണ് അര്‍ജന്റീന ഇപ്പോഴുള്ളത്. ആദ്യകളിയിലെ എതിരാളികളായ സൗദി അറേബ്യ, ഗ്രൂപ്പിലെ ദുര്‍ബലരും.
ലയണല്‍ മെസ്സിയും ഡി മരിയയും ഒടമെന്റിയും മുതല്‍ അര്‍ജന്റീന ടീമിലെ ഒട്ടുമിക്ക കളിക്കാരേയും ലോകം അറിയാം. പിഎസ്ജി മുതല്‍ സെവില്ല വരെയുള്ള അന്താരാഷ്ട്ര ക്ലബ്ബുകളിലെ പ്രസിദ്ധരും പ്രമുഖരും ആയ താരങ്ങളാണവര്‍. ലയണല്‍ മെസ്സി മാത്രം 165 അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ഡി മരിയ 124 കളികളിലും. ഒരൊറ്റ കളി മാത്രം കളിച്ചിട്ടുള്ള തിയാഗോ അല്‍മാഡയും അര്‍ജന്റീനയുടെ സംഘത്തിലുണ്ട്.
എന്നാല്‍ നിങ്ങളില്‍ എത്ര പേര്‍ക്ക് സൗദി അറേബ്യയുടെ ഒരു താരത്തിന്റെയെങ്കിലും പേരറിയാം? ഈ മത്സരത്തിന്റെ പ്രത്യേകത തന്നെ അതാണ്. ഈ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഏറ്റവും മികച്ച തുടക്കം ലഭിക്കാന്‍ ഒരു മത്സരം എന്നാണ് പല ആരാധകരും സൗദി അറേബ്യയുമായുള്ള കളിയെ കാണുന്നത്. അര്‍ജന്റീന ടീമില്‍ കളിക്കുന്നവരെല്ലാം തന്നെ പ്രമുഖ ക്ലബ്ബുകളുടെ താരങ്ങളാണ്. എന്നാല്‍ സൗദിയിലെ താരങ്ങളെല്ലാം തന്നെ സൗദി പ്രോ ലീഗില്‍ മാത്രം കളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അര്‍ജന്റീനയ്ക്ക് മുന്നില്‍ ഏതെങ്കിലും തരത്തില്‍ പ്രതിരോധമുയര്‍ത്താന്‍ അവര്‍ക്കാകുമെന്ന് കരുതാനാവില്ല.
ലാ ലിഗയില്‍ കളിച്ച് പരിചയമുള്ള ഒരേയൊരു താരമുണ്ട് സൗദി അറേബ്യയില്‍. അത് അല്‍ ദൗസരിയാണ്. സൗദിയുടെ അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍. സൗദി ഫുട്‌ബോള്‍ ഫെഡറേഷനും ലൈ ലിഗയും തമ്മിലുള്ള ഉടമ്പടി പ്രകാരം ആയിരുന്നു ദൗസരി വില്ലാറയലിന് വേണ്ടി കളിച്ചത്. റയല്‍ മാഡ്രിഡിനെതിരെയുള്ള ഒരു മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങാനെ അന്ന് ദൗസരിയ്ക്ക് കഴിഞ്ഞുള്ളു. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിന്റെ താരമാണ് ഇദ്ദേഹം.
സൗദി അറേബ്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരു താരം സല്‍മാന്‍ അല്‍ ഫറജ് ആണ്. ഡിഫന്‍സീവ് മിഡ് ഫീല്‍ഡില്‍ സൗദിയുടെ പ്രിയതാരം. ഇത് അദ്ദേഹത്തിന്റെ മൂന്നാം ലോകകപ്പ് മത്സരമാണ്. 2018 ലെ ലോകകപ്പില്‍ സൗദി നേടിയ ഏക വിജയത്തില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ഗോള്‍ നേടിയിട്ടുണ്ട് അല്‍ ഫറജ്.
പ്രതിരോധത്തില്‍ സൗദിയുടെ പ്രതീക്ഷ യാസര്‍ അല്‍ ഷഹ്‌റാനി ആണ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച താരമാണ് ഷഹ്‌റാനി. എന്നാല്‍ മെസ്സിയും ഡി മരിയയും എല്ലാം അടങ്ങുന്ന അര്‍ജന്റീനയുടെ മുന്നേറ്റ നിരയെ തടഞ്ഞുനിര്‍ത്താന്‍ സൗദി പ്രതിരോധത്തിന് കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും.
4-5-1 എന്ന ഫോര്‍മാറ്റില്‍ ആയിരിക്കും സൗദി അറേബ്യ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഇറങ്ങുക എന്നാണ് കരുതുന്നത്. മിഡ് ഫീല്‍ഡില്‍ ദൗസരിയും ഫരാജും ബഹേബ്രിയും നദേയും ഷരഹിലിയും കളി നിയന്ത്രിക്കുമ്പോള്‍ യുവതാരം അല്‍ ബുറൈകാന്‍ ആക്രമണത്തിന്റെ കുന്തമുനയാകും എന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഈ ലോകകപ്പിൽ ആദ്യ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ ഒന്നും ഏഷ്യൻ ടീമുകൾക്ക് പ്രതീക്ഷ പകരുന്നതല്ല എന്നതാണ് വസ്തുത. ഉദ്ഘാടന മത്സരത്തിൽ ഖത്തർ ഇക്വഡോറിനോട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു. ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു അതിഥേയ രാഷ്ട്രം ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട് - ഇറാൻ മത്സരത്തിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങാൻ ആയിരുന്നു ഏഷ്യൻ ടീമിന്റെ വിധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...