ലീഗിലെ അവസാന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസിയെ കൂക്കി വിളിച്ച് പിഎസ്ജി ആരാധകർ. ക്ലെർമോണ്ടിനെതിരെ നടന്ന അവസാന മത്സരത്തിലാണ് ക്ലബ് വിടുന്നതിന് മെസിയോടുള്ള ഇഷ്ടക്കേട് പിഎസ്ജി ആരാധകർ പരസ്യമാക്കിയത്. മത്സരത്തിൽ 2ന് എതിരെ 3 ഗോളുകൾക്ക് പിഎസ്ജി പരാജയപ്പെട്ടെന്ന് മാത്രമല്ല കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവസാന മത്സരത്തിൽ മെസിയ്ക്ക് ഗോൾ കണ്ടെത്താൻ സാധിച്ചതുമില്ല.
പാർക് ഡെസ് പ്രിൻസസിൽ മെസിയുടെ പേര് അനൗൺസ് ചെയ്തപ്പോൾ വലിയ രീതിയിലുള്ള കൂക്കിവിളിയാണ് ഉയർന്നത്. കിക്കോഫിന് മുമ്പുള്ള ഫോട്ടോ സെഷനിലേയ്ക്ക് തന്റെ മൂന്ന് കുട്ടികളുടെയും കൈ പിടിച്ചാണ് മെസി എത്തിയത്. കഴിഞ്ഞ രണ്ട് വർഷവും നൽകിയ പിന്തുണയ്ക്ക് പിഎസ്ജിയ്ക്കും ടീം അംഗങ്ങൾക്കും പാരീസിലെ ജനങ്ങൾക്കും മെസി നന്ദി പറഞ്ഞു. കഴിഞ്ഞ മാസം സൗദി അറേബ്യയിലേക്കുള്ള ത്രയ്ക്ക് ശേഷം മെസിയെ പിഎസ്ജി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെ താരവും ക്ലബ്ബുമായുള്ള ബന്ധം വഷളായി. സൗദി അറേബ്യയിൽ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി മെസിയ്ക്ക് വാണിജ്യ കരാറുണ്ട്. ഇതിന്റെ ഭാഗമായായിരുന്നു മെസിയുടെ സൗദി യാത്ര.
പിഎസ്ജിയിലെ രണ്ട് സീസണുകളിലായി രണ്ട് ഫ്രഞ്ച് ലീഗുകളും ഫ്രഞ്ച് ചാമ്പ്യൻസ് ട്രോഫിയും നേടാൻ മെസിയ്ക്ക് കഴിഞ്ഞു. പിഎസ്ജിയ്ക്ക് വേണ്ടി 32 ഗോളുകളും 35 അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് സ്ട്രാസ്ബർഗിനെതിരെ നടന്ന മത്സരത്തിൽ 1-1 സമനില വഴങ്ങിയതോടെ പിഎസ്ജി ലീഗ് കിരീടം സ്വന്തമാക്കുകയായിരുന്നു. നിർണായക മത്സരത്തിൽ മെസിയുടെ ഗോളാണ് പിഎസ്ജിയ്ക്ക് തുണയായത്. ഇതോടെ 11-ാം ഫ്രഞ്ച് ലീഗ് കിരീടം എന്ന റെക്കോർഡ് സ്വന്തമാക്കാൻ പിഎസ്ജിയ്ക്ക് കഴിഞ്ഞു. കരിയറിലെ 496-ാമത്തെ ലീഗ് ഗോളാണ് മെസി ഈ മത്സരത്തിൽ നേടിയത്. ഇതോടെ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മെസി തകർക്കുകയും ചെയ്തു.
രണ്ട് വർഷത്തെ കരാർ അവസാനിച്ചതിന് പിന്നാലെയാണ് പാരീസ് വിടാൻ മെസി തീരുമാനിച്ചത്. പഴയ തട്ടകമായ ബാഴ്സലോണയിലേയ്ക്ക് തിരികെ എത്തുകയാണ് മെസിയുടെ ലക്ഷ്യം. എന്നാൽ ഇപ്പോഴും പ്രതിസന്ധികളേറെയാണ്. ഈ സാഹചര്യത്തിൽ വമ്പൻ ഓഫറുമായി സൗദി ക്ലബ്ബായ അൽ ഹിലാൽ മെസിയെ സമീപിച്ചിട്ടുണ്ട്. ഈ ഓഫർ സ്വീകരിച്ചാൽ സൗദിയിൽ റൊണാൾഡോയേക്കാൾ കൂടുതൽ തുക സ്വന്തമാക്കുന്ന താരമായി മെസി മാറും. മെസിയെ സംബന്ധിച്ച് ഇന്റർ മിയാമി മറ്റൊരു സാധ്യമായ ഓപ്ഷനാണ്. എന്നാൽ, ബാഴ്സലോണ തന്നെയാണ് മെസിയുടെ പ്രഥമ പരിഗണന എന്നാണ് വിവിധ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...