M.S Dhoni: ഇന്ത്യൻ ക്രിക്കറ്റിലെ 'തല'യെടുപ്പുള്ള നായകൻ; ധോണിയ്ക്ക് ഇന്ന് 42ന്റെ ചെറുപ്പം

M.S Dhoni birthday: 2007ൽ നടന്ന പ്രഥമ ടി20 ലോകകപ്പ് ഇന്ത്യയിലെത്തിച്ച ധോണി 2011ലെ ഏകദിന ലോകകപ്പും സ്വന്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 12:21 PM IST
  • ടി20, ഏകദിന ലോകകപ്പുകളും ചാമ്പ്യൻസ് ട്രോഫിയും ധോണി ഇന്ത്യയിലെത്തിച്ചു.
  • ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് തവണ ഐപിഎൽ ജേതാക്കളാക്കി.
  • ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളാണ് ധോണി.
M.S Dhoni: ഇന്ത്യൻ ക്രിക്കറ്റിലെ 'തല'യെടുപ്പുള്ള നായകൻ; ധോണിയ്ക്ക് ഇന്ന് 42ന്റെ ചെറുപ്പം

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്ന് 42-ാം പിറന്നാൾ. രണ്ട് മാസം മുമ്പ് പൂർത്തിയായ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ചാം തവണയും കിരീടത്തിലേയ്ക്ക് നയിച്ചതിന്റെ സന്തോഷത്തിലാണ് ധോണി ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നത്. നിലവിൽ കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ധോണി റാഞ്ചിയിലെ വീട്ടിൽ വിശ്രമത്തിലാണ്. 

സച്ചിൻ ടെണ്ടുൽക്കർ ഔട്ടായാൽ ടിവി ഓഫാക്കിയിരുന്ന ഒരു ജനതയെ മത്സരത്തിന്റെ അവസാന പന്ത് വരെ പിടിച്ചിരുത്തിയ താരമാണ് ധോണി. 2007ൽ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ദയനീയമായ പ്രകടനത്തിന് ശേഷം ഇനി ആര് നയിക്കുമെന്ന ചോദ്യമാണ് ബിസിസിഐയുടെ മുന്നിലേയ്ക്ക് ഉയർന്നു വന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായതോടെ ആരാധകരും കടുത്ത നിരാശയിലായി. തുടർന്നാണ് നീളൻ മുടിക്കാരനായ ധോണിയെ ഇന്ത്യയുടെ നായകനാക്കുന്നത്. ദ്രാവിഡിൽ നിന്ന് നായക സ്ഥാനമെന്ന ഭാരിച്ച ഉത്തരവാദിത്തം ധോണി കൂളായി ഏറ്റുവാങ്ങി. പിന്നീട് നടന്നത് ചരിത്രം.  

ALSO READ: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ, സൂര്യകുമാർ യാദവ് വൈസ് ക്യാപ്റ്റൻ

2007ൽ നടന്ന ടി20 ലോകകപ്പിന് വേണ്ടി ദക്ഷിണാഫ്രിക്കയിലേയ്ക്ക് ധോണിയും സംഘവും വിമാനം കയറുമ്പോൾ ഇന്ത്യൻ ആരാധകർക്ക് പോലും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. താരതമ്യേന പരിചയ സമ്പത്ത് കുറഞ്ഞ ടീമുമായി കളത്തിലിറങ്ങിയ ധോണി ഫൈനലിൽ ചിരവൈരികളായ പാകിസ്താനെയും തകർത്ത് കിരീടവുമായാണ് മടങ്ങിയെത്തിയത്. ഇതോടെ തകർച്ചയുടെ വക്കിൽ നിന്നിരുന്ന ഇന്ത്യൻ ക്രിക്കറ്റിന് പുതുജീവൻ ലഭിച്ചു.

1983ൽ കപിലിന്റെ ചെകുത്താൻമാർ മുത്തമിട്ട കപ്പ് പിന്നീട് ഒരിക്കലും ഇന്ത്യയിലെത്തിയില്ല. 2011ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പ് സച്ചിൻ എന്ന ഇതിഹാസ താരത്തിന്റെ അവസാന ലോകകപ്പാണെന്ന് ഉറപ്പിച്ച സമയം. സന്തുലിതമായ ടീമുമായി കളത്തിലിറങ്ങിയ ഇന്ത്യ ടൂർണമെന്റിലെ ഫേവറിറ്റുകളായി. കലാശപ്പോരാട്ടത്തിൽ ധോണി കാണിച്ച ആത്മവിശ്വാസവും തീരുമാനങ്ങളിലെ കൃത്യതയും ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഏകദിന ലോകകപ്പായിരുന്നു. നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാനും ധോണിയെന്ന നായകൻ തന്നെ വേണ്ടി വന്നു. 

2013ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് പോകുമ്പോഴേയ്ക്കും ഇന്ത്യൻ ടീമിലും ധോണിയിലും ബിസിസിഐയും ആരാധകരും ഒരുപോലെ വിശ്വാസമർപ്പിച്ചു. കാരണം ഇക്കാലയളവിനുള്ളിൽ തന്നെ ധോണിയ്ക്ക് കീഴിൽ 2 തവണ (2010, 2011) ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ കിരീടം ചൂടിയിരുന്നു. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യ ജേതാക്കളായതോടെ ധോണിയെന്ന നായകൻ ഇന്ത്യൻ ക്രിക്കറ്റിലെ മഹാരഥൻമാരുടെ പട്ടികയിലേയ്ക്ക് ഉയർന്നിരുന്നു. 

നീളൻ മുടിയും വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യൻ ടീമിലേയ്ക്ക് എത്തിയ ധോണി വളരെ പെട്ടെന്നാണ് ക്യാപ്റ്റൻ കൂൾ, ഫിനിഷർ എന്നീ വിശേഷണങ്ങൾ സ്വന്തമാക്കിയത്. നായകനായപ്പോൾ സ്വയം മധ്യനിരയിലേയ്ക്ക് സ്ഥാനമാറ്റം നേടി. ടോപ് ഓർഡറിലെ തകർത്തടികൾ അവസാന ഓവറുകളിലേയ്ക്ക് മാറ്റി. ഏത് സമ്മർദ്ദത്തെയും നിസാരമായി കൈകാര്യം ചെയ്തു. വിക്കറ്റിന് പിന്നിൽ പിഴവുകളില്ലാതെ തന്ത്രങ്ങൾ മെനഞ്ഞു. മിന്നൽ വേഗത്തിലുള്ള സ്റ്റംപിംഗുകൾ, വിക്കറ്റിനിടയിലെ സൂപ്പർ ഫാസ്റ്റ് ഓട്ടം..അങ്ങനെ സച്ചിന് ശേഷം ഇന്ത്യൻ ആരാധകരെ ക്രിക്കറ്റിലേയ്ക്ക് ഇത്രകണ്ട് അടുപ്പിച്ച മറ്റൊരു താരവുമില്ലെന്ന് നിസംശയം പറയാം.

ഇത്തവണത്തെ ഐപിഎൽ ധോണിയുടെ അവസാന ഐപിഎല്ലായിരിക്കുമെന്ന് എല്ലാവരും വിധിയെഴുതി. ധോണി ഇറങ്ങുന്ന ഏത് സ്‌റ്റേഡിയവും ചെന്നൈയുടെ ഹോം ഗ്രൗണ്ടിന് സമാനമായി. ധോണി നേരിട്ട ഓരോ പന്തിനും ആരാധകർ ആർത്തുവിളിച്ചു. എതിർ ടീമിന്റെ ആരാധകർ പോലും ധോണിയ്ക്ക് വേണ്ടി കൈയ്യടിച്ചു. അങ്ങനെ ഒരിക്കൽക്കൂടി ചെന്നൈയെ ജേതാക്കളാക്കിയ ശേഷം ഒരങ്കത്തിന് കൂടി തനിയ്ക്ക് ബാല്യമുണ്ടെന്നും അടുത്ത സീസണിൽ തിരികെയെത്തുമെന്നും ആരാധകർക്ക് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. അതെ, ഐപിഎല്ലിൽ ചെന്നൈയെ ആറാം തവണയും കിരീടത്തിലേയ്ക്ക് നയിക്കാൻ ധോണി തിരിച്ചുവരും. പ്രായം 42ൽ എത്തി നിൽക്കുമ്പോഴും ധോണിയുടെ കായികക്ഷമതയിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. പ്രായം കൂടുമ്പോൾ വീര്യവും കൂടുന്ന അത്ഭുത പ്രതിഭാസമായി ധോണി ഇന്നും തല ഉയർത്തി നിൽക്കുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന് സീ മലയാളം ന്യൂസിന്റെ പിറന്നാൾ ആശംസകൾ...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News