അർജൻ്റീനയുടെ സൂപ്പർ താരം ലയണൽ മെസി ലോകകപ്പിന് ശേഷവും മിന്നുന്ന ഫോമിലാണ്. കുറസാവോയ്ക്ക് എതിരെ നടന്ന മത്സരത്തിൽ മെസി ഹാട്രിക്ക് നേടി. ഇതോടെ അർജൻ്റീനയ്ക്ക് വേണ്ടി 100 ഗോളുകൾ എന്ന അഭിമാന നേട്ടവും മെസി സ്വന്തമാക്കി.
മത്സരം ആരംഭിച്ചത് മുതൽ മെസി തകർപ്പൻ ഫോമിലായിരുന്നു. സ്വതസിദ്ധമായ ശൈലിയിൽ പന്തുമായി മുന്നേറിയ മെസി മത്സരം തുടങ്ങി 37 മിനിട്ടുകൾക്കുള്ളിൽ തന്നെ ഹാട്രിക് പൂർത്തിയാക്കി. 20-ാം മിനിട്ടിലാണ് മെസി ചരിത്ര നേട്ടം സ്വന്തമാക്കിയത്. മധ്യനിര താരം ലൊ സൊൽസോയിൽ നിന്ന് പാസ് സ്വീകരിച്ച മെസി ഞൊടിയിടയ്ക്കുള്ളിൽ രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് വലം കാൽ കൊണ്ട് തൊടുത്ത ഷോട്ട് ഗോൾ കീപ്പറെ മറികടന്ന് വലയിലേയ്ക്ക്. ഒരു ലാറ്റിനമേരിക്കൻ താരം ഇതാദ്യമായാണ് രാജ്യത്തിന് വേണ്ടി 100 ഗോളുകൾ എന്ന അപൂർവ നേട്ടം സ്വന്തമാക്കുന്നത്.
ALSO READ: ചെന്നൈക്ക് തിരിച്ചടി; 16.25 കോടിക്ക് നേടിയ ബെൻ സ്റ്റോക്സ് ഐപിഎല്ലിൽ പന്തെറിയില്ല
മത്സരത്തിൻ്റെ 33-ാം മിനിട്ടിലും 37-ാം മിനിട്ടിലും മെസി വീണ്ടും ആഞ്ഞടിച്ചതോടെ കുറസാവോ പരാജയം ഉറപ്പിച്ചു. നിക്കോളാസ് ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, എയ്ഞ്ചൽ ഡി മരിയ, ഗോൺസാലോ മൊൻ്റീൽ എന്നിവരും ഗോളുകൾ നേടിയതോടെ മത്സരത്തിൽ അർജൻ്റീന എതിരില്ലാത്ത 7 ഗോളുകൾക്ക് വിജയിച്ചു.
കഴിഞ്ഞ ഡിസംബറിൽ ഖത്തറിൽ നടന്ന ലോകകപ്പ് കിരീടം നേടിയതിന് ശേഷമുള്ള രണ്ടാമത്തെ അന്താരാഷ്ട്ര മത്സരത്തിലും അർജൻ്റീന തകർപ്പൻ ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ അർജന്റീന പനാമയെ 2-0ന് പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തിലും മെസി ഗോൾ നേടിയിരുന്നു. മനോഹരമായ ഫ്രീ കിക്കിലൂടെയായിരുന്നു മെസിയുടെ ഗോൾ പിറന്നത്. നിലവിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരമാണ് ലയണൽ മെസി. ഇറാന് വേണ്ടി 109 ഗോളുകൾ നേടിയ അലി ഡായിയും പോർച്ചുഗലിന് വേണ്ടി 122 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് ഇനി മെസിയ്ക്ക് മുന്നിലുള്ളത്.
LIONEL MESSI SCORES HIS 100TH GOAL FOR ARGENTINApic.twitter.com/Zqg7TKQ9Ji
— Hamza (@lapulgafreak) March 28, 2023
അതേസമയം, ലോകകിരീടം നേടിയ ശേഷമുള്ള അർജൻ്റീനയുടെയും മെസിയുടെയും ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. CONMEBOL എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ മെസിയെ ആദരിക്കുന്നതിൻ്റെ ഭാഗമായി CONMEBOL മ്യൂസിയത്തിൽ ഇതിഹാസ താരങ്ങളായ പെലെയ്ക്കും ഡീഗോ മറഡോണയ്ക്കും ഒപ്പം അദ്ദേഹത്തിൻ്റെ പ്രതിമ കൂടി സ്ഥാപിക്കും. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ആദരസൂചകമായി ബ്യൂണസ് ഐറിസിലെ കാസ ഡി എസീസ ഇനി മുതൽ ലയണൽ ആന്ദ്രെ മെസി എന്നറിയപ്പെടുമെന്ന് എഎഫ്‌എ പ്രസിഡന്റ് ക്ലോഡിയോ ടാപിയയും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...