വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവതാരം റിഷഭ് പന്ത് ആരോഗ്യം വീണ്ടെടുക്കലിൻ്റെ പാതയിലാണ്. ഐപിഎല്ലിൻ്റെ 16-ാം സീസണ് മാർച്ച് 31ന് തുടക്കമാകാനിരിക്കെ ഡൽഹി ക്യാപിറ്റൽസ് നിരയിൽ റിഷഭ് പന്ത് ഉണ്ടാകില്ല. പന്തിൻ്റെ അഭാവത്തിൽ ഡേവിഡ് വാർണറാണ് ഡൽഹിയെ നയിക്കുക.
ടീമിനൊപ്പമില്ലെങ്കിലും ഡൽഹി ഫ്രാഞ്ചൈസിയുടെ ഹൃദയത്തിൽ പന്ത് എപ്പോഴുമുണ്ടെന്ന് പരിശീലകൻ റിക്കി പോണ്ടിംഗ് പറഞ്ഞു. പന്തിനോടുള്ള ആദരസൂചകമായി ഡൽഹി ടീമിൻ്റെ ജേഴ്സിയിലോ തൊപ്പിയിലോ താരത്തിൻ്റെ ജേഴ്സി നമ്പർ പ്രിൻ്റ് ചെയ്യുന്ന കാര്യം ടീം മാനേജ്മെൻ്റിൻ്റെ പരിഗണനയിലാണ്. പന്തിനെ ഏതെങ്കിലും വിധേന ടീമിനൊപ്പം ചേർക്കുകയെന്നതാണ് ലക്ഷ്യം. ജേഴ്സി നമ്പർ പ്രിൻറ് ചെയ്യുന്നതിലൂടെ ഒപ്പമില്ലെങ്കിലും പന്ത് തന്നെയാണ് നായകൻ എന്ന സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ഇത്തവണ തീ പാറും; റോയൽസ് ക്യാമ്പിൽ കൂറ്റൻ സിക്സറുകൾ പറത്തി സഞ്ജുവിൻ്റെ പരിശീലനം, വീഡിയോ
അതേസമയം, പന്തിന് പകരം ആരാകും വിക്കറ്റ് കീപ്പറാകുകയെന്ന കാര്യത്തിൽ ഡൽഹി ക്യമ്പിൽ ആശയക്കുഴപ്പം തുടരുകയാണ്. സർഫ്രാസ് ഖാൻ്റെ പേര് പരിഗണനയിലുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും പരിശീലന ക്യാമ്പിന് ശേഷം തീരുമാനമുണ്ടാകുമെന്നും പോണ്ടിംഗ് അറിയിച്ചിട്ടുണ്ട്.
സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്ന് കഴിഞ്ഞ സീസണിലാണ് ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസിൽ എത്തിയത്. 6.25 കോടി രൂപയ്ക്കാണ് വാർണറെ ഡൽഹി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ വാർണറായിരുന്നു ഡൽഹിയുടെ ടോപ് സ്കോറർ. അഞ്ച് അർധ സെഞ്ച്വറികൾ സഹിതം 48 റൺസ് ശരാശരിയിൽ 432 റൺസാണ് വാർണർ നേടിയത്. 150.52 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
ഏപ്രിൽ 1ന് ലക്നൌ സൂപ്പർ ജയൻറ്സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ ആദ്യ മത്സരം. പന്തിൻറെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ആര് ടീമിലെത്തും എന്ന അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പലപ്പോഴും ടീമിൻ്റെ വിജയത്തിന് വിലമതിക്കാനാകാത്ത സംഭവനകളാണ് പന്ത് നൽകിയതെന്ന് പോണ്ടിംഗിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു. കഴിഞ്ഞ ഡിസംബറിലാണ് പന്തിന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
പുതിയ എഡിഷൻ്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുക. മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന ഐപിഎല്ലാകുമോ ഇതെന്ന ആകാംക്ഷയിലാണ് ചെന്നൈ ആരാധകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...