IPL 2023: ആദ്യ ജയം തേടി ഡൽഹി, ജയിച്ചു കയറാൻ രാജസ്ഥാൻ; ഐപിഎല്ലിൽ ഇന്ന് തീപാറും

RR vs DC: സീസണിൽ കളിച്ച 2 മത്സരങ്ങളിലും പരാജയപ്പെട്ട ഡൽഹി ക്യാപിറ്റൽസിന് ഇന്ന് വിജയം അനിവാര്യമാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 8, 2023, 12:58 PM IST
  • അവസാന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടാണ് രാജസ്ഥാൻറെ വരവ്.
  • ഗുജറാത്തിനോട് 6 വിക്കറ്റിൻറെ പരാജയം ഏറ്റുവാങ്ങിയാണ് ഡൽഹി എത്തുന്നത്.
  • ബർസപാര സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.
IPL 2023: ആദ്യ ജയം തേടി ഡൽഹി, ജയിച്ചു കയറാൻ രാജസ്ഥാൻ; ഐപിഎല്ലിൽ  ഇന്ന് തീപാറും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കരുത്തൻമാരുടെ പോരാട്ടം. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഡേവിഡ് വാർണറുടെ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാജസ്ഥാൻറെ ഹോം ഗ്രൌണ്ടായ ബർസപാര സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. 

അവസാന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടാണ് രാജസ്ഥാൻറെ വരവ്. ഗുജറാത്ത് ടൈറ്റൻസിനോട് 6 വിക്കറ്റിൻറെ പരാജയം ഏറ്റുവാങ്ങിയാണ് ഡൽഹി ക്യാപിറ്റൽസ് എത്തുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ മത്സരം കൈവിട്ടതിൻറെ ക്ഷീണം മാറ്റാൻ രാജസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. മറുഭാഗത്ത്, ഈ സീസണിൽ ഇതുവരെ അക്കൌണ്ട് തുറക്കാൻ സാധിക്കാത്ത ഡൽഹിക്ക് ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പോലും കഴിയില്ല. 

ALSO READ: തകർന്നടിഞ്ഞ് രാജസ്ഥാൻ, പഞ്ചാബിന് നാല് വിക്കറ്റ് ജയം

ഇന്നത്തെ ഡൽഹി-രാജസ്ഥാൻ മത്സരം തുല്യശക്തികളുടെ പോരാട്ടമാണെന്ന് നിസംശയം പറയാം. കഴിഞ്ഞ സീസണിൽ 2 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ജയിച്ച് ഡൽഹി പകരം വീട്ടി. ഇരുടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാലും ഫലം സമാനമാണ്. ഇതുവരെ 26 മത്സരങ്ങളിലാണ് ഡൽഹിയും രാജസ്ഥാനും ഏറ്റുമുട്ടിയത്. ഇതിൽ 13 തവണ വിജയം രാജസ്ഥാനൊപ്പമായിരുന്നു എങ്കിൽ അവശേഷിക്കുന്ന 13 മത്സരങ്ങളിൽ വിജയിച്ചത് ഡൽഹിയാണ്.

കഴിഞ്ഞ മത്സരത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ ജോസ് ബട്ലർ ഇന്നത്തെ മത്സരത്തിൽ ഡൽഹിക്കെതിരെ കളിക്കുമോ എന്ന കാര്യം സംശയമാണ്. മറുഭാഗത്ത്, വിവാഹം കഴിക്കാനായി ഡൽഹിയുടെ സൂപ്പർ താരം മിച്ചൽ മാർഷ് പെർത്തിലേയ്ക്ക് പറന്നുകഴിഞ്ഞു. 

സാധ്യതാ ടീം

രാജസ്ഥാൻ റോയൽസ്: ജോസ് ബട്ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (c/wk), ദേവ്ദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, ജേസൺ ഹോൾഡർ, ആർ. അശ്വിൻ, ട്രെന്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ.

ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ (c), പൃഥ്വി ഷാ, സർഫറാസ് ഖാൻ, റിലീ റോസോ, റോവ്മാൻ പവൽ, അക്സർ പട്ടേൽ, അമൻ ഖാൻ, അഭിഷേക് പോറൽ (wk), കുൽദീപ് യാദവ്, ആൻറിച്ച് നോർച്ചെ, മുകേഷ് കുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News