IPL 2023: റാഷിദ് ഖാൻറെ ഹാട്രിക് പാഴായി, കൈവിട്ട കളി തിരിച്ചുപിടിച്ച് റിങ്കു സിംഗ്; വിശ്വസിക്കാനാകാതെ ഗുജറാത്ത്

KKR vs GT: അവസാന ഓവറിൽ തുടരെ 5 സിക്സറുകൾ പറത്തിയാണ് റിങ്കു സിംഗ് കൊൽക്കത്തയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 08:10 PM IST
  • ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുത്തിരുന്നു.
  • വെങ്കടേഷ് അയ്യർ 40 പന്തിൽ 8 ബൌണ്ടറികളും 5 സിക്സറുകളും സഹിതം 83 റൺസ് നേടി.
  • 21 പന്തുകൾ നേരിട്ട റിങ്കു 48 റൺസുമായി പുറത്താകാതെ നിന്നു.
IPL 2023: റാഷിദ് ഖാൻറെ ഹാട്രിക് പാഴായി, കൈവിട്ട കളി തിരിച്ചുപിടിച്ച് റിങ്കു സിംഗ്; വിശ്വസിക്കാനാകാതെ ഗുജറാത്ത്

ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം കൊൽക്കത്ത 3 വിക്കറ്റ് ബാക്കി നിർത്തി അവസാന പന്തിൽ മറികടന്നു. റിങ്കു സിംഗിൻറെ അവിശ്വസനീയ പ്രകടനമാണ് കൊൽക്കത്തയുടെ വിജയത്തിൽ നിർണായകമായത്. 

28 റൺസ് നേടുന്നതിനിടെ തന്നെ കൊൽക്കത്തയ്ക്ക് ഓപ്പണർമാരായ റഹ്മനുള്ള ഗുർബാസ് (15), നാരായൺ ജഗദീശൻ (6) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. തുടർന്ന് ക്രീസിലെത്തിയ വെങ്കടേഷ് അയ്യരും നായകൻ നിതീഷ് റാണയും 100 റൺസ് കൂട്ടിച്ചേർത്തു. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ വെങ്കടേഷ് അയ്യർ 40 പന്തിൽ 8 ബൌണ്ടറികളും 5 സിക്സറുകളും സഹിതം 83 റൺസ് നേടി. 29 പന്തിൽ 45 റൺസ് നേടിയ നിതീഷ് റാണ വെങ്കടേഷ് അയ്യർക്ക് മികച്ച പിന്തുണ നൽകി. 

ALSO READ: അടിച്ചു തകർത്ത് വിജയ് ശങ്കറും സുദർശനും; ഗുജറാത്തിന് കൂറ്റൻ സ്കോർ

അവസാന 4 ഓവറിൽ ജയിക്കാൻ 50 റൺസാണ് കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ, കണ്ണടച്ച് തുറക്കും മുമ്പ് റാഷിദ് ഖാൻ കളിയുടെ ഗതി മാറ്റി. ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഷർദുൽ താക്കൂർ എന്നിവരെ പുറത്താക്കി റാഷിദ് ഹാട്രിക് സ്വന്തമാക്കി. തൻറെ ടി20 കരിയറിലെ നാലാമത്തെ ഹാട്രിക്കാണ് റാഷിദ് ഖാൻ സ്വന്തമാക്കിയത്. ഇതോടെ ടി20 ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടുന്ന താരമെന്ന റെക്കോർഡ് റാഷിദ് ഖാൻ സ്വന്തമാക്കി. 

വമ്പൻ അടിക്കാർ എല്ലാവരും കൂടാരം കയറിയതോടെ കൊൽക്കത്തയ്ക്ക് വിജയലക്ഷ്യം ഏറെക്കുറെ അപ്രാപ്യമായി മാറി. 19-ാം ഓവറിൻറെ അവസാന പന്തിൽ സിക്സർ പറത്തി റിങ്കു സിംഗ് കൊൽക്കത്തയുടെ പ്രതീക്ഷ നിലനിർത്തി. ഇതോടെ അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ 29 റൺസായി. യാഷ് ദയാലിൻറെ ആദ്യ പന്തിൽ സിംഗിൾ നേടി ഉമേഷ് യാദവ് റിങ്കു സിംഗിന് സ്ട്രൈക്ക് കൈമാറി. പിന്നീട് നടന്നത് റിങ്കു സിംഗിൻറെ അവിശ്വസനീയമായ പോരാട്ടമായിരുന്നു.  5 പന്തിൽ 28 റൺസ് വിജയലക്ഷ്യത്തിലേയ്ക്ക് തുടരെ 5 സിക്സറുകളാണ് റിങ്കു പായിച്ചത്. 

കാണികളും കളിക്കാരുമെല്ലാം ഒരുപോലെ അമ്പരന്ന നിമിഷത്തിൽ റിങ്കു സിംഗ് തല ഉയർത്തി നിന്നു. 21 പന്തുകൾ നേരിട്ട റിങ്കു 48 റൺസുമായി പുറത്താകാതെ നിന്നു. 1 ബൌണ്ടറിയും 6 സിക്സറുകളുമാണ് റിങ്കുവിൻറെ ബാറ്റിൽ നിന്ന് പിറന്നത്. ഇതോടെ 3 മത്സരങ്ങളിൽ 2 വിജയങ്ങളുമായി കൊൽക്കത്ത രണ്ടാം സ്ഥാനത്ത് എത്തി. 3 കളികളിൽ 2 വിജയങ്ങളുമായി ഗുജറാത്ത് നാലാം സ്ഥാനത്തുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News