ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. വിജയിക്കുന്ന ടീമിന് രണ്ടാം സ്ഥാനത്ത് എത്താമെന്നിരിക്കെ ആവേശകരമായ മത്സരമാകും അരങ്ങേറുക. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്‌റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം അരങ്ങേറുക.
ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ചെന്നൈയുടെ അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇതോടെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 1 പോയിന്റ് മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത്. ഓപ്പണർമാരായ റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ എന്നിവർ നൽകുന്ന മികച്ച തുടക്കത്തിലാണ് ചെന്നൈയുടെ പ്രതീക്ഷ. പരിചയ സമ്പന്നരായ അജിങ്ക്യ രഹാനെ, ശിവം ദുബെ എന്നിവർക്കാണ് മധ്യനിരയുടെ ചുമതല. അമ്പാട്ടി റായിഡു, മൊയിൻ അലി എന്നിവർ അവസാന നിമിഷം ആഞ്ഞടിക്കാൻ കെൽപ്പുള്ളവരാണ്. നായകൻ എം എസ് ധോണി പതിവുപോലെ തന്നെ ഫിനിഷറുടെ റോൾ ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ട്.
ALSO READ: ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന് തിരിച്ചടി; കെ.എൽ രാഹുൽ ഐപിഎല്ലിൽ നിന്നും പുറത്ത്
ബാറ്റിംഗ് ഓർഡറിൽ ധോണിയ്ക്ക് സ്ഥാനക്കയറ്റം നൽകണം എന്നാണ് ആരാധകരുടെ ആവശ്യം. കഴിഞ്ഞ മത്സരങ്ങളിൽ ഭൂരിഭാഗവും ധോണി അവസാന ഓവറിലാണ് ബാറ്റിംഗിന് ഇറങ്ങിയത്. മത്സരത്തിൽ വലിയ സ്വാധീനം ചെലുത്താൻ ധോണിയ്ക്ക് കഴിയുമെന്നിരിക്കെ ഇന്നത്തെ മത്സരത്തിൽ ധോണി പതിവിലും നേരത്തെ കളത്തിലിറങ്ങുമെന്നാണ് സൂചന. ധോണിയ്ക്ക് മുന്നേ ക്രീസിലെത്തുന്ന ജഡേജ ഫോമിലേയ്ക്ക് ഉയരാത്തതിനാൽ ധോണി ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് വീശിയേക്കും. കഴിഞ്ഞ ദിവസം പരിശീലന സെഷനിൽ കൂറ്റൻ സിക്‌സറുകൾ പറത്തിയ ധോണി ഏറെ നേരം ക്രീസിൽ ചിലവഴിച്ചിരുന്നു.
മറുഭാഗത്ത്, നായകൻ രോഹിത് ശർമ്മയുടെ ഫോമില്ലായ്മയാണ് മുംബൈയ്ക്ക് തലവേദനയാകുന്നത്. ഈ സീസണിൽ ഇതുവരെ രോഹിത്തിന് യഥാർത്ഥ ഹിറ്റ്മാനാകാൻ കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിന്റെ പേസർ ജോഫ്ര ആർച്ചർ ടീമിലേയ്ക്ക് മടങ്ങിയെത്തിയത് മുംബൈ ക്യാമ്പിന് ആശ്വാസമേകുന്നു. എന്നാൽ, ബൗളർമാരുടെ പ്രകടനം അത്ര ആശാവഹമല്ല. ഇഷൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ തകർപ്പൻ ഫോമിലാണെന്നത് മുംബൈയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. മധ്യനിരയിൽ തിലക് വർമ്മ എന്ന യുവതാരം അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. കാമറൂൺ ഗ്രീൻ, ടിം ഡേവിഡ് എന്നിവർ എത്രത്തോളം അപകടകാരികളാണെന്ന് ഇതിനോടകം തന്നെ വ്യക്തമായി കഴിഞ്ഞു.
നിലവിൽ 10 കളികളിൽ 5 ജയങ്ങളും 4 തോൽവികളുമായി ചെന്നൈ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അവസാന മത്സരം മഴയിൽ മുങ്ങിയതോടെ 1 പോയിന്റാണ് ലഭിച്ചത്. 11 പോയിന്റുകളാണ് ചെന്നൈയ്ക്കുള്ളത്. മറുഭാഗത്ത്, 9 കളികളിൽ 5 ജയങ്ങളും 4 തോൽവികളും അക്കൗണ്ടിലുള്ള മുംബൈ 6-ാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മുംബൈയ്ക്ക് 12 പോയിന്റുകളാകും. ലക്‌നൗ, ചെന്നൈ ടീമുകൾക്ക് 11 പോയിന്റുകളായതിനാൽ പോയിന്റ് പട്ടികയിൽ മുംബൈയ്ക്ക് വൻ കുതിച്ചു ചാട്ടം നടത്താം. 14 പോയിന്റുകളുള്ള ലക്‌നൗ ആണ് ഒന്നാമത്.
സാധ്യതാ ടീം
മുംബൈ ഇന്ത്യൻസ് സാധ്യതാ ഇലവൻ: രോഹിത് ശർമ (സി), ഇഷാൻ കിഷൻ (ഡബ്ല്യുകെ), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ടിം ഡേവിഡ്, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, ജോഫ്ര ആർച്ചർ, പിയൂഷ് ചൗള, ആകാശ് മധ്വാൾ
ചെന്നൈ സൂപ്പർ കിംഗ്‌സ് സാധ്യതാ ഇലവൻ : ഡെവൺ കോൺവേ, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയിൻ അലി, എംഎസ് ധോണി (സി ആൻഡ് ഡബ്ല്യുകെ), രവീന്ദ്ര ജഡേജ, മിച്ചൽ സാന്റ്നർ/മഹീഷ് തീക്ഷണ, ദീപക് ചാഹർ, മതീശ പതിരണ, തുഷാർ ദേശ്പാണ്ഡെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...