IPL 2023: കണക്ക് തീര്‍ക്കാന്‍ മുംബൈ, ജയിച്ചു കയറാന്‍ ലക്‌നൗ; ഐപിഎല്ലില്‍ ഇന്ന് എലിമിനേറ്റര്‍ പോരാട്ടം

MI vs LSG predicted 11: ഇതുവരെ 3 തവണ ഏറ്റുമുട്ടിയപ്പോൾ ഒരിക്കൽ പോലും ലക്‌നൗവിനെ പരാജയപ്പെടുത്താൻ മുംബൈയ്ക്ക് കഴിഞ്ഞിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : May 24, 2023, 11:58 AM IST
  • ചെപ്പോക്കിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • ഇന്ന് തോൽക്കുന്ന ടീമിന് രണ്ടാമത് ഒരു അവസരം കൂടി ലഭിക്കില്ല.
  • ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിനെ നേരിടും.
IPL 2023: കണക്ക് തീര്‍ക്കാന്‍ മുംബൈ, ജയിച്ചു കയറാന്‍ ലക്‌നൗ; ഐപിഎല്ലില്‍ ഇന്ന് എലിമിനേറ്റര്‍ പോരാട്ടം

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും. അവിശ്വസനീയമായ കുതിപ്പിലൂടെയാണ് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്തിയത്. കെ.എൽ രാഹുൽ പരിക്കിനെ തുടർന്ന് പിന്മാറിയെങ്കിലും വാശിയേറിയ പോരാട്ടങ്ങളിലൂടെയാണ് ലക്‌നൗ ആദ്യ നാലിൽ ഇടം നേടിയത്. ചെപ്പോക്കിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ടീമുകളെ മറികടന്നാണ് മുംബൈ നാലാം സ്ഥാനത്ത് എത്തി പ്ലേ ഓഫിന് യോഗ്യത നേടിയത്. അതിനാൽ തന്നെ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബാറ്റിംഗ് ലൈനപ്പാണ് മുംബൈയുടെ കരുത്ത്. ഇഷൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ തുടങ്ങിയവർ ഏത് ബൗളിംഗ് നിരയ്ക്കും വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള താരങ്ങളാണ്. സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ നടന്ന അവസാന മത്സരത്തിന് സമാനമായി പരിക്കിൽ നിന്ന് മോചിതനായ യുവതാരം തിലക് വർമ്മ ഇന്നത്തെ മത്സരത്തിലും ഇംപാക്ട് പ്ലെയറായാകും കളത്തിലിറങ്ങുക. രോഹിത് ശർമ്മ ഫോമിലേയ്ക്ക് തിരിച്ചെത്തുന്നതിൻറെ ലക്ഷണങ്ങൾ കാണിക്കുന്നത് മുംബൈ ക്യാമ്പിന് ആശ്വാസമായിരിക്കുകയാണ്. സ്റ്റാർ പേസർമാരായ ജസ്പ്രീത് ബുംറയും ജോഫ്ര ആർച്ചറും ഇല്ലാതിരുന്നിട്ടും ജേസൺ ബെഹ്റൻഡോർഫും പീയുഷ് ചൗളയും അച്ചടക്കമുള്ള ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. 

ALSO READ: രാജസ്ഥാന് ബിരിയാണി ഇല്ല!! ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്ത് മുംബൈ; ബെംഗളൂരുവിലേക്ക് കണ്ണും നട്ട് രോഹിത് ശർമ്മ

മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ, കൈൽ മയേഴ്‌സ് എന്നിവരിലാണ് ലക്‌നൗ പ്രതീക്ഷയർപ്പിക്കുന്നത്. നിർണായക മത്സരങ്ങളിലെല്ലാം ഇവർ ടീമിന്റെ പ്രതീക്ഷ കാത്തവരാണ്. ഇന്ന് മുംബൈയ്ക്ക് എതിരെ ഇറങ്ങുമ്പോഴും ഈ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ആരാധകരും ഉറ്റുനോക്കുന്നത്. ക്വിന്റൺ ഡീകോക്ക് തിളങ്ങിയാൽ മുംബൈയ്ക്ക് അത് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. വേഗം കുറഞ്ഞ പിച്ചിൽ മുംബൈ ബൗളർമാരെ ലക്‌നൗ എങ്ങനെ കൈകാര്യം ചെയ്യും എന്ന് കാത്തിരുന്ന കാണണം. 

ഇരു ടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ ലക്‌നൗവിനാണ് സമ്പൂർണ ആധിപത്യം. ഈ സീസണിൽ ഉൾപ്പെടെ മൂന്ന് തവണയാണ് മുംബൈയും ലക്‌നൗവും നേർക്കുനേർ വന്നത്. ഇതിൽ മൂന്ന് തവണയും വിജയിച്ചത് ലക്‌നൗ ആയിരുന്നു. ആദ്യ ക്വാളിഫയറിൽ ഗുജറാത്തിന് എതിരെ ഇറങ്ങുമ്പോൾ ചെന്നൈ ടീമും സമാനമായ സാഹചര്യമാണ് നേരിട്ടത്. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തിനോട് ചെന്നൈയ്ക്ക് ഒരു തവണ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഗുജറാത്തിനെ ക്വാളിഫയറിൽ തകർത്ത് ചെന്നൈ ആദ്യ ജയം നേടിക്കഴിഞ്ഞു. ലക്‌നൗവിനെതിരെ കണക്ക് തീർക്കാനുള്ള മികച്ച അവസരമാണ് മുംബൈയ്ക്ക് മുന്നിലുള്ളത്. ഇന്ന് തോൽക്കുന്ന ടീമിന് രണ്ടാമത് ഒരു അവസരം കൂടി ലഭിക്കില്ലെന്നിരിക്കെ ആവേശകരമായ മത്സരത്തിന് തന്നെയാകും ചെപ്പോക്ക് ഇന്ന് വേദിയാകുക. 

സാധ്യതാ ടീം 

ലക്നൗ സൂപ്പർ ജയന്റ്സ്: ക്വിന്റൺ ഡി കോക്ക് (WK), കരൺ ശർമ്മ, ക്രുണാൽ പാണ്ഡ്യ (C), മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, പ്രേരക് മങ്കാഡ്, കെ ഗൗതം, നവീൻ ഉൾ ഹഖ്, രവി ബിഷ്നോയ്, മൊഹ്സിൻ ഖാൻ

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ (C), ഇഷാൻ കിഷൻ (WK), സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, തിലക് വർമ്മ, കാമറൂൺ ഗ്രീൻ, ക്രിസ് ജോർദാൻ, ഹൃത്വിക് ഷോക്കീൻ / കുമാർ കാർത്തികേയ / അർജുൻ ടെണ്ടുൽക്കർ, പിയൂഷ് ചൗള, ജേസൺ ബെഹ്റൻഡോർഫ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News