M S Dhoni: ലുക്കില്‍ മാത്രമല്ല, ധോണി വര്‍ക്കിലും വിന്റേജ്! ഡല്‍ഹിയെ പഞ്ഞിക്കിട്ട് നേടിയ റെക്കോര്‍ഡുകള്‍

MS Dhoni 37 vs DC: ആദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റിന് പിന്നില്‍ മാത്രം നിന്ന ധോണി മൂന്നാം മത്സരത്തിൽ ബാറ്റിംഗിനിറങ്ങിയതോടെ ചെന്നൈ ആരാധകർ ആവേശത്തിലായി. 

Written by - Zee Malayalam News Desk | Last Updated : Apr 1, 2024, 03:35 PM IST
  • മൂന്നാം മത്സരത്തിലാണ് ആദ്യമായി ബാറ്റുമായി മൈതാനത്ത് ഇറങ്ങിയത്.
  • ധോണി നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി വരവറിയിച്ചു.
  • 16 പന്തുകള്‍ നേരിട്ട ധോണി 37 റണ്‍സുമായി പുറത്താകാതെ നിന്നു.
M S Dhoni: ലുക്കില്‍ മാത്രമല്ല, ധോണി വര്‍ക്കിലും വിന്റേജ്! ഡല്‍ഹിയെ പഞ്ഞിക്കിട്ട് നേടിയ റെക്കോര്‍ഡുകള്‍

ചെന്നൈ: ഡല്‍ഹിക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആരാധകര്‍ ഹാപ്പിയാണ്. കാരണം മറ്റൊന്നുമല്ല, ഈ ഐപിഎല്ലില്‍ അവര്‍ കാണാന്‍ ആഗ്രഹിച്ചത് എന്താണോ അത് കഴിഞ്ഞ മത്സരത്തില്‍ കാണാനായി എന്നത് തന്നെ. 42കാരനായ ധോണി ഡല്‍ഹി ബൗളര്‍മാരെ പഞ്ഞിക്കിട്ടതോടെ ചെന്നൈ ആരാധകര്‍ക്ക് തോല്‍വിയും ആഘോഷമായി മാറി. 

ആദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റിന് പിന്നില്‍ മാത്രം നിന്ന ധോണി മൂന്നാം മത്സരത്തിലാണ് ആദ്യമായി ബാറ്റുമായി മൈതാനത്ത് ഇറങ്ങിയത്. മുടി നീട്ടി വളര്‍ത്തി വിന്റേജ് ലുക്കില്‍ എത്തിയ ധോണി ലുക്ക് മാത്രമല്ല, വര്‍ക്കും വിന്റേജ് തന്നെയാണെന്ന് വീണ്ടും തെളിയിച്ചു. 23 പന്തില്‍ 72 റണ്‍സ് എന്ന വിജയലക്ഷ്യം മുന്നിലുള്ളപ്പോളാണ് ധോണി ക്രീസിലെത്തിയത്. ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ പതിവ് പോലെ അക്ഷോഭ്യനായി നിന്ന ധോണി നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി വരവറിയിച്ചു. 

ALSO READ: 'തല' മാറിയെങ്കിലും ചെന്നൈയുടെ തലയെടുപ്പിന് മാറ്റമില്ല; ഗുജറാത്തിനെ 63 റൺസിന് തകർത്തു

പ്രായം കൂടുംതോറും വീര്യം കൂടി വരുന്ന വീഞ്ഞ് പോലെയാണ് താനെന്ന് അടിവരയിടുന്ന ബാറ്റിംഗ് പ്രകടനമാണ് ധോണി ഡല്‍ഹിക്ക് എതിരെ പുറത്തെടുത്തത്. 16 പന്തുകള്‍ നേരിട്ട ധോണി 37 റണ്‍സുമായി പുറത്താകാതെ നിന്നു. 4 ബൗണ്ടറികളും 3 പടുകൂറ്റന്‍ സിക്‌സറുകളുമാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ആന്‍ റിച്ച് നോര്‍ക്കിയ എറിഞ്ഞ അവസാന ഓവറില്‍ മാത്രം 20 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. 2 വീതം ബൗണ്ടറികളും സിക്‌സറുകളും അവസാന ഓവറില്‍ ധോണി നേടി. വിജയിപ്പിക്കാനായില്ലെങ്കിലും അവസാന പന്തും അതിമനോഹരമായി സിക്‌സറിന് പറത്തിയാണ് ധോണി മൈതാനം വിട്ടത്.

ഡല്‍ഹിക്ക് എതിരെ നേടിയ 37 റണ്‍സ് ധോണിയ്ക്ക് നിരവധി നേട്ടങ്ങളാണ് സമ്മാനിച്ചത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. ഐപിഎല്‍ ചരിത്രത്തില്‍ 5000 റണ്‍സ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ധോണി മാറി. ദിനേശ് കാര്‍ത്തിക് (4233), റോബിന്‍ ഉത്തപ്പ (3011), ക്വിന്റണ്‍ ഡി കോക്ക് (2812), ഋഷഭ് പന്ത് (2737) എന്നിവരാണ് ധോണിയ്ക്ക് പിന്നിലുള്ളത്. 

2. ടി20യില്‍ ആദ്യമായി 7000 റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് ധോണി സ്വന്തമാക്കി. പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ (6962), കമ്രാന്‍ അക്മല്‍ (6454) എന്നിവരാണ് പട്ടികയില്‍ തൊട്ടുപിന്നില്‍. 

3. ക്വിന്റണ്‍ ഡി കോക്ക് (8578), ജോസ് ബട്ട്ലര്‍ (7721) എന്നിവര്‍ക്ക് ശേഷം ടി20യില്‍ 7000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കൂടിയാണ് ധോണി.

4. ഒരു ഐപിഎല്‍ ഇന്നിംഗ്സിന്റെ 19, 20 ഓവറുകളില്‍ 100 സിക്സറുകള്‍ നേടുന്ന ആദ്യ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് ധോണി സ്വന്തമാക്കി. കീറണ്‍ പൊള്ളാര്‍ഡ് (57), എബി ഡിവില്ലിയേഴ്‌സ് (55), ഹാര്‍ദിക് പാണ്ഡ്യ (55), ആന്ദ്രെ റസല്‍ (51), രവീന്ദ്ര ജഡേജ (46) എന്നിവരാണ് ധോണിയ്ക്ക് പിന്നിലുള്ളത്.

5. ഒരു ഐപിഎല്‍ ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു ഓവറില്‍ 20 റണ്‍സ് നേടുന്ന താരമെന്ന നേട്ടവും ധോണി സ്വന്തം പേരിലാക്കി. 9 തവണയാണ് ധോണി ഒരു ഓവറില്‍ 20 റണ്‍സോ അതിലധികമോ നേടുന്നത്.രോഹിത് ശര്‍മ്മ (8), ഋഷഭ് പന്ത് (6), വീരേന്ദര്‍ സെവാഗ് (5), യൂസഫ് പത്താന്‍ (5), ഹാര്‍ദിക് പാണ്ഡ്യ (5) എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News