Ambati Rayudu: രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി റായിഡു; ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Rayudu set to join politics: ഐപിഎല്ലിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് റായിഡു രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 18, 2023, 02:54 PM IST
  • റായിഡു ആന്ധ്രാപ്രദേശിലെ വൈഎസ്ആർസിപിയിൽ ചേരുമെന്നാണ് സൂചന.
  • റായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി അടുത്തിടെ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
  • നിലവിൽ മേജർ ലീഗ് ക്രിക്കറ്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റായിഡു
Ambati Rayudu: രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി റായിഡു; ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു രാഷ്ട്രീയത്തിലേയ്ക്ക് എന്ന് റിപ്പോർട്ട്. തന്റെ ആറാം കിരീടം നേടിയ ശേഷം റായിഡു ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇപ്പോൾ രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  

അടുത്ത വർഷം ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റായിഡു ആന്ധ്രാപ്രദേശിലെ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയിൽ (വൈഎസ്ആർസിപി) ചേരുമെന്നാണ് സൂചന. കൃഷ്ണയിലോ ഗുണ്ടൂർ ജില്ലയിലോ ഒരു സീറ്റിൽ മത്സരിക്കുന്ന കാര്യം റായിഡു പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഗുണ്ടൂർ സ്വദേശിയായ റായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെ കഴിഞ്ഞയാഴ്ച രണ്ട് തവണ കണ്ടിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ റായിഡുവിനെ മത്സരിപ്പിക്കാൻ ജഗന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, അദ്ദേഹം നിയമസഭ തിരഞ്ഞെടുപ്പിലോ ലോക്സഭാ തിരഞ്ഞെടുപ്പിലോ മത്സരിക്കുമെന്ന  കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ALSO READ: വിൻഡീസ് പര്യടനത്തിൽ ജയ്സ്വാളിന്റെ അരങ്ങേറ്റം ഉണ്ടാകില്ല; രോഹിത് തന്നെ ക്യാപ്റ്റൻ എന്ന് റിപ്പോർട്ട്

"രാഷ്ട്രീയത്തിലേക്കുള്ള യുവാക്കൾക്ക് വലിയ പ്രചോദനമാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഒരു മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം എല്ലാ മേഖലകളിലും വികസനം നയിക്കുകയാണ് അദ്ദേഹം". ജഗനോടുള്ള ആരാധന തുറന്നുകാട്ടി റായിഡു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നൂർ അല്ലെങ്കിൽ ഗുണ്ടൂർ വെസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന കാര്യം റായിഡു പരിഗണിക്കണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മച്ചിലിപട്ടണം പരിഗണിക്കണമെന്നും പാർട്ടി വൃത്തങ്ങൾ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് സൂചന.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് എട്ട് മാസത്തിലധികം ശേഷിക്കുന്നതിനാൽ നിലവിലെ സാഹചര്യങ്ങളിൽ മാറ്റമുണ്ടായേക്കാം. നിലവിൽ ഐപിഎല്ലിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം മേജർ ലീഗ് ക്രിക്കറ്റിൽ (എംഎൽസി) പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റായിഡു. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അനുബന്ധ ഫ്രാഞ്ചൈസിയായ ടെക്‌സസ് സൂപ്പർ കിംഗ്‌സ് ടീമിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News