ഇന്ന് ലോക വന്യജീവി ദിനമാണ്. എല്ലാവർഷവും മാർച്ച് മൂന്നിനാണ് ലോക വന്യജീവി ദിനം ആചരിക്കുന്നത്. ഇന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കർ ഇന്ത്യയുടെ വന്യജീവി സമ്പത്തിനെ കുറിച്ചും ജൈവവൈവിദ്ധ്യത്തെ കുറിച്ചും ട്വീറ്റ് ചെയ്തിരുന്നു. ആ ട്വീറ്റിൽ മന്ത്രി ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റപുലികളെ തിരികെ കൊണ്ട് വരുമെന്ന് അറിയിച്ചു. 1952 ലാണ് ഇന്ത്യയിലുണ്ടായിരുന്ന ചീറ്റപുലിയ്ക്ക് പൂർണ്ണമായി വംശനാശം സംഭവിച്ചത്. ചീറ്റപുലികളെ കുറിച്ച് കൂടുതൽ അറിയാം.
1952 ലാണ് ഇന്ത്യയിലുണ്ടായിരുന്ന ചീറ്റപുലികൾക്ക് പൂർണമായി വംശനാശം സംഭവിച്ചത്. വേട്ടയാടലും ചീറ്റപുലികൾ താമസിച്ച് വന്നിരുന്ന ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതുമാണ് വംശാനാശത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
2009 ൽ അന്നത്തെ കേന്ദ്ര പരിസ്ഥിതി വനമന്ത്രിയായിരുന്ന ജയറാം രമേശ് ആഫ്രിക്കൻ ചീറ്റകളെ കൊണ്ട് വരൻ പദ്ധതി രൂപീകരിച്ചെങ്കിലും ആഫ്രിക്കൻ ചീറ്റപ്പുലികൾ ഇന്ത്യൻ ആവാസ വ്യവസ്ഥയിൽ ഉള്ള ജീവികൾ അല്ലെന്ന് ചൂണ്ടികാട്ടി 2012 ൽ സുപ്രീം കോടതി പദ്ധതി നിർത്തി വെച്ചു.
എന്നാൽ 2020ൽ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആഫ്രിക്കൻ ചീറ്റകളെ ഇന്ത്യൻ കാടുകളിലേക്ക് കൊണ്ട് വരാമെന്ന് കണ്ടെത്തിയതോടെ പരീക്ഷണ അടിസ്ഥാനത്തിൽ ആഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ട് വരാൻ സുപ്രീം കോടതി അനുമതി നൽകി.
ഇന്ത്യൻ ആവാസ വ്യവസ്ഥകളിലേക്ക് കൊണ്ട് വരുന്ന ആഫ്രിക്കൻ ചീറ്റകളെ ഈ പരിസ്ഥിതിയുമായി പരിചയപ്പെടുത്താൻ സുപ്രീം കോടതി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻടിസിഎ) മൂന്നംഗ സമിതിക്ക് നിർദ്ദേശം നൽകി.