ജീവിതം മുഴുവൻ ക്രിക്കറ്റിനായി സമർപ്പിച്ചവർ, വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ, അത് തീർച്ചയായും അവർ ജീവിതത്തിൽ എടുത്ത ഏറ്റവും കഠിനമായ തീരുമാനങ്ങളിൽ ഒന്നായിരിക്കും. എല്ലാവരും പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, ക്രിക്കറ്റ് ഉപേക്ഷിച്ച് തങ്ങളുടെ ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്സിലേക്ക് കടക്കുകയാണ് ഈ ക്രിക്കറ്റ് താരങ്ങളും.
ഫെബ്രുവരി 23നാണ് മുൻ ശ്രീലങ്കൻ ഓപ്പണർ ഉപുൽ തരംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2005-ൽ ലങ്കൻ ടീമിലെത്തിയ തരംഗ, 2019-ലാണ് അവസാനമായി ദേശീയ ജേഴ്സി അണിഞ്ഞത്. ഇടങ്കൈയ്യൻ ബാറ്റ്സ്മാനായ തരംഗ, 31 ടെസ്റ്റുകളും 235 ഏകദിനങ്ങളും 26 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 235 മത്സരങ്ങളിൽ നിന്ന് 15 സെഞ്ചുറികളും 37 അർദ്ധ സെഞ്ചുറികളും സഹിതം 33.74 ശരാശരിയിൽ 6951 റൺസാണ് ഈ താരത്തിന്റെ റെക്കോർഡിലുള്ളത്. ശ്രീലങ്ക ഫൈനലിലെത്തിയ 2007, 2011 ലോകകപ്പുകളിൽ ടീമിലംഗമായിരുന്നു തരംഗ. 2011 ലോകപ്പിൽ 395 റൺസാണ് തരംഗ ആകെ നേടിയത്.
എബി ഡിവില്ലിയേഴ്സ് നവംബർ 19നാണ് എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ടി20 ലീഗുകളിൽ അദ്ദേഹം തുടരുകയായിരുന്നു. ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള (ആർസിബി) ബന്ധം അവസാനിപ്പിച്ചെന്നാണ് ഡിവില്ലിയേഴ്സിന്റെ പ്രഖ്യാപനം. 37-ാം വയസ്സിലാണ് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ട്വിറ്ററിൽ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 2004ൽ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം 114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ടി20 ഇന്റർനാഷണലുകളിലും ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചു. എല്ലാ ഫോർമാറ്റിലും 50ന് മുകളിൽ ശരാശരിയിൽ 20,014 റൺസ് നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 47 സെഞ്ചുറികളാണ് അദ്ദേഹത്തിന്റെ ബാറ്റിൽ പിറന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50, 100, 150 റൺസ് നേടിയ താരമാണ് ഡിവില്ലിയേഴ്സ്.
ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് ഡിസംബർ 24നാണ്. 1998ലാണ് ബൗളർ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2011 ഏകദിന ലോകകപ്പും 2007 ടി20 ലോകകപ്പും നേടിയ ടീമംഗമാണ് ഹർഭജൻ സിംഗ്. ടെസ്റ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഹര്ഭജന് തന്നെയാണ് അറിയിച്ചത്. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹര്ഭജന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നമന്‍ ഓജ ഫെബ്രുവരി 15നാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2010ലായിരുന്നു 37-കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ ഒരു ഏകദിനത്തില്‍ മാത്രമാണ് താരത്തിന് ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങാന്‍ സാധിച്ചത്. ഇന്ത്യക്കായി നാല് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമേ ഓജയ്ക്ക് കളിക്കാൻ സാധിച്ചുള്ളൂ.
2004-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ ഓഗസ്റ്റ് 31-ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 16 വർഷത്തെ തന്റെ കരിയറിൽ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ടി20 മത്സരങ്ങളും ഈ ഫാസ്റ്റ് ബൗളർ കളിച്ചു. 2020 ഫെബ്രുവരിയിൽ ജോഹന്നാസ്ബർഗിൽ ഓസ്ട്രേലിയയ്ക്കെതിരെ അദ്ദേഹം തന്റെ അവസാന അന്താരാഷ്ട്ര മത്സരം - ടി20I കളിച്ചു.
നവംബർ ആറിനാണ് ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന്റെ തോൽവിക്ക് പിന്നാലെ ടീമിന്റെ ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇതുവരെ 7 ടി20 കപ്പുകളിൽ കളിച്ചിട്ടുള്ള ബ്രാവോ 2012ലും 2016ലും ടീമിനെ ചാമ്പ്യനാക്കി. 2004ലായിരുന്നു ബ്രാവോയുടെ അരങ്ങേറ്റം. അന്നുമുതൽ തുടർച്ചയായി ക്രിക്കറ്റ് കളിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആറായിരത്തിലധികം റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 199 വിക്കറ്റുകളും ടെസ്റ്റിൽ 86 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 78 വിക്കറ്റുകളാണ് താരം നേടിയത്.
2021ലെ ടി20 ലോകകപ്പിൽ നമീബിയക്കെതിരെയാണ് അസ്ഗർ അഫ്ഗാൻ അവസാനമായി കളത്തിലിറങ്ങിയത്. 33 കാരനായ താരം ആറ് ടെസ്റ്റുകളും 114 ഏകദിനങ്ങളും 75 ടി20 രാജ്യങ്ങളും കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റിലുമായി 4246 റൺസ് നേടിയിട്ടുണ്ട്.