കാൻസർ ചികിത്സയ്ക്ക് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്. രണ്ടാമതും കാൻസർ രോഗം ബാധിക്കുന്നത് തടയാൻ കഴിയുന്ന ഒരു ചികിത്സ കണ്ടെത്തിയതായാണ് കമ്പനി അവകാശപ്പെടുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും ഡോക്ടർമാരും 10 വർഷമായി ഇതിനായി പ്രവർത്തിച്ചിട്ടുണ്ട്.
Cancer Medicine by Tata Institute: രോഗികളിൽ രണ്ടാമതും കാൻസർ ഉണ്ടാകുന്നത് തടയാൻ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ഒരു ഗുളിക വികസിപ്പിച്ചെടുത്തു. റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാർശ്വഫലങ്ങളും 50 ശതമാനം കുറയ്ക്കാൻ ഈ ഗുളികയ്ക്ക് സാധിക്കുമെന്നാണ് പറയുന്നത്.
'മനുഷ്യ ക്യാൻസർ കോശങ്ങൾ ഗവേഷണത്തിനായി എലികളിൽ കുത്തിവച്ചു. അതിൻ്റെ ഫലമായി അവയുടെ ശരീരത്തിൽ മുഴകൾ രൂപം കൊള്ളുന്നതായി കണ്ടു. റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ എലികളെ ചികിത്സിച്ചു. ഈ കാൻസർ കോശങ്ങൾ നിർജീവമാകുമ്പോൾ അവ ക്രോമാറ്റിൻ കണികകൾ എന്ന ചെറിയ ശകലങ്ങളായി വിഘടിക്കുന്നതായി കണ്ടെത്തി. ഈ കണങ്ങൾക്ക് രക്തത്തിലൂടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളിൽ പ്രവേശിക്കുമ്പോൾ അവയെ കാൻസറായി മാറ്റാനും കഴിയും.' ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഒരു മുതിർന്ന സർജൻ പറഞ്ഞു.
നിർജീവമാകുന്ന ക്യാൻസർ കോശങ്ങൾ കോശ രഹിത ക്രോമാറ്റിൻ കണികകൾ പുറപ്പെടുവിക്കുന്നുവെന്ന് ടാറ്റ മെമ്മോറിയൽ സെൻ്ററിന്റെ ഗവേഷണത്തിൽ പറയുന്നു. ഇവയ്ക്ക് ആരോഗ്യമുള്ള കോശങ്ങളെ കാൻസറാക്കി മാറ്റാൻ കഴിയും. ഈ കോശങ്ങൾക്ക് ആരോഗ്യമുള്ള ക്രോമസോമുകളുമായി സംയോജിച്ച് പുതിയ മുഴകൾ സൃഷ്ടിക്കാൻ പോലും കഴിയും.
ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ ഡോക്ടർമാർ എലികൾക്ക് റെസ്‌വെറാട്രോൾ, കോപ്പർ പ്രോ-ഓക്‌സിഡൻ്റ് ഗുളികകൾ നൽകി. ഇത് ക്രോമാറ്റിൻ കണങ്ങളെ നശിപ്പിക്കും. ഓറൽ റെസ്‌വെറാട്രോളും കോപ്പറും ആമാശയത്തിൽ ഓക്സിജൻ റാഡിക്കലുകളെ ഉത്പാദിപ്പിക്കും.
ഓക്സിജൻ റാഡിക്കലുകൾ അതിവേഗം ആഗിരണം ചെയ്യപ്പെടുകയും രക്തത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൻ്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊന്നിലേക്കുള്ള കാൻസർ കോശങ്ങളുടെ ചലനത്തെ തടയുന്നു. റെസ്‌വെറാട്രോൾ, കോപ്പർ പ്രോ-ഓക്‌സിഡൻ്റ് ഗുളികകളെ 'മാജിക്' എന്നാണ് ഗവേഷകർ തങ്ങളുടെ പഠനത്തിൽ വിശേഷിപ്പിച്ചത്.
ഈ ഗുളിക കാൻസർ ചികിത്സയുടെ പാർശ്വഫലങ്ങൾ 50 ശതമാനത്തോളം കുറയ്ക്കും. രണ്ടാമത്തെ തവണ കാൻസർ ഉണ്ടാകുന്നത് തടയാൻ ഇത് 30 ശതമാനം ഫലപ്രദമാണ്. പാൻക്രിയാറ്റിക്, ശ്വാസകോശം, വായിലെ അർബുദം എന്നിവയ്ക്ക് ഇത് ഉപയോഗപ്രദമാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാൽ ഗുളിക വിപണികളിലെത്തും.
ജൂൺ-ജൂലൈ മാസങ്ങളിൽ ഈ ടാബ്‌ലെറ്റ് വിപണിയിൽ ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. കാൻസർ ചികിത്സയ്ക്ക് ലക്ഷങ്ങൾ മുതൽ കോടിക്കണക്കിന് രൂപ വരെ ചികിത്സയ്ക്ക് ഇപ്പോൾ ചെലവ് വരുന്നുണ്ടെങ്കിലും ഈ ടാബ്‌ലെറ്റ് 100 രൂപയ്ക്ക് ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും ശാസ്ത്രജ്ഞരും. മനുഷ്യശരീരത്തിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ അഞ്ച് വർഷമെടുക്കുമെന്നും റിപ്പോർട്ടുണ്ട്.