ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ വിരളമായിരിക്കും. ചിലർ ഒന്നിലധികം കാർഡുകൾ വരെ ഉപയോഗിക്കാറുണ്ട്.
Upcoming financial changes in July: സാമ്പത്തിക ആവശ്യങ്ങൾക്ക് ഏവരും വളരെ പെട്ടെന്ന് ആശ്രയിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡ്. എന്നാൽ, ജൂലൈ മാസം മുതൽ ധനകാര്യ വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ വരാൻ പോകുകയാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഇന്ത്യയിൽ കാലാകാലങ്ങളിൽ നികുതിയിലും ധനകാര്യ വ്യവസ്ഥകളിലുമെല്ലാം മാറ്റങ്ങൾ വരുന്നത് സാധാരണമാണ്. അതുവഴി എല്ലാ മാസവും എൽപിജി പോലെയുള്ള ചില പ്രധാന കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.
എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ: എസ്ബിഐയുടെ 22 ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള സർക്കാർ ഇടപാടുകൾക്ക് റിവാർഡ് പോയിൻ്റുകൾ ഉപയോഗിക്കാൻ കഴിയില്ല. ജൂലൈ 15 മുതൽ ഇത് പ്രാബല്യത്തിൽ വരും.
ഐസിഐസിഐ ക്രെഡിറ്റ് കാർഡുകൾ: ജൂലൈ 1 മുതൽ ഐസിഐസിഐ ബാങ്ക് വിവിധ ക്രെഡിറ്റ് കാർഡുകളിൽ ചില മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കാർഡുകളുടെയും കാർഡ് റീപ്ലേസ്മെന്റ് ഫീസ് 100 രൂപയിൽ നിന്ന് 200 രൂപയാക്കി പരിഷ്കരിച്ചു. എമറാൾഡ് പ്രൈവറ്റ് മെറ്റൽ ക്രെഡിറ്റ് കാർഡിന് മാത്രം ഇത് ബാധകമല്ല.
സിറ്റി ബാങ്ക്: എല്ലാത്തരം അക്കൗണ്ടുകളും മറ്റ് സൗകര്യങ്ങളും ഉടൻ തന്നെ ആക്‌സിസ് ബാങ്കിലേക്ക് മാറ്റാൻ സിറ്റി ബാങ്ക് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. ജൂലൈ 15-നകം കാലാവധി തീരുന്ന ക്രെഡിറ്റ് കാർഡുകൾ ആക്സിസ് ബാങ്കിലേക്ക് നിർബന്ധമായും മാറ്റണം.
പഞ്ചാബ് നാഷണൽ ബാങ്ക് കാർഡുകൾ: പഞ്ചാബ് നാഷണൽ ബാങ്ക് എല്ലാ റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡ് ഉടമകൾക്കും എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ ലോഞ്ച് ആക്‌സസ് സ്‌കീമിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജൂലൈ 1 മുതൽ പുതിയ ചട്ടങ്ങൾ നിലവിൽ വരും. ആഭ്യന്തര എയർപോർട്ട് അല്ലെങ്കിൽ റെയിൽവേ ലോഞ്ച് ആക്‌സസ് ഓരോ പാദത്തിലും ഒരു തവണ ലഭ്യമാകും. അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ച് പ്രവേശനം വർഷത്തിൽ രണ്ട് തവണയായി പരിമിതപ്പെടുത്തും.
പേടിഎം വാലറ്റുകൾ: 2024 ജൂലൈ 20 വരെ അക്കൗണ്ട് ഉപയോഗിക്കുകയോ ഇടപാട് നടക്കാതിരിക്കുകയോ പണം ഇല്ലാതിരിക്കുകയോ ചെയ്താൽ പേടിഎം വാലറ്റുകൾ നിർജ്ജീവമാകും.
ഐടിആർ ഫയലിംഗ്: നിങ്ങൾ പ്രതിമാസ ശമ്പളമുള്ള ആളാണെങ്കിൽ ജൂലൈ 31-നകം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം. സമയപരിധി ജൂലൈ 31ന് ശേഷം നീട്ടാനും സാധ്യതയുണ്ട്. നിങ്ങൾ ഐടിആർ ഫയൽ ചെയ്യാതിരുന്നാൽ സമയപരിധി നീട്ടിയില്ലെങ്കിൽ നിങ്ങൾ പിഴ അടയ്ക്കേണ്ടി വന്നേക്കാം.