ജമ്മു കശ്മീരില്‍ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മേഘവിസ്ഫോടനമുണ്ടായത്.
അമർനാഥ് ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഐടിബിപി വ്യക്തമാക്കുന്നത്. അപ്പർ ഹോളി കേവ്, ലോവർ ഹോളി കേവ്, പഞ്ജതർണി എന്നിവിടങ്ങളിൽ സജ്ജീകരിച്ച ക്യാമ്പുകളിലാണ് പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുന്നത്.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകൾ.
അടിയന്തര സാഹചര്യം കണക്കിലെടുത്ത്, കശ്മീരിലെ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് ജീവനക്കാരുടെ എല്ലാ അവധികളും റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ അധികൃതർ നിർദേശം നൽകി.
ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളും സൈന്യവും സംയുക്തമായാണ് രക്ഷപ്രവര്‍ത്തനം നടത്തുന്നത്. സ്ഥിതി നിയന്ത്രണ വിധേയമായെന്ന് ജമ്മുകശ്മീര്‍ ഡിജിപി അറിയിച്ചു.