പുതുവർഷം എത്താൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കേ മലയാള സിനിമ ലാഭത്തിലോ നഷ്ടത്തിലോ എന്ന് വെളിപ്പെടുത്തി നിർമ്മാതാക്കൾ.
മലയാള സിനിമയുടെ നിർമ്മാതാക്കളുടെ സംഘടനയാണ് ഈ കാര്യത്തിൽ വ്യക്തത നൽകിയിരിക്കുന്നത്.
ഈ വര്‍ഷം മലയാള സിനിമയുടെ നഷ്ടങ്ങളുടെ കണക്ക് നിരത്തി നിർമ്മാതാക്കൾ. മൊത്തം 300 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് സംഘടന പറയുന്നു.
റിലീസ് ചെയ്ത 212 ചിത്രങ്ങളില്‍ നാലെണ്ണം മാത്രമാണ് സൂപ്പര്‍ ഹിറ്റായത്. മുടക്ക് മുതല്‍ തിരിച്ചുകിട്ടിയത് 20 ചിത്രങ്ങള്‍ക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
2018, കണ്ണൂര്‍ സ്‌ക്വാഡ്, ആര്‍ഡിഎക്‌സ്, രോമാഞ്ചം എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഇരുപത് ചിത്രങ്ങള്‍ നഷ്ടമുണ്ടാക്കിയില്ലെങ്കിലും, പന്ത്രണ്ട് ചിത്രങ്ങള്‍ക്ക് മാത്രമാണ് ഈ ലിസ്റ്റില്‍ നേട്ടം അവകാശപ്പെടാനുള്ളു.
മോഹന്‍ലാല്‍ ചിത്രമായ നേര് ഉള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ കൂടിയാണ് വര്‍ഷാവസാനം തിയറ്ററുകളില്‍ എത്താനുള്ളത്, സിനിമ നിര്‍മാണം നഷ്ടക്കച്ചവടമാകുമ്പോള്‍ കൂടുതലും അടിതെറ്റിയത് പുതിയ നിര്‍മാതാക്കളാണ്.