മസ്കറ്റ്: ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും മസ്‌കറ്റിലെ ഇന്ത്യൻ സമൂഹം ഒരുക്കി കഴിഞ്ഞു. ആഗസ്റ്റ് പതിനഞ്ച് അതായത് നാളെ രാവിലെ ഏഴ് മണിക്ക് മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ സ്ഥാനപതി അമിത് നാരംഗ് ദേശീയ പതാക ഉയർത്തും. ചടങ്ങിൽ എംബസ്സിയിലെ ഉയർന്ന ഉദ്യോഗസ്ഥർ, കാര്യാലയത്തിലെ മറ്റു ജീവനക്കാർ, വിവിധ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ, സാമൂഹിക പ്രവർത്തകർ എന്നിവരും പങ്കെടുക്കും.
Also Read: അജ്മാനിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 16 ഫ്ലാറ്റുകൾ കത്തിനശിച്ചു
ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് എംബസ്സി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അതുപോലെ ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിൽ ഒരുക്കിയിരിക്കുന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, എംബസ്സി ഉദ്യോഗസ്ഥർ, സ്കൂൾ ബോർഡ് അംഗങ്ങൾ മറ്റു വിശിഷ്ടാത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. രാവിലെ എട്ടരക്ക് ആരംഭിക്കുന്ന പരിപാടികൾ പത്ത് മണിയോടുകൂടി അവസാനിക്കുമെന്നാണ് റിപ്പോർട്ട്.
ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ കലാപരിപാടികളും അവതരിപ്പിക്കും. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 15 ന് മസ്കറ്റിലെ ഇന്ത്യൻ എംബസിക്കും, ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകൾക്കും അവധിയായിരിക്കും. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്റെ കീഴിൽ 21 സ്കൂളുകളിലായി 46750 വിദ്യാർത്ഥികളാണ് അദ്ധ്യായനം നടത്തി വരുന്നത്. എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഒമാനിൽ സ്ഥിരതാമസക്കാരായിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...