നടൻ കൊച്ചുപ്രേമന്റെ സംസ്കാരം ഇന്ന്, ഡിസംബർ 4 ന് തൈക്കാട് ശാന്തികവാടത്തിൽ നടത്തും. ഭൗതികദ്ദേഹം തിരുവനന്തപുരം വലിയവിളയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. അതിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഭാരത് ഭവനിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംസ്ക്കാര ചടങ്ങുകൾ നടത്തുന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി ആർ അനിലും ഭൗതികദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഇപ്പോഴും അന്തിമോപചാരം അർപ്പിക്കാനായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മികച്ച മനുഷ്യസ്നേഹിയെയും നടനെയുമാണ് നഷ്ടപ്പെട്ടതെന്ന് പ്രമുഖർ സി മലയാളം ന്യൂസിനോട് അനുസ്മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരം അന്തരിച്ചത്. 68 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹാസ്യ താരമായി സിനിമയിൽ നിരവധി വേഷങ്ങളാണ് അദ്ദേഹം ചെയ്തത്.
ALSO READ: Kochu Preman: നടൻ കൊച്ചു പ്രേമൻ അന്തരിച്ചു
നാടകത്തിൽ നിന്നാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. കേരള തിയേറ്റേഴ്സിലും വെഞ്ഞാറമൂട് സംഘചേതനയിലും നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏഴു നിറങ്ങൾ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് രാജസേനൻ ചിത്രങ്ങളിലൂടെ മുൻനിര ഹാസ്യതാരമായി.250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.കെ എസ് പ്രേംകുമാർ എന്നായിരുന്നു കൊച്ചുപ്രേമൻ്റെ പൂർണനാമം.നടി ഗിരിജ പ്രേമനാണ് ഭാര്യ, ഏക മകൻ ഹരികൃഷ്ണൻ.
തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി.എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...