'വരാഹരൂപം' ഗാനത്തെ സംബന്ധിച്ച് കാന്താര ചിത്രത്തിന്റെ നിർമ്മാതാക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി. ഈ ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നതല്ലെന്നും കീഴ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. കാന്താരയുടെ നിർമ്മാതാക്കളായ ഹോംബാളെ ഫിലിംസാണ് കാന്താര പാട്ടിനെ സംബന്ധിച്ച തർക്കത്തിൽ കീഴ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വരാഹരൂപം എന്ന പാട്ടിന്റെ ബൗദ്ധിക അവകാശം ഉന്നയിച്ച് തൈക്കുടം ബ്രിഡ്ജ് ബാന്‍ഡും പകര്‍പ്പവകാശമുള്ള മാതൃഭൂമി മ്യൂസിക്കും പാലക്കാട്, കോഴിക്കോട് ജില്ലാ കോടതികളില്‍ നിന്ന് ഇഞ്ചങ്ഷന്‍ ഓർഡർ നേടിയിരുന്നു. ഇതിനെതിരെയാണ് ഹോംബാളെ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചത്.
തൈക്കുടം ബ്രിഡ്ജ് ബാൻഡിന്റെ നവരസ എന്ന ഗാനം പകർപ്പവകാശം വാങ്ങാതെ കാന്താര എന്ന ചിത്രത്തിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തൈക്കുടം ബ്രിഡ്ജ് കോടതിയെ സമീപിച്ചത്. തുടർന്ന് ക്ടോബര്‍ 28ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കാന്താര സിനിമയിലെ വരാഹരൂപം എന്ന ഗാനം വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്ന് വിലക്കി ഉത്തരവിറക്കി. ഇതിനെതിരെയാണ് ഹോംബാളെ ഫിലിംസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതേസമയം, വരാഹരൂപം ഗാനമില്ലാതെ കാന്താര ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോസിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. കോപ്പിയടി വിവാദത്തിനെ തുടർന്നാണ് വരാഹരൂപം പാട്ട് ഒഴിവാക്കിയത്. കോപ്പിയടി വിവാദം ഉയർത്തിയ തൈക്കുടം ബ്രിഡ്ജ് ഇത് നീതിയുടെ വിജയമാണെന്ന് പറഞ്ഞ് കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. നവരസം എന്ന തങ്ങളുടെ ഗാനത്തിന്റെ കോപ്പിയടിയാണ് വരാഹരൂപം എന്ന് അറിയിച്ച് കൊണ്ടാണ് തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തിയത്.
ALSO READ: Kantara OTT Update: 'വരാഹ രൂപം' ഗാനമില്ലാതെ 'കാന്താര' ഒടിടിയിലെത്തി; എപ്പോൾ, എവിടെ കാണാം
കന്നഡയിൽ 16 കോടി രൂപയ്ക്ക് നിർമിച്ച റിഷഭ് ഷെട്ടി ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചതോടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റി പ്രദർശനത്തിന് എത്തുകയും ചെയ്തു. തിയേറ്ററിൽ നിന്ന് തന്നെ ഏകദേശം 400 കോടിയിൽ അധികമാണ് കാന്താര കളക്ഷൻ സ്വന്തമാക്കിയത്. 150 കോടി രൂപയ്ക്കാണ് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഇതോടെ കാന്താരയുടെ ആകെ ബിസിനസ് കളക്ഷൻ 550 കോടിയിൽ കവിഞ്ഞു. ബ്രഹ്മാണ്ഡ ചിത്രമെന്നോ പാൻ ഇന്ത്യൻ ചിത്രമെന്നോ പ്രചരണങ്ങളോ പിആർ വർക്കുകളോ ഒന്നുമില്ലാതെയാണ് കാന്താര വൻ വിജയമായത്.
കേരളത്തിൽ മലയാള ചിത്രങ്ങൾക്ക് ഒപ്പം 50 ദിവസങ്ങളോളം കാന്താര പ്രദർശനം നടത്തി. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റിഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാന്താരയ്ക്ക് മികച്ച നിരൂപക പ്രശംസയും നേടാൻ കഴിഞ്ഞിരുന്നു. കെജിഎഫ് ഒരുക്കിയ ഹോംബാളെ ഫിലിംസാണ് ചിത്രം നിർമിച്ചത്. ബി. അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കർണാടകയിലെ പരമ്പരാഗത കലകളായ കാംബ്ല, ഭൂത കോല (കേരളത്തിലെ തെയ്യം) എന്നിവ ആധാരമാക്കിയുള്ള ഒരു ആക്ഷൻ ഡ്രാമയായാണ് കാന്താര ഒരുക്കിയത്.
ദക്ഷിണേന്ത്യൻ ചിത്രങ്ങളായ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ: 1, നാഗാർജുനയുടെ ഗോസ്റ്റ്, ചിരഞ്ജീവിയുടെ ഗോഡ്ഫാദർ എന്നിവയുമായി ബിഗ് സ്‌ക്രീനിൽ ഏറ്റുമുട്ടിയെങ്കിലും ബോക്‌സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കിയത് കാന്താരയാണ്.16 കോടി ബജറ്റിൽ ഒരുക്കിയ ആക്ഷൻ ഡ്രാമ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ 50 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടി. ഇന്ത്യയിൽ മാത്രമല്ല, അന്താരാഷ്‌ട്ര തലത്തിലും കാന്താര മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...