നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം സിനിമയുടെ ടിസർ പുറത്ത്. ചിത്രം മാർച്ച് പത്തിന് തീയറ്ററുകളിൽ എത്തും. മൂന്ന് തവണയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതിന് ശേഷം മാറ്റിവെച്ചിട്ടുള്ളത്. ഏറ്റവും ഒടുവിലായി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് തുറമുഖത്തിന്റെ എല്ലാ അവകാശങ്ങളും സ്വന്തമാക്കി കൊണ്ടാണ് ചിത്രം തിയറ്ററുകളിലേക്കെത്തുന്നത്.
പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ചിത്രത്തിൽ നിവിൻ പോളി നെഗറ്റീവ് ഷേയ്ഡ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അർജുൻ അശോകനാണ് നായകനെന്ന് നിവിൻ പോളി സിനിമയുടെ പ്രചാരണാർഥമുള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ALSO READ : Kerala Crime Files: ആദ്യ മലയാളം വെബ് സീരീസുമായി ഡിസ്‌നി ഹോട്ട്സ്റ്റാർ; 'കേരള ക്രൈം ഫയൽസ്' വരുന്നു
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപൻ ചിദംബരം തിരക്കഥയെഴുതുന്ന ചിത്രം എന്ന പ്രത്യേകത കൂടി തുറമുഖത്തിനുണ്ട്. ഗോപൻ ചിദംബരത്തിന്റെ അച്ഛൻ രചിച്ച നാടകത്തെ ആസ്ഥാനമാക്കിയുള്ള സിനിമയാണ് തുറമുഖം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് ദർശന രാജേന്ദ്രൻ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ, ജോജു ജോർജ്, അർജുൻ അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ടും ജോസ് തോമസുമാണ് സിനിമ നിർമിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ രാജീവ് രവി തന്നെയാണ്. അൻവർ അലിയുടെ വരികൾക്ക് കെയും ഷാഹ്ബാസ് അമാനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ബി അജിത് കുമാറാണ് എഡിറ്റർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...