മാർവൽ ഫേസ് ഫോറിലെ ഏറ്റവും മികച്ച 5 വില്ലന്മാർ

ഫേസ് ഫോറിൽ റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും സീരീസുകളും ആരാധകരിൽ ഒരു വലിയ വിഭാഗത്തെ നിരാശപ്പെടുത്തി

Written by - Ajay Sudha Biju | Edited by - Bhavya Parvati | Last Updated : Nov 16, 2022, 01:56 PM IST
  • ആരാധകരിൽ ഒരു വലിയ വിഭാഗത്തെ നിരാശപ്പെടുത്തി
  • വില്ലൻ കഥാപാത്രമാണ് ആർതർ ഹാരോ
മാർവൽ ഫേസ് ഫോറിലെ ഏറ്റവും മികച്ച 5 വില്ലന്മാർ

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ ഏറ്റവും വിമർശനം നേരിട്ട കണ്ടന്‍റുകൾ പുറത്തിറങ്ങിയത് ഫേസ് ഫോറിന്‍റെ ഭാഗമായാണ്. ഫേസ് ഫോറിൽ റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും സീരീസുകളും ആരാധകരിൽ ഒരു വലിയ വിഭാഗത്തെ നിരാശപ്പെടുത്തി. ഇതിന് സമാനമായിത്തന്നെ മാർവലിന്‍റെ ഫേസ് ഫോറിലെ വില്ലന്മാരും വലിയ വിമർശനങ്ങൾ നേരിട്ടു. വില്ലന്മാരിൽ ഭൂരിഭാഗവും ഒരേ സ്വഭാവം വച്ചുപുലർത്തുന്നവരാണെന്നാണ് പ്രധാനമായി ഉയർന്ന ആക്ഷേപം. മാർവലിന്‍റെ ഭൂരിഭാഗം വില്ലന്മാരും ചിത്രത്തിന്‍റെ ക്ലൈമാക്സിനോട് അടുപ്പിച്ച് നല്ലവരായി മാറുന്നു എന്നായിരുന്നു കൂടുതൽ പേരും പരാതിപ്പെട്ടത്. ഇതിൽ കുറച്ചൊക്കെ സത്യമുണ്ടെന്നും പറയാം. എന്നാൽ ഈ കൂട്ടിത്തിൽത്തന്നെ പ്രേക്ഷകരെ വളരെയധികം ഭയപ്പെടുത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്ത കുറച്ച് വില്ലന്മാരും ഫേസ് ഫോറിലുണ്ടായിരുന്നു. ഇവരിൽ ഏറ്റവും മികച്ച 5 വില്ലന്മാരെ നമുക്കൊന്ന് പരിചയപ്പെടാം. 

1. ആർതർ ഹാരോ - മൂണ്‍ നൈറ്റ്

മൂൺനൈറ്റ് എന്ന മാർവൽ വെബ് സീരീസിലെ വില്ലൻ കഥാപാത്രമാണ് ആർതർ ഹാരോ. ഏതൻ ഹാക്കാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈജിപ്ത്യൻ ദൈവമായ അമിത്തിനെ പിൻതുടരുന്ന ആളാണ് ആർതർ ഹാരോ. അതിന് മുൻപ് ഖോൻഷു എന്ന ദൈവത്തിന്‍റെ അവതാരായിരുന്ന ഈ കഥാപാത്രം പിന്നീടാണ് അമിത്തിന്‍റെ പാതയിലേക്ക് നീങ്ങുന്നത്. അമിത്തിനെ മറ്റ് ദൈവങ്ങൾ ചേർന്ന് ആവാഹിച്ച് വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് മോചിപ്പിക്കാനാണ് ഈ കഥാപാത്രം ലക്ഷ്യമിടുന്നത്. അതിന് തന്‍റെ പാതയിൽ തടസ്സം നിൽക്കുന്ന ഖോൻഷുവിന്‍റെ അവതാറായ മൂൺനൈറ്റിനെ ചെറുത്ത് തോൽപ്പിക്കാൻ ശ്രമിക്കുന്ന ഈ കഥാപാത്രം സീരീസിന്‍റെ ഒന്നാമത്തെ എപ്പിസോഡ് മുതൽ തന്നെ സ്ക്രീനിൽ നിറഞ്ഞ് നിൽപ്പുണ്ട്.   ചില മാനസിക പ്രശ്നങ്ങൾ നേരിടുന്ന നായകനെ മാനസികമായി തളർത്താനാണ് ആർതർ ഹാരോ പ്രധാനമായും ശ്രമിക്കുന്നത്. തന്‍റെ കൈക്കരുത്തിനേക്കാൾ ബുദ്ധി ശക്തി ഉപയോഗിച്ച് നീക്കങ്ങൾ നടത്തുന്ന ഒരു പ്രതിനായക കഥാപാത്രമായിരുന്നു ആർതർ ഹാരോ.

2. സ്കാർലറ്റ് വിച്ച് - ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്

ഡോക്ടർ സ്ട്രെയ്ഞ്ചിന്‍റെ രണ്ടാം ഭാഗമായ ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസിലെ വില്ലൻ കഥാപാത്രമായിരുന്നു സ്കാർലറ്റ് വിച്ച് എന്ന വാണ്ട മാക്സിമോഫ്. എലിസബത്ത് ഓൾസണാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ ഇതുവരെ ഒരു പോസിറ്റീവ് ക്യാരക്ടറായിരുന്ന വാണ്ട പക്കാ വില്ലത്തിയാകുന്നത് ഈ സിനിമയിലൂടെയാണ്. ഡാർക്ക് ഹോൾഡ് എന്ന ബുക്ക് വായിക്കുന്നതിലൂടെയാണ് ഈ കഥാപാത്രം തെറ്റായ പാതയിലേക്ക് നീങ്ങുന്നത്. മൾട്ടീവേഴ്സിൽ ഏതെങ്കിലും യൂണിവേഴ്സിലുള്ള തന്‍റെ മക്കളെ സ്വന്തമാക്കാൻ വേണ്ടി സ്കാർലറ്റ് വിച്ച് ചെയ്ത് കൂട്ടുന്ന ക്രൂരതകൾ പ്രേക്ഷകരെ ഭയപ്പെടുത്തുന്നതായിരുന്നു. ഒരു ഹൊറർ ചിത്രം കൂടിയായ ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസിലെ പ്രധാന ഹൊറർ എലമെന്‍റ് തന്നെ ഈ കഥാപാത്രം ആയിരുന്നു.

3. വെൻവു - ഷാങ് ചി ആന്‍റ് ദി ലെജന്‍റ് ഓഫ് ടെൻ റിങ്സ്

ഷാങ് ചി ആന്‍റ് ദി ലെജന്‍റ് ഓഫ് ടെൻ റിങ്സ് എന്ന ചിത്രത്തിലെ വില്ലനാണ് വെൻവു എന്ന മാൻഡ്രിൻ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജനിച്ച ഈ കഥാപാത്രം ടെൻ റിങ്സ് എന്ന പ്രത്യേക ആയുധത്തിന്‍റെ ശക്തി കൊണ്ട് ഇന്നത്തെക്കാലത്തും ജീവിക്കുന്നുണ്ട്. ഇയാളുടെ മകനാണ് നായകനായ ഷാങ് ചി. മരിച്ചുപോയ ഈ കഥാപാത്രത്തിന്‍റെ ഭാര്യയെ അവരുടെ വീട്ടുകാർ തടങ്കലിൽ വച്ചിരിക്കുകയാണെന്ന് വിചാരിച്ച് ചില ദുഷ്ട ശക്തികളെ മോചിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ കഥാപാത്രം ഈ സിനിമയിലുടനീളം ചെയ്യുന്നത്. അതിന് വേണ്ടി സ്വന്തം മകനെപ്പോലും ഇയാൾ കൊല്ലാൻ ശ്രമിക്കുന്നുണ്ട്. മാർവലിന്‍റെ ഫേസ് ഫോറിലെ ഏറ്റവും സ്റ്റൈലിഷായ വില്ലൻ കഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണ് വെൻവു. ടോണി ല്യൂങ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ മികച്ച പ്രകടനം കാരണം സിനിമയിൽ നായകനെക്കാൾ ആരാധകരെ സൃഷ്ടിക്കാൻ ഈ കഥാപാത്രത്തിന് സാധിച്ചു. 

4. ഗ്രീൻ ഗോബ്ലിൻ - സ്പൈഡർമാൻ നോ വേ ഹോം

സ്പൈഡർമാൻ നോ വേ ഹോമിലെ പ്രധാന വില്ലനാണ് ഗ്രീൻ ഗോബ്ലിൻ. മൾട്ടീവേഴ്സൽ പോർട്ട് ഓപ്പണാകുമ്പോൾ മറ്റൊരു യൂണിവേഴ്സിൽ നിന്ന് മാർവലിന്‍റെ മെയിൻ യൂണിവേഴ്സിലേക്ക് വരുന്ന വില്ലനാണ് ഗോബ്ലിൻ. 2002 ൽ പുറത്തിറങ്ങിയ ആദ്യത്തെ സ്പൈഡർമാൻ ചിത്രത്തിലെ വില്ലൻ കൂടിയായിരുന്നു ഈ കഥാപാത്രം. വില്ല്യം ഡഫോയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്പൈഡർമാൻ നോ വേ ഹോം എന്ന ചിത്രത്തിൻ ഗ്രീൻ ഗോബ്ലിൻ ഉൾപ്പെടെ 5 വില്ലന്മാർ ഉണ്ടെങ്കിലും നായകനായ സ്പൈഡർമാനെ ഏറ്റവും കൂടുതൽ വെള്ളം കുടിപ്പിക്കുന്നത് ഈ കഥാപാത്രമാണ്. ആദ്യ സ്പൈഡർമാൻ ചിത്രം പുറത്തിറങ്ങി 19 വർഷം കഴിഞ്ഞിട്ടും പഴയ അതേ ഊർജത്തോടെയായിരുന്നു വില്ല്യം ഡഫോ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗ്രീൻ ഗോബ്ലിന്‍റെ ചില സൈക്കോ നോട്ടവും ചിരിയുമെല്ലാം ആ കഥാപാത്രത്തിന്‍റെ വില്ലനിസത്തിന്‍റെ തോത് കൂട്ടുന്നുണ്ട്. 

5. നേമോർ - ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ

ഫേസ് ഫോറിലെ അവസാന ചലച്ചിത്രമായ ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിലെ വില്ലൻ കഥാപാത്രമായിരുന്നു നേമോർ. ടെനോച്ച് ഹുവർട്ടെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വില്ലനോട് പ്രേക്ഷകർക്ക് സ്നേഹവും അനുകമ്പയും തോന്നുന്ന തരത്തിൽ ശക്തമായ ഒരു ഒറിജിൻ സ്റ്റോറിയുടെയും ബാക്ക് സ്റ്റോറിയുടെയും പിൻ ബലത്തോടെ അവതരിപ്പിക്കപ്പെട്ട കഥാപാത്രമായിരുന്നു നേമോർ. അതുകൊണ്ട് തന്നെ ഫേസ് ഫോറിലെ ഏറ്റവും മികച്ച വില്ലനെന്ന് പറയാൻ സാധിക്കുന്നത് നേമോറിനെ തന്നെയാണ്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ മ്യൂട്ടന്‍റ് കൂടിയാണ് ഈ കഥാപാത്രം.  കടലിനടിയിലെ തന്‍റെ സാമ്രാജ്യത്തിലെ ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടി ഏക് അറ്റം വരെയും പോകാൻ മടിക്കാത്ത കഥാപാത്രമാണ് നേമോർ. മാർവലിന്‍റെ ഭാവിയിലും ഈ കഥാപാത്രം വളരെ സുപ്രധാനമായ പങ്ക് വഹിക്കാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News