രജനികാന്തിന്റെ 171ാമത്തെ ചിത്രം പ്രഖ്യാപിച്ച് സൺ പിക്ചേഴ്സ്. 'തലൈവർ 171' എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് രജനികാന്ത്-ലോകേഷ് ചിത്രത്തിൻറെ നിർമ്മാണം. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുക. ചിത്രത്തിന്റെ രചനയും ലോകേഷ് കനകരാജ് തന്നെയാണ് നിർവഹിക്കുന്നത്. ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കുന്നത് അൻപറിവാണ്. ഇത്രയും വിവരങ്ങളാണ് സൺ പിക്ചേഴ്സ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്.
ലോകേഷ് - വിജയ് ചിത്രം ലിയോയുടെ റിലീസിന് ശേഷമാകും തലൈവർ 171ന്റെ ജോലികളിലേക്ക് കടക്കുക. ഒക്ടോബർ 19ന് ലിയോ തിയേറ്ററുകളിലെത്തും. വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ബാബു ആന്റണി, മാത്യൂ തോമസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. കശ്മീരിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ശ്രീ ഗോകുലം മൂവീസാണ് ലിയോ കേരളത്തിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായും റിപ്പോർട്ടുണ്ട്.
അതേസമയം തലൈവർ 170യുടെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജയ് ഭീം ഒരുക്കിയ ടിജെ ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അമിതാഭ് ബച്ചൻ അഭിനയിക്കുന്നു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്ന ചിത്രങ്ങൾക്ക് ശേഷം 32 വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഒത്തുചേരലാണ് വീണ്ടും സംഭവിക്കാനായി ഒരുങ്ങുന്നത്. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്. ചിത്രത്തിൽ രജനികാന്തിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിൽ ആണെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
Also Read: Theeppori Benny: നിറയെ ചിരിയും അൽപ്പം രാഷ്ട്രീയവുമായി 'തീപ്പൊരി ബെന്നി' എത്തുന്നു; ട്രെയിലർ പുറത്ത്
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ചെന്നൈ ഫിലിം സിറ്റിയിൽ സിനിമയ്ക്കായി സെറ്റ് തയാറായിക്കഴിഞ്ഞുവെന്നാണ് വിവരം. ശർവാനന്ദ് ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം. നടൻ നാനിയെ ആണ് ശർവാനന്ദിന്റെ റോളിൽ ആദ്യം അണിയറക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് നടന്നില്ല. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ആണ് രജനിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിൽ മൊയ്‌ദീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്.
ജയിലർ ആണ് രജനികാന്ത് ഒടുവിലായി അഭിനയിച്ച് റിലീസ് ചെയ്ത ചിത്രം. ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ചിത്രം 500 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. നെൽസൺ സംവിധാനം ചെയ്ത ചിത്രം കലാനിധി മാരനാണ് നിർമ്മിച്ചത്. അനിരുദ്ധ് ആയിരുന്നു സംഗീതം. രമ്യ കൃഷ്ണൻ, തമന്ന, മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ്, വിനായകൻ, യോഗി ബാബു, വസന്ത് രവി, സുനിൽ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...