"അവർക്ക് ധൈര്യമുണ്ടെങ്കിൽ ഞാൻ പാടാം" - ശ്രീകാന്ത് ഹരിഹരൻ പറയുന്നു.

തമിഴിൽ അൻപതിലേറെ ഗാനങ്ങൾ പാടിക്കഴിഞ്ഞു.ഒരു വേദാന്തിയുടെ പാകതയിലാണ് ശ്രീകാന്തിൻെറ സംഭാഷണം. 

Written by - ആർ ബിനോയ് കൃഷ്ണൻ | Edited by - M.Arun | Last Updated : Oct 28, 2022, 05:25 PM IST
  • അർഹിക്കുന്ന ഉയരങ്ങളിൽ എത്താനാകാത്തതിൻ്റെ വിഷമം ബി അരുന്ധതി എന്ന ഗായികയ്ക്കുണ്ട്
  • യുവൻ സാറിൻ്റേത് വേറിട്ട ശൈലിയാണ്
  • "റഹ് മാൻ സാർ പ്രത്യേക സ്കൂൾ ആണ്
"അവർക്ക് ധൈര്യമുണ്ടെങ്കിൽ ഞാൻ പാടാം" - ശ്രീകാന്ത് ഹരിഹരൻ പറയുന്നു.

നമ്മൾ ഒന്നു കണക്കുകൂട്ടും, ജീവിതം മറ്റൊരിടത്തേക്ക് നയിക്കും. സിനിമാസംഗീതം വേണ്ടെന്ന് കരുതിയപ്പോഴാണ് പാടാൻ അവസരം കിട്ടിയത്. പാട്ടു മാത്രം മതിയെന്ന് കരുതിയപ്പോൾ സംഗീതസംവിധാനം ചെയ്യാൻ തോന്നി. ഓരോന്ന് തോന്നും മറ്റു ചിലത് സംഭവിക്കും. ഇതൊക്കെയാണെങ്കിലും ഗായകനായിരിക്കുകയാണ് എന്നെ സംബന്ധിച്ച് പ്രധാനം. ഞാൻ ജീവിതത്തെ മനസ്സിലാക്കുന്നതും സംഗീതത്തിൻെറ 
തറയിൽ നിന്നുകൊണ്ടാണ് "- ശ്രീകാന്ത് ഹരിഹരൻ പറയുന്നു. 

ഒരു വേദാന്തിയുടെ പാകതയിലാണ് ശ്രീകാന്തിൻെറ സംഭാഷണം. തമിഴിൽ അൻപതിലേറെ ഗാനങ്ങൾ പാടിക്കഴിഞ്ഞു. ബിഗിലും പൊന്നിയിൻ സെൽവനുമടക്കം എ ആർ റഹ് മാൻെറ ആറു പാട്ടുകളും യുവൻ ശങ്കർ രാജയുടെ പാട്ടും ഇതിൽ പെടും. മലയാളം, കന്നഡ, തെലുങ്ക്, ബംഗാളി ഭാഷകളിലും പാടിയ ശ്രീകാന്തിനോട് ഇതരഭാഷകളിൽ പാടാൻ ലഭിച്ച അവസരത്തെ പറ്റി ചോദിച്ചാൽ മറുപടി ഇങ്ങനെ - "അവർക്ക് ധൈര്യമുണ്ടെങ്കിൽ ഞാൻ പാടാം".

മലയാളത്തിൽ പത്തോളം പാട്ടുകൾ മാത്രമാണ് പാടിയത്. കൂടുതൽ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. തുടക്കത്തിൽ പല സംഗീതസംവിധായകരോടും ചാൻസ് ചോദിച്ചിരുന്നു. അവരൊന്നുമല്ല പാടിച്ചത്. പ്രസാദ് ജി എഡ്വേഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളത്തിൽ പുതിയ പ്രൊജക്ട്.

ഈ ചിത്രത്തിൽ സതീഷ് രാമചന്ദ്രൻെറ ഈണത്തിൽ ഒരു പാട്ടു പാടി.ഗായകൻ എന്ന നിലയിൽ താൻ മെച്ചപ്പെടുകയും തനിക്കു ചേർന്ന പാട്ട് സിനിമയിൽ ഉണ്ടാവുകയും ചെയ്യുമ്പോൾ മലയാളത്തിൽ സ്വാഭാവികമായി അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് ശ്രീകാന്ത് പങ്കുവയ്ക്കുന്നത്.

അവസരം ചോദിക്കാൻ മടി, സ്വയം പരിഷ്കരിക്കാൻ ശ്രമം.

തുടക്കത്തിൽ അവസരം ചോദിച്ചു. ആ സംഗീതസംവിധായകരുടെ സിനിമകളിൽ ഇതുവരെ പാടാൻ സാധിച്ചിട്ടില്ല. സ്വതവേ അൽപ്പം പിന്നോട്ടു വലിയുന്ന സ്വഭാവമാണ് എൻേറത്. പിന്നീട് ആലോചിച്ചപ്പോൾ അവസരം ചോദിക്കുന്നത് ശരിയല്ലെന്ന് തോന്നി. അവരുടെ ആവശ്യങ്ങൾക്ക് ഞാൻ യോജിക്കുക കൂടി വേണം. നവാഗതർ അടക്കം എല്ലാ സംഗീത സംവിധായകരോടുമൊപ്പം പ്രവർത്തിക്കാൻ 
ആഗ്രഹമുണ്ട്- ശ്രീകാന്ത് പറഞ്ഞു.

മറ്റു ഭാഷകളിൽ പാടുന്നത് വലിയ കഴിവാണ്. പാടുമ്പോൾ അവർക്ക് അപരിചിതത്വം തോന്നാൻ പാടില്ല. ആ നാട്ടുകാരൻെറ ഉച്ചാരണം വേണം. അക്കാര്യത്തിൽ മെച്ചപ്പെടുന്നതായി തോന്നുന്നുണ്ട്. പാട്ടിൻെറ ഭാവം നന്നാകുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം. തുടക്കത്തിൽ ഇങ്ങനെയായിരുന്നില്ല. എങ്ങനെയാണ് പാട്ട് നന്നാക്കുന്നതെന്ന് പഠിക്കാൻ ശ്രമിച്ചു. അനുഭവസമ്പന്നരുടെ വാക്കുകൾക്ക് വിലകൊടുത്തു.

"പാട്ടിനോട് താത്പര്യം തോന്നിയത് വൈകിയാണ്. ഞാൻ പാടുമെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞതും വൈകിയാണ് " ശ്രീകാന്ത് പറയുന്നു. 

അമ്മ ശുപാർശ ചെയ്യില്ല, ചെയ്താലും സ്വീകരിക്കില്ല

"ശരിയാണ്. ഗായിക ബി അരുന്ധതിയുടെ മകനായത് സ്റ്റുഡിയോയിലേക്കുളള വഴി  എളുപ്പമാക്കും. പക്ഷെ ആ എളുപ്പവഴി അമ്മ പിന്തുണയ്ക്കില്ല. അമ്മ പിന്തുച്ചാൽ ഞാൻ സ്വീകരിക്കുകയുമില്ല. കാരണം, സംഗീതത്തിൽ തുല്യാവസരം വേണം. ആര് ആദ്യം വരുന്നു എന്നതിനല്ല, നമ്മൾ അതിന് യോഗ്യനാണോ എന്നതാണ് പ്രധാനം"- ശ്രീകാന്ത് പറയുന്നു.

റിയാലിറ്റി ഷോകളിൽ പങ്കെടുത്തു. അവിടന്നാണ് ശ്രദ്ധയിലേക്ക് വരുന്നത്. നമ്മൾ ഈ ജോലിക്ക് യോഗ്യനാണോ എന്നത് വളരെ പ്രധാനമാണ്. പ്രാക്ടീസിന് വലിയ ശ്രദ്ധ കൊടുക്കുന്നുണ്ട്. കൂടുതൽ ശ്രദ്ധ കൊടുക്കും. ആറു വർഷമായി ഹിന്ദുസ്ഥാനി പഠിക്കുന്നു. പാടുന്നതിനൊപ്പം വർഷത്തിൽ ഒന്നോ രണ്ടോ മ്യൂസിക് കവറുകൾ ചെയ്യുന്നുണ്ട്. അത്  അറേഞ്ച്മെൻ്റ് പഠിക്കാനാണ്. സംഗീത സംവിധാനത്തിലേക്കുളള ചുവടുവയ്പ്പാണോ എന്ന് ഇപ്പോൾ പറയാൻ സാധിക്കുന്നില്ല. നല്ലതു സംഭവിക്കട്ടെ. 

എആർ റഹ്മാൻ, യുവൻ ശങ്കർ രാജ

"റഹ് മാൻ സാർ പ്രത്യേക സ്കൂൾ ആണ്. അദ്ദേഹത്തിൻ്റെ ചടുലത, ആശയങ്ങളിലെ വൈവിധ്യം, പാട്ടിന് നൽകുന്ന ഭാവം എന്നിവ എടുത്തു പറയണം. ഇങ്ങനെയൊക്കെ പാടാൻ നമുക്ക് ‌സാധിക്കുമായിരുന്നോ എന്ന് അദ്ഭുതപ്പെടും. പൊന്നിയിൻ സെൽവനിൽ പാട്ട്  പാടിയതിനൊപ്പം മ്യൂസിക് സൂപ്പർവിഷൻ നിർവഹിക്കാനും അവസരം ലഭിച്ചു. ഇതര ഭാഷകളിൽ ഗായകരെ കൊണ്ട് പാടിക്കാനും പാടുമ്പോൾ സാഹിത്യം സൂക്ഷ്മമായി പരിശോധിക്കാനും അദ്ദേഹം ചുമതലപ്പെടുത്തി. ഗായകനെ പഠിപ്പിക്കാൻ അദ്ദേഹം എന്നെ പഠിപ്പിച്ച പാട്ടുമുണ്ട്.

യുവൻ സാറിൻ്റേത് വേറിട്ട ശൈലിയാണ്. ഈണങ്ങൾ അദ്ദേഹത്തിൻ്റേതു മാത്രമായ കാഴചപ്പാടിലാണ്. അത് പിന്തുടരാൻ തന്നെ ഗായകർക്ക് എളുപ്പമല്ല"- ശ്രീകാന്ത് പറഞ്ഞു.
  
അമ്മ എന്ന മഹാപ്രതിഭ

അർഹിക്കുന്ന ഉയരങ്ങളിൽ എത്താനാകാത്തതിൻ്റെ വിഷമം ബി അരുന്ധതി എന്ന ഗായികയ്ക്കുണ്ട്. സിനിമയിലും വ്യക്തിപരമായും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോൾ അത് പോസിറ്റിവ് ആയി എടുക്കാം. സിനിമയിൽ അമ്മ തിരക്കിലാവാതിരുന്നതുകൊണ്ടാണ് അമ്മയ്ക്കൊപ്പം കൂടുതൽ നിമിഷങ്ങൾ ഞങ്ങൾക്ക് ലഭിച്ചത്. അമ്മയുടെയും അവരുടെ കാലത്തെ കൂട്ടായ്മയിലുളള ഗായകരുടെയും പാട്ടിൻ്റെ പൂർണത അദ്ഭുതപ്പെടുത്തുന്നതാണ്. അമ്മയുടെ പാട്ടു കേൾക്കുമ്പോൾ അവർ അർഹിക്കുന്നത് കൂടുതൽ വലിയ ഉയരങ്ങൾ ആയിരുന്നുവെന്നതോന്നൽ എനിക്കുണ്ടാകാറുണ്ട്- ശ്രീകാന്ത് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News