നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ടുവന്ന സംഗീതജ്ഞനാണ് എംഎം കീരവാണി. അദ്ദേഹത്തിനൊപ്പം ഗാനരചയിതാവ് ചന്ദ്ര ബോസും ഓസ്കാർ വേദിയിൽ അവാർഡ് വാങ്ങാനെത്തിയിരുന്നു. ഇവർക്ക് നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്കാർ നോമിനേഷൻ ലഭിച്ചതിനാൽത്തന്നെ സൗജന്യമായാണ് ഓസ്കാർ വേദിയിൽ എത്താനായത്. എന്നാൽ സംവിധായകൻ എസ്എസ് രാജമൗലി, അഭിനേതാക്കളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്ക് സൗജന്യമായല്ല ഓസ്കാർ ചടങ്ങുകൾ കാണാനായത്.
ഒരു വൻ തുക അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസിൽ അടച്ച് ടിക്കറ്റ് വാങ്ങിയ ശേഷം മാത്രമാണ് ഇവർക്ക് ഓസ്കാർ വേദിയിലേക്ക് പ്രവേശനം ലഭിച്ചത്. മാർച്ച് 12 ന് ലോസ് ആഞ്ചലസ്സിലെ ഡോൾബി തീയറ്ററിലാണ് ഓസ്കാർ ചടങ്ങുകൾ നടന്നത്. ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോങ് കാറ്റഗറിയിലാണ് ഓസ്കാറിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. അക്കാദമി അവാർഡ്സ് സാധാരണ ഗതിയിൽ നോമിനേഷൻ ലഭിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമേ ഫ്രീ പാസ്സ് കൊടുക്കാറുള്ളൂ.
ഇങ്ങനെയാണ് എംഎം കീരവാണിക്കും ചന്ദ്ര ബോസിനും ഓസ്കാർ വേദിയിൽ സൗജന്യമായി എത്താൻ സാധിച്ചത്. മറ്റുള്ളവർക്ക് ചടങ്ങിൽ പങ്കെടുക്കണമെങ്കിൽ പണം മുടക്കി പ്രവേശന ടിക്കറ്റ് എടുക്കേണ്ടി വരും. ഇത് കാരണം മാസങ്ങൾക്ക് മുൻപ് തന്നെ രാജമൗലി അദ്ദേഹത്തിനും രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും ഡോൾബി തീയറ്ററിലേക്കുള്ള പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
എക്കണോമിക് ടൈംസിന്‍റെ റിപ്പോർട്ട് പ്രകാരം ഒരു ഓസ്കാർ ടിക്കറ്റിന് 25,000 യുഎസ് ഡോളറാണ് വില. ഏകദേശം 20.6 ലക്ഷം ഇന്ത്യൻ രൂപ വില വരും ഇതിന്. എന്നാൽ ടിക്കറ്റ് എടുത്ത് വേദിയിലെത്തുന്നവർക്ക് ഓസ്കാർ നോമിനീസിനെക്കാൾ വളരെ പിന്നിലാകും ഇരിപ്പിടം ലഭിക്കുക. നാട്ടു നാട്ടുവിന് ഓസ്കാർ പുരസ്കാരം ലഭിക്കുന്ന സമയത്ത് വേദിയിൽ ഏറ്റവും പിന്നിലായി നിന്ന് ആഘോഷിക്കുന്ന രാജമൗലിയുടെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്ത് വന്നിരുന്നു.
വേദിയിലിരുന്ന ആരോ ഫോണിൽ പകർത്തിയ ദൃശ്യങ്ങളായിരുന്നു ഇവ. ടെലിവിഷൻ വഴി സംപ്രേഷണം ചെയ്ത ഓസ്കാർ പുരസ്കാര ദാനത്തിന്‍റെ ദൃശ്യങ്ങളിലൊന്നും തന്നെ രാജമൗലിയെയും ആർആർആർ ടീം അംഗങ്ങളെയും കാണാൻ സാധിച്ചിരുന്നില്ല. കീരവാണി പ്രസംഗിക്കുന്ന സമയത്ത് ഇന്ത്യയുടെ പ്രതിനിധി എന്ന നിലയിൽ വേദിയുടെ മുൻ നിരയിലിരുന്ന ദീപികാ പദുക്കോണിനെയായിരുന്നു ഓസ്കാർ ചടങ്ങിന്‍റെ സംപ്രേഷണ ദൃശ്യങ്ങളിൽ കാണിച്ചിരുന്നത്. എന്നാൽ ആർആർആർ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരെ സ്ക്രീനിൽ കാണിക്കാത്തതില്‍ പല ഇന്ത്യൻ ആരാധകരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...