കൊച്ചി: പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. ഓണത്തിന് തിയറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ചിത്രത്തിന് ട്രെയിലർ ഉണ്ടാകില്ലയെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ. പകരം ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസിന് മുമ്പ് പുറത്ത് വിടുമെന്ന് അൽഫോൺസ് പുത്രൻ അറിയിച്ചു.
അൽഫോൺസ് പുത്രൻ താൻ പങ്കുവച്ച് ഒരു പേസ്റ്റിന് വന്ന കമന്റിന് മറുപടിയായി നൽകുകയായിരുന്നു. ഗോൾഡ് സിനിമയുടെ ട്രെയിലർ ഇറക്കി കൂടെ എന്ന് ഒരു ആരാധകൻ തന്റെ പോസ്റ്റിന് കമന്റായി ചോദിച്ചു. "ട്രെയിലർ ചെലപ്പോഴേ ഉണ്ടാവുള്ളു ബ്രോ. ഒരു പാട്ട് മിക്കവാറും റിലീസിന് മുമ്പ് ഉണ്ടാകും" അൽഫോൺസ് മറുപടിയായി നൽകി. അൽഫോൺസ് തന്റെ ചിത്രം പ്രേമവും സമാനമായ രീതിയിലാണ് തിയറ്ററുകളിലെത്തിച്ചത്. ചിത്രത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനം മാത്രമായിരുന്നു സിനിമയുടെ റിലീസിന് മുമ്പ് ആകെ പ്രചാരണാർഥം പുറത്ത് വിട്ടത്.
ALSO READ : Ottu Movie: ഒറ്റ് റിലീസ് പ്രഖ്യാപിച്ചു; ചാക്കോച്ചൻ അരവിന്ദ് സ്വാമി ചിത്രം മോഷൻ പോസ്റ്റർ
പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗോൾഡ്. ചിത്രത്തിന്റെ എല്ലാ വിശേഷങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. അതേസമയം ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു.
ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയന്താരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയിട്ടാണ്. 2021ൽ ഇറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം നിഴലിന് ശേഷമെത്തുന്ന നയൻതാരയുടെ മലയാള ചിത്രമാണ് ഗോൾഡ്. ഇരുവരെയും കൂടാതെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്, ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് എന്നിവരും ചിത്രം പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ALSO READ : "ഇനി ഉത്തരം" സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്
പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മാജിക് ഫ്രേയിംസിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനായ അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക