റിലീസിന് മുൻപ് തന്നെ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം പഠാൻ. ജനുവരി 26നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ ചിത്രം റിലീസ് ചെയ്യുന്നത്. അതിന്റെ ആകാംക്ഷയിലാണ് ആരാധകരും. ഷാരൂഖിനൊപ്പം ദീപിക പദുക്കോണും ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു ആക്ഷൻ ചിത്രമാണ് പഠാൻ.
കഴിഞ്ഞ ദിവസം പഠാന്റെ നിർമ്മാതാക്കൾക്ക് ഡൽഹി ഹൈക്കോടതി നൽകിയ നിർദേശമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. പഠാൻ ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ കാഴ്ച, കൾവി വൈകല്യമുള്ളവരെ പരിഗണിച്ചുകൊണ്ട് വേണം റിലീസ് ചെയ്യാൻ എന്നാണ് നിർമ്മാതാക്കളായ യാഷ്‌രാജ് ഫിലിംസിനോട് ഹൈക്കോടതി നിർദേശിച്ചത്. കാഴ്ച കേള്‍വി വൈകല്യമുള്ളവര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന രീതിയില്‍ അതിന്‍റെ ഹിന്ദി പതിപ്പില്‍ ഓഡിയോ വിവരണവും, സബ്‌ടൈറ്റിലുകളും, ക്ലോസ് ക്യാപ്ഷനുകളും തയ്യാറാക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം.
കാഴ്ചയില്ലാത്തവർക്കും കേൾവി വൈകല്യമുള്ളവർക്കും ചിത്രം കാണാനുള്ള നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. വികലാംഗരുടെ അവകാശ നിയമം 2016 പ്രകാരം ഉറപ്പുനൽകുന്ന അവകാശങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു ഹർജി നൽകിയത്. ഒരു നിയമ വിദ്യാർത്ഥി, രണ്ട് അഭിഭാഷകർ, ഒരു വികലാംഗ അവകാശ പ്രവർത്തകൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ചിത്രം ഏപ്രിൽ 25ന് ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചതായാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജസ്റ്റിസ് പ്രതിഭ സിംഗിന്റെ സിംഗിൾ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് നിർദേശം മുന്നോട്ട് വെച്ചത്. വികലാംഗരുടെ അവകാശ നിയമം 2016 ലെ സെക്ഷൻ 42 പ്രകാരം, കാഴ്ചയില്ലാത്തവർക്കും കേൾവിയില്ലാത്തവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഫോർമാറ്റുകളിൽ എല്ലാ ഉള്ളടക്കവും ലഭ്യമാണെന്ന് ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാരിന് ബാധ്യതയുണ്ട്. ഇവർക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. തിയേറ്ററിൽ സിനിമ കാണുന്ന അനുഭവം ഇവർക്ക് നിഷേധിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Also Read: Ayyaru Kanda Dubai: മുകേഷ്-ഉർവശി കോമ്പോ വീണ്ടും, ഒപ്പം ധ്യാനും ഷൈനും; 'അയ്യര് കണ്ട ദുബായ്' വരുന്നു
രണ്ടാഴ്ചയ്ക്കകം ഓഡിയോ വിവരണവും സബ്‌ടൈറ്റിലുകളും ക്ലോസ്ഡ് ക്യാപ്ഷനും തയ്യാറാക്കി അംഗീകാരത്തിനായി സെൻസർ ബോർഡിന് സമർപ്പിക്കാൻ നിർമ്മാതാക്കളോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഫെബ്രുവരി 20നകം ഇവ സമർപ്പിച്ചാൽ സെന്‍സര്‍ബോര്‍ഡ് ഇത് പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. മാർച്ച് 10നകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സെന്‍സര്‍ ബോർഡിനോടും കോടതി നിർദ്ദേശിച്ചു. യഷ്‌രാജ് ഫിലിംസിനെയും ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈംവീഡിയോയെയും, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തെയും, സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള വികലാംഗരുടെ ശാക്തീകരണ വകുപ്പിനെയും കക്ഷി ചേര്‍ത്തായിരുന്നു ഹര്‍ജി സമർപ്പിച്ചത്. അതേസമയം സിനിമയുടെ തീയറ്റര്‍ റിലീസ് സമയത്ത് പ്രത്യേക നിര്‍ദേശം ഒന്നും കോടതി നല്‍കിയിട്ടില്ല.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പഠാന്‍. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിൽ സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ഉണ്ടാകും. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയേറ്ററുകളിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...