Oscar Awards 2023 : ലോകസിനിമ ഉറ്റുനോക്കുന്ന ഓസ്കർ പുരസ്കാര നിശ ഞായറാഴ്ച; ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്റർ ഉണരുന്നു

ഇന്ത്യൻ സിനിമയ്ക്കും ഏറെ അഭിമാനം നിറയ്ക്കുന്നതാണ് ഇത്തവണത്തെ ഓസ്കർ വേദി. അവതാരകരിലൊരാൾ ബോളിവുഡ് താരം ദീപിക പദുകോൺ ആണ്. 

Written by - ആതിര ഇന്ദിര സുധാകരൻ | Last Updated : Mar 10, 2023, 04:43 PM IST
  • 95 മത് അക്കാദമി പുരസ്കാരങ്ങൾ ആർക്കെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം. ലോസ് ഏ‍ഞ്ചൽസിലെ ഡോൾബി തിയേറ്റരിലേക്കാണ് ഇനി കണ്ണും കാതും.
  • ഇന്ത്യൻ സിനിമയ്ക്കും ഏറെ അഭിമാനം നിറയ്ക്കുന്നതാണ് ഇത്തവണത്തെ ഓസ്കർ വേദി. അവതാരകരിലൊരാൾ ബോളിവുഡ് താരം ദീപിക പദുകോൺ ആണ്.
  • നാട്ടു നാട്ടു എന്ന ഗാനം ഒറിജിനൽ സോങ് കാറ്റഗറിയിലാണ് മത്സരിക്കുന്നത്.
Oscar Awards 2023 : ലോകസിനിമ ഉറ്റുനോക്കുന്ന ഓസ്കർ പുരസ്കാര നിശ ഞായറാഴ്ച; ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്റർ ഉണരുന്നു

ലോകം മുഴുവൻ കാത്തിരിക്കുന്ന ആ ദിവസം ഞായറാഴ്ചയാണ്. 95 മത്  അക്കാദമി പുരസ്കാരങ്ങൾ ആർക്കെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം. ലോസ് ഏ‍ഞ്ചൽസിലെ ഡോൾബി തിയേറ്റരിലേക്കാണ് ഇനി കണ്ണും കാതും. ഇന്ത്യൻ സിനിമയ്ക്കും ഏറെ അഭിമാനം നിറയ്ക്കുന്നതാണ് ഇത്തവണത്തെ ഓസ്കർ വേദി. അവതാരകരിലൊരാൾ ബോളിവുഡ് താരം ദീപിക പദുകോൺ ആണ്.  താരം ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാനായി മുംബൈ എയർപോട്ടിൽ നിൽക്കുന്ന  ചിത്രം വൈറലായിരുന്നു. 
2016ൽ ഓസ്‌കർ പ്രഖ്യാപനത്തിന് അവതാരകയായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര എത്തിയിരുന്നു. 16 പേരാണ് വേദിയിൽ അവതാരകരായി ഉണ്ടാവുക.  

2017ലും 19ലും അവതാരകനായി എത്തിയ പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരൻ ജമ്മി കിമ്മൽ ഇത്തവണയും ഉണ്ടാകും. മൂന്നാംവട്ടമാണ് ജിമ്മി കിമ്മൽ ഓസ്കർ വേദിയിലെത്തുന്നത്. കൂടാതെ ഡെയ്ൻ ജോൺസൺ, മൈക്കൽ ബി ജോർദാൻ, റിസ് അഹമദ്, എമിലി ബ്ലന്റ്, ഗ്രെൻ ക്ലോസ്, ട്രോയി കോട്‌സർ, ജെന്നിഫർ കോണെലി, സാമുവൽ എൽ ജാക്സൺ, മെലീസ മക്‌കർതി, സോയി സാൾഡന, ഡോനി യെൻ, ജൊനാഥൻ മജേഴ്സ് തുടങ്ങിയവരും അവതാരകരായി എത്തും. ഇന്ത്യക്കാർ കാത്തിരിക്കുന്നത് നാട്ടു നാട്ടു ഗാനത്തിനായി ആണ്. രാഹുൽ സിപ്സിഗഞ്ചും കാലഭൈരവയും ചേർന്ന് ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ സിനിമയിലെ എം എം കീരവാണി ഈണം നൽകിയ ഗാനത്തിന്റെ ലൈവ് പെർഫോമൻസ് നടത്തും. 

ALSO READ: Oscar Awards 2023 : ഓസ്‌കാർ അവാർഡ്‌സ് 2023 ഇന്ത്യയിൽ എപ്പോൾ, എങ്ങനെ കാണാം?

രണ്ട് നോമിനേഷനുകളിലാണ് ഇന്ത്യ മത്സരിക്കുന്നത്. നാട്ടു നാട്ടു എന്ന ഗാനം ഒറിജിനൽ സോങ് കാറ്റഗറിയിലാണ് മത്സരിക്കുന്നത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം നേടിയിരുന്നു. ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ദ എലിഫന്റ് വിൻപെറേഴ്സ് എന്ന ഡോക്യുമെന്ററി ഇടംനേടിയിട്ടുണ്ട്.  ഷൗനക് സെൻ സംവിധാനം ചെയ്ത ഓൾ ദാറ്റ് ബ്രീത്ത്‌സും മത്സരിക്കുന്നു.  ബ്ലാക്ക് പാന്തർ; വക്കാണ്ട ഫോർ എവറിലെ , ലിഫ്റ്റ് മി അപ് എന്ന ഗാനം റിഹാന ലൈവായി അവതരിപ്പിക്കും.  ടോപ് ഗൺ- മാവെറിക്കിലെ ഹോൾഡ് മൈ ഹാൻഡ് എന്ന ഗാനവുമായി സദസിനെ ത്രസിപ്പിക്കാൻ ഇത്തവണ ലേഡി ഗാഗ എത്തിയേക്കില്ല.   

എഡ്വാർഡ് ബെർഗെർ സംവിധാനം ചെയ്ത ജർമൻ വാർ സിനിമയായ ഓൾ ക്വയറ്റ് ഓഫ്‍ ദ് വെസ്റ്റേൺ ഫ്രണ്ട്, ഡാനിയൽസ്  സംവിധാനം ചെയ്ത എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്, മാർട്ടിൻ മക്ഡൊണാഗ് ഒരുക്കിയ ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷൻസ് നേടിയ സിനിമകൾ. സംവിധാനം, ആക്ടിങ്, മ്യൂസിക്, കോസ്റ്റ്യൂം, ഡിസൈൻ, എഡിറ്റിങ്, മേക്ക് അപ്പ്  തുടങ്ങി 23 കാറ്റഗറികളിലാണ് അവാർ‍ഡ്. 

2022 ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കുകയാണ് ഓസ്കാർ അക്കാദമി. മുഖത്തടി പാഠമായ ഓസ്കാർ വേദിയിൽ ഇത്തവണ ക്രൈസിസ് ടീമിനെ നിയോഗിച്ചിട്ടുണ്ട് അക്കാദമി. പെട്ടെന്നുണ്ടാകുന്ന സംഭവവികാസങ്ങളെ കൈകാര്യം ചെയ്യുകയെന്ന ഉത്തരവാദിത്തം ആയിരിക്കും ഇവർക്കുണ്ടാകുക. 2022 പുരസ്കാര ചടങ്ങിൽ വിൽ സ്തമിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് വിവാദമായിരുന്നു.  ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് അക്കാദമിയുടെ നീക്കം. 

പലതരത്തിലുള്ള നാടകീയ സംഭവങ്ങളും ഓസ്കാർ വേദിയിൽ ഉണ്ടാകാറുണ്ടെങ്കിലും അവതാരകന്റെ മുഖത്തടിച്ച സംഭവം ഏറെ വിവാദമായിരുന്നു.  അത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതെ നോക്കേണ്ടതുണ്ട്. എന്തുതന്നെ സംഭവിച്ചാലും അത് മറികടക്കാൻ ഞങ്ങളും തയ്യാറാകേണ്ടതുണ്ടെന്നും ക്രൈസിസ് ടീം രൂപീകരിച്ചുകൊണ്ട് അക്കാദമി ചീഫ് എക്സിക്യുട്ടീവ് ബിൽ ക്രാമർ പറഞ്ഞു.  പുരസ്കാരദാന ചടങ്ങിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് സംഘാടകര്‍ 'ക്രൈസിസ് ടീമിനെ' നിയോഗിക്കുന്നത്.  സമാനമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള,  ആളുകളായിരിക്കും ക്രൈസിസ് ടീമിൽ ഉണ്ടാവുക. ഇത്തരം കാര്യങ്ങളിൽ പെട്ടെന്നു തന്നെ പ്രതികരിച്ച്, സാഹചര്യങ്ങൾ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കുന്നതാണു ക്രൈസിസ് ടീം. ക്രിസ് റോക്കിനെ മുഖത്തടിച്ച സംഭവത്തിൽ അക്കാദമിക്ക് കൃത്യമായി ഇടപെടൽ നടത്താൻ കഴിഞ്ഞില്ലെന്ന് വിമർശനം ഉയർന്നിരുന്നു.  2022 മാർച്ച് 27 ലെ ഒാസ്കർ ചടങ്ങിനിടെ തന്റെ ഭാര്യയെ കളിയാക്കി എന്നാക്ഷേപിച്ചായിരുന്നു വില്‍ സ്മിത്ത് പ്രതികരിച്ചത്. അലോപേഷ്യ രോഗിയായ സ്മിത്തിന്റെ ഭാര്യ തല മൊട്ടിയടിച്ചതിനെക്കുറിച്ചായിരുന്നു റോക്കിന്റെ തമാശ. ഓസ്കർ പുരസ്കാരച്ചടങ്ങിൽ നിന്നും വിൽ സ്മിത്തിനു പത്തു വർഷത്തെ വിലക്കും ഏർപ്പെടുത്തിയിരുന്നു.  മാർച്ച് 12നാണ് ഇത്തവണത്തെ ഓസ്കർ. മാർച്ച് 13ന് പുലർച്ചെ 5.30നാണ് ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News