Oh Meri Laila Ott release: ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഓ മേരി ലൈലയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം സൈന പ്ലേ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മാർച്ച് 23 മുതൽ സൈന പ്ലേയിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. 2022 ഡിസംബർ 23നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്. അടിപിടിയൊക്കെയായി നടക്കുന്ന ഒരു കഥാപാത്രമായിട്ടാണ് മിക്ക ചിത്രങ്ങളിലും ആന്റണി പെപ്പെ അഭിനയിച്ചിട്ടുള്ളത്. കോളജ് പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിലും അടിപിടിയുണ്ടെങ്കിലും അതിനൊപ്പം ചെറിയ വായ്നോട്ടവും പ്രേമവുമൊക്കെയുള്ള കഥാപാത്രമാണ് പെപ്പെയുടേത്. ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥിയുടെ കഥാപാത്രമായിരുന്നു പെപ്പെയ്ക്ക്.
മഹാരാജാസ് കോളേജിലേക്ക് ആദ്യ വർഷം പഠിക്കാൻ എത്തുന്ന ലൈലാസുരനിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും ആരെയെങ്കിലും പ്രേമിച്ച് വായ്നോക്കി ഒരു പാവം പയ്യനെ പോലെ നീങ്ങുക എന്നത് മാത്രമാണ് ലൈലസുരന്റെ ലക്ഷ്യം. എന്നാൽ ഒരു ഘട്ടത്തിൽ അവിചാരിതമായി SFK പാർട്ടിയുടെ വലിയ സഖാവായി ലൈലാസുരൻ മാറി. അവിടെ നിന്ന് അടിയും ഇടിയുമൊക്കെയായി പ്രേക്ഷകർ മുൻപ് കാണ്ടിട്ടുള്ള പെപ്പെ ആയി മാറി.
ഡോ. പോൾസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആന്‍റണിയുടെ സഹപാഠിയായ അഭിഷേക് കെ. എസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. നവാഗതനായ അനുരാജ് ഒ. ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
ആന്‍റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരന്നു. ബബ്ലു അജുവാണ് ഛായാഗ്രഹണം. എഡിറ്റർ-കിരൺ ദാസ്, വിനായക് ശശികുമാർ, ശബരീഷ് വർമ്മ എന്നിവരുടെ വരികൾക്ക് ഈണം പകർന്നത് അങ്കിത്ത് മേനോൻ ആണ്. പശ്ചാത്തലസംഗീതം - സിദ്ധാർഥ പ്രദീപ് , പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...