സൈക്കോളജിക്കൽ ത്രില്ലർ പാരമ്പര്യം മണിചിത്ര താഴിൽ തുടങ്ങിയതെങ്കിലും അത്രയും ക്ലിക്കാവാൻ പിന്നീട് വന്ന സിനിമകൾക്ക് പറ്റിയോ എന്നത് സംശയമാണ്. എന്തായാലും വ്യത്യസ്തമായൊരു പരീക്ഷണം തന്നെയായിരുന്നു നിഴൽ. തുടക്കം മുതൽ ഒടുക്കം വരെ ദുരൂഹത നിറഞ്ഞ അന്തരീക്ഷമാണ് ചിത്രത്തെ കൂടുതൽ പിടിച്ചിരുത്തുന്നത്. അപ്പു എൻ ഭട്ടതിരിയുടെ ആദ്യ സംവിധാന ചിത്രം .
ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജോൺ ബേബി (കുഞ്ചാക്കോ ബോബൻ), നിതിൻ (ഇസിൻ ഹാഷ്), ശർമിള (നയൻതാര) എന്നീ കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സുഹൃത്തായ ശാലിനിയിൽ നിന്നും ഏഴ് വയസുകാരനായ നിതിനെ കുറിച്ച് അറിയുകയും അതിന്റെ ഭാഗമായി ജോൺ ബേബി നടത്തുന്ന അന്വേഷണവുമാണ് കഥയിൽ വഴിത്തിരിവുണ്ടാവുന്നത്.
അതിഗംഭീരമായ വിഷ്വൽസും പുതുമ നിറഞ്ഞ ഹരം കൊള്ളിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിൽ ഉടനീളം നിഗൂഢത നിലനിർത്താൻ സഹായിച്ചു. ഛായാഗ്രഹണം ദീപക് ഡി മേനോനും, സംഗീതം സൂരജ് എസ് കുറുപ്പുമാണ് നിർവ്വഹിച്ചത്. ചിത്രത്തിൽ പൊതുവായി കാണപ്പെടുന്ന ഒന്നാണ് മഴ.
നായകൻ നേരിടുന്ന മാനസിക സങ്കർഷങ്ങളേയും ഉൾചിന്തകളേയും പ്രേക്ഷകർക്ക് മനസിലാക്കുവാനായി ഉപയോഗിച്ച ഒരു മെറ്റഫർ ആയിട്ടാണ് മഴ ചിത്രത്തിലൂടനീളം കാണപ്പെടുന്നത്. ചിത്രത്തിന്റെ അവസാനം ഈ മെറ്റഫർ നായകനിൽ നിന്നും നായികയിലേക്ക് ട്രാൻസ്ഫോം ആവുന്നതും ഒരു ഡയറക്ടർ ബ്രില്ല്യൻസായി പറയാം. എസ് സഞ്ചീവിൻറെ തിരക്കഥ ഒന്ന് വേറിട്ട് തന്നെ നിൽക്കുന്നു.
ലാൽ, സൈജു കുറുപ്പ്, ദിവ്യ പ്രഭ, റോണി ഡേവിഡ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അവരവരുടേതായ പ്രകടനം കൊണ്ട് ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ചവെച്ചു. ഒരു സ്ലോ പേസിൽ കഥ പറഞ്ഞു പോകുന്ന നിഴൽ നിരവധി ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ മികച്ചൊരു ത്രില്ലർ അനുഭവം തന്നെയാണ് പ്രേക്ഷകർക്ക് നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.