വിവാദവും ചർച്ചകളും സൃഷ്ടിച്ച ഒമർ ലുലു ചിത്രം നല്ല സമയം ഒരു തട്ടികൂട്ട് സിനിമയാണെന്ന് സമ്മതിച്ച് സംവിധായകൻ. ഭൂരിപക്ഷം പേർക്ക് നല്ല സമയം ഇഷ്ടപ്പെട്ടില്ലയെന്ന് അറിഞ്ഞു അതിൽ സന്തോഷമുണ്ടെന്നും ഇനി അത്തരത്തിലുള്ള ചിത്രം ചെയ്യാതിരിക്കാൻ ശ്രമിക്കുമെന്ന് ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന എക്സൈസ് കേസിനെ തുടർന്ന് റിലീസായ ചിത്രം തിയറ്ററുകളിൽ നിന്നും രണ്ടാം ദിവസം പിൻവലിച്ചിരുന്നു. തുടർന്ന് ഈ കഴിഞ്ഞ വിഷു ദിനത്തിൽ നല്ല സമയം ഒടിടിയിൽ റിലീസ് ചെയ്യുകയായിരുന്നു.
ഒടിടി റിലീസിന് പിന്നാലെ ചിത്രം നിരവധി പേർ കാണാനിടയാകുകയും നല്ല സമയം ഒരു മോശം സിനിമയാണെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ സംവിധായകൻ താൻ ചെയ്ത ചിത്രം ഒരു തട്ടികൂട്ട് ചിത്രമാണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നത്.
"ലോക്ഡൗണിന് OTT റിലീസ് ചെയ്യാൻ വേണ്ടി വല്ല്യ ലൊക്കേഷൻ ഷിഫ്റ്റ് ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റിൽ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു "നല്ല സമയം", ജീവിക്കേണ്ട അളിയാ" ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട രീതിയിൽ സിനിമ ചെയ്യാൻ പടച്ചോൻ തന്നെ അനുഗ്രഹിക്കട്ടെയെന്നും സംവിധായകൻ തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
നല്ല സമയം സിനിമ നിങ്ങൾ ഭൂരിപക്ഷം പേർക്കും ഇഷ്ടപ്പെട്ടില്ലാ എന്ന് അറിഞ്ഞു സന്തോഷം ഇഷ്ടപ്പെട്ടെങ്കിൽ ഞാന്‍ വീണ്ടും ഇങ്ങനത്തെ സിനിമ ചെയ്യാൻ ഇടവന്നേനെ.
ലോക്ഡൗണിന് OTT റിലീസ് ചെയ്യാൻ വേണ്ടി വല്ല്യ ലൊക്കേഷൻ ഷിഫ്റ്റ് ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റിൽ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു "നല്ല സമയം", ജീവിക്കേണ്ട അളിയാ.
പക്ഷേ ഞാന്‍ പോലും പ്രതീക്ഷിക്കാത രീതിയിൽ "നല്ല സമയം" എന്ന സിനിമക്ക് ഇത്ര റീച്ച് ഉണ്ടാക്കി തന്ന എല്ലാവരോടും ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു
പിന്നെ പടച്ചവൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ടരീതിയിൽ ഉള്ള സിനിമ എടുക്കാൻ എന്നെ അനുഗ്രഹിക്കട്ടെ, അപ്പോ എല്ലാവർക്കും "നല്ല സമയം" നേരുന്നു
നല്ല സമയം സിനിമ
ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് സംവിധായകൻ ഒമർ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഇർഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങൾ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കും.
നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാർത്താണ്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് സിദ്ധാർഥ് ശങ്കറും തിരക്കഥ രചയ്താക്കളിൽ ഒരാളായ ചിത്രയും ചേർന്നാണ് സംഗീതം നൽകയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...