പുതിയ ചിത്രത്തിന്റെ ഭാഗമായി ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ട് നാഗ ചൈതന്യ. ഒപ്പം ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവരുമുണ്ടായിരുന്നു. തന്റെ വരാനിരിക്കുന്ന സിനിമയുടെ ഭാഗമായാണ് താരം മത്സ്യത്തൊഴിലാളി കുടുംബത്തെ സന്ദർശിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് അടുത്തെത്തി അവരുടെ ജീവിതരീതി, ഭൂമി, അവരുടെ സംസ്കാരം, എന്നിവ മനസ്സിലാക്കാൻ വേണ്ടിയായിരുന്നു നാഗചൈതന്യ അവിടേക്ക് എത്തിയത്. NC 23 എന്ന് താത്കാലികമായി വിളിക്കുന്ന പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കൂടുതൽ മനസിലാക്കാൻ വേണ്ടിയായിരുന്നു നാഗ ചൈതന്യയുടെ ശ്രമം.
അതിനായി അദ്ദേഹം അവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും അടുത്ത് ഇടപെട്ട് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. തന്റെ അവസാന ചിത്രമായ കാർത്തികേയ 2- എന്ന പാൻ ഇന്ത്യ ബ്ലോക്ക്ബസ്റ്റർ കരസ്ഥമാക്കിയ ചന്ദൂ മൊണ്ടേറ്റിയാണ് NC 23 എന്ന സിനിമയും സംവിധാനം ചെയ്യുന്നത്. അല്ലു അരവിന്ദ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. #NC23 ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്, ഈ മാസം ഷൂട്ടിംഗ് ആരംഭിക്കാനാണു നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.
“6 മാസം മുൻപാണ് ചന്ദൂ എന്നോട് കഥ പറഞ്ഞത്. കേട്ട മാത്രയിൽ ഞാൻ വളരെ ആവേശഭരിതനായി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം കഥ ഒരുക്കിയിരിക്കുന്നത്. ഈ സിനമയ്ക്ക് വേണ്ടി വാസും ചന്ദുവും രണ്ട് വർഷമായി പ്രവർത്തിക്കുകയാണ്. വളരെ പ്രചോദനാത്മകമായ കഥയാണിത് . മത്സ്യത്തൊഴിലാളികളുടെ ജീവിതരീതിയും അവരുടെ ശരീരഭാഷയും ഗ്രാമത്തിന്റെ ഘടനയും അറിയാനാണ് ഞങ്ങൾ ഇവിടെ എത്തിയത്. പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇന്ന് ആരംഭിക്കും."മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ നായകൻ നാഗ ചൈതന്യ പറഞ്ഞു.
ALSO READ: സാരിയിൽ മനംമയക്കി ഹണി റോസ്; പുത്തൻ ചിത്രങ്ങൾ കാണാം
"2018ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കാർത്തിക് എന്ന നാട്ടുകാരൻ ഒരു കഥ തയ്യാറാക്കി. അദ്ദേഹം ആദ്യം അരവിന്ദ് ഗാരുവിനോടും ബണ്ണി വാസിനോടും കഥ പറഞ്ഞിരുന്നു. കഥ കേട്ടപ്പോൾ കൂടുതൽ ആവേശമായി. കഴിഞ്ഞ 2 വർഷമായി ഞങ്ങൾ തിരക്കഥയുടെ പണിപ്പുരയിലാണ്. ഇപ്പോൾ തിരക്കഥ തയ്യാറായിക്കഴിഞ്ഞു, അത് നന്നായി വന്നിട്ടുണ്ട് . കഥയുടെ പുരോഗതിയും നാഗചൈതന്യക്കും ഏറെ സന്തോഷമുണ്ട്. ആ സംഭവം നടന്ന സ്ഥലത്ത് തന്നെ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു." ചിത്രത്തെക്കുറിച്ചുള്ള സംവിധായകൻ ചന്ദുവിന്റെ വാക്കുകളിങ്ങനെ.
അതേസമയം സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് നിർമ്മാതാവ് ബണ്ണി വാസു പറഞ്ഞത്. "2018-ലാണ് സംഭവം നടന്നത്. ഗ്രാമത്തിലെ പ്രദേശവാസികൾ ഗുജറാത്തിലേക്ക് മത്സ്യബന്ധന തൊഴിലിനായി പോകുകയായിരുന്നു. 2018-ൽ നടന്ന സംഭവത്തെക്കുറിച്ച് എഴുത്തുകാരൻ കാർത്തിക് ഒരു കഥ തയ്യാറാക്കി. ചന്ദുവിന് അത് ഇഷ്ടപ്പെടുകയും മനോഹരമായ ഒരു പ്രണയകഥയാക്കി അതിനെ മാറ്റുകയും ചെയ്തു. അടുത്തിടെയായി , തെലുങ്ക് സിനിമാ പ്രവർത്തകർ റിയലിസ്റ്റിക് സിനിമകൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.സംവിധായകൻ ചന്ദുവിനും കഥ നടന്നതിന്റെ വേരുകളിലേക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നു. ഇവിടുത്തെ അന്തരീക്ഷവും മത്സ്യത്തൊഴിലാളികളുടെ ശരീരഭാഷയും പഠിക്കാനാണ് ഞങ്ങൾ ഇവിടെയെത്തിയത്. മത്സ്യത്തൊഴിലാളികളെക്കുറിച്ചും അവരുടെ ജീവിതരീതികളെക്കുറിച്ചും അറിയാൻ നാഗ ചൈതന്യക്ക് ആഗ്രഹമുണ്ടായിരുന്നു'. ബണ്ണി വാസിന്റെ വാക്കുകളിങ്ങനെ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...