കോഴിക്കോടിന്റെ തനതു ഭാഷാ ശൈലികൊണ്ട് മലയാള സിനിമാസ്വാധകരെ കയ്യിലെടുത്ത നടൻ. തഗ്ഗടിച്ച് പുതുതലമുറയവരെ രസിപ്പിച്ച മാമുക്കോയയുടെ ഡയലോഗുകൾ അനുകരണത്തിനു പോലും അതീതമാണ്. ഇന്ന് മാമുക്കോയ വിടപറയുമ്പോൾ നമുക്ക് നഷ്‍ടമാകുന്നതും ആ അഭിനയ ശൈലി തന്നെ. നാടകത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹത്തിന്റെ ആദ്യ സിനിമ 1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമിയാണ്. പിന്നീടങ്ങോട്ട് സത്യൻ അന്തിക്കാട്, പ്രിയദർശൻ സിനിമകളിലെ സ്ഥിര സാന്നിധ്യമായി മാറി. "എട വാലഷൃണാ...."എന്ന വിളിയിലൂടെ റാം ജി റാവു സ്പീക്കിംഗ് എന്ന സിനിമയിലേക്ക് കടന്നു വന്ന് കേന്ദ്ര കഥാപാത്രങ്ങളെ പോലും കടത്തി വെട്ടുന്ന പ്രകടനം കാഴ്ച്ച വെച്ചു.
ആ ചിത്രത്തെ ഒരു മുഴു നീള കോമഡി ചിത്രമാക്കിമാറ്റുന്നതിൽ വലിയൊരു പങ്കു വഹിച്ചതും മാമുക്കായ തന്നെയെന്ന് പറയാം. ദിലീപ്, നെടുമുടി വേണു, കലാഭവൻ മണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതിപ്പിച്ച ചിത്രമാണ് 1997 ൽ പുറത്തിറങ്ങിയ മന്ത്ര മോതിരം. അതിൽ മാമുക്കോയ അവതരിപ്പിച്ച അബ്ദു എന്ന കഥാപാത്രം ഒരു നാടക ഗാനം ആലപിക്കുന്നുണ്ട്. "ആര് നീ ഭദ്രേ താപസ കന്യേ" എന്നു തുടങ്ങുന്നത്. ആ രംഗം കണ്ട് ചിരിക്കാത്തവർ വിരളമായിരിക്കും.
ALSO READ: ചിരിയുടെ സുൽത്താൻ മറഞ്ഞു; നടൻ മാമുക്കോയ അന്തരിച്ചു
സത്യൻ അന്തിക്കാട് ചിത്രമായ നാടോടിക്കാറ്റിൽ ദാസനെയും വിജയനെയും അക്കരെയെത്തിക്കാൻ വന്ന ഗഫൂർക്കയെയും തലയണ മന്ത്രം സിനിമയിലെ കുഞ്ഞനന്ദൻ മേസ്തിരിയെയും ഒന്നും മറക്കാൻ സാധിക്കില്ല. "ഒരാൾ അപകടം പറ്റി കിടക്കുമ്പോൾ അല്ല ചെറ്റ വർത്താനം പറയുന്നത്" എന്നും പറഞ്ഞുകൊണ്ട് ഇന്നസെന്റിന്റെ മുഖത്തടിക്കുന്ന രംഗം ഇപ്പോൾ വാട്സ്ആപ്പ് ചാറ്റുകളിലെ സ്റ്റിക്കറുകളായി മാറി. രാഷ്ട്രീയം ഒരു വ്യക്തിയെയും കുടുംബത്തെയും ഏതെല്ലാം രീതിയിൽ ബാധിക്കുമെന്ന് തുറന്നുകാട്ടിയ സിനിമയാണ് സന്ദേശം. ചിത്രത്തിൽ ശ്രീനിവാസൻ, ജയറാം, തിലകൻ എന്നിവർക്കൊപ്പം കെ. ജി. പൊതുവാൾ എന്ന കഥാപാത്രമായി മാമുക്കോയയുമെത്തി. നാരിയൽ കാ പാനിടെ അർത്ഥം ചോദിച് "നമ്മുടെ കൂട്ടത്തിൽ ഹിന്ദി അറിയാവുന്ന ഒറ്റൊരുത്തനില്ലേ" എന്ന ചോദ്യം ഇന്ന് രാഷ്ട്രീയക്കാരെ കളിയാക്കാൻ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും ട്രോളുകളുമായി സോഷ്യൽ മീഡിയ കീഴടക്കി.
ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, പ്രിയദർശൻ ചിത്രമായ ചന്ദ്രലേഖയിലെ നൂറിന്റെ പലിശക്കാരൻ മാമ, കളിക്കളത്തിലെ പോലീസുകാരൻ ,ഹിസ് ഹൈനസ് അബ്ദുള്ളയിലെ ജമാൽ ,പൊന്മുട്ടയിടുന്ന താറാവിലെ അബൂബക്കർ, മഴവിൽക്കാവടി എന്ന സിനിമയിലെ പോക്കറ്റടിക്കാരൻ കുഞ്ഞി ഖാദർ, വരവേൽപ്പ് എന്ന സിനിമയിൽ മോഹൻലാലിന്റെ ഉറ്റ ചങ്ങാതി ഹംസ, ഒപ്പത്തിലെ സെക്യൂരിറ്റി ക്കാരൻ എന്നിവ മാമുക്കോയയുടെ സിനിമ കരിയറിലെ മികച്ച കഥാപാത്രങ്ങളാണ്. കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കണ്ട നടന്മാരെ പിന്നെ ഒരിക്കലും പ്രേക്ഷകർ സീരിയസ് കഥാപാത്രങ്ങളായി കാണാൻ ആഗ്രഹിക്കാറില്ല. ഇനി വന്നാലും പ്രകടനത്തിനനുസരിച്ച് വിലയിരുത്തുന്നവരാണ് മലയാള സിനിമ പ്രേക്ഷകർ. എന്നാൽ തനിക്ക് കോമഡി പറയാൻ മാത്രമല്ല സീരിയസ് അഭിനയവും വഴങ്ങും എന്ന് മാമുക്കോയ തെളിയിച്ച സിനിമകളാണ് പെരുമഴക്കാലത്തിലെ അബ്ദു കുരുതിയിലെ മൂസാ ഖദർ എന്നിവ. ഇതിലേയെല്ലാം അഭിനയങ്ങൾ മാമുക്കോയ എന്ന നടന്റെ മാറ്റു കൂട്ടി.