പെരുന്നാൾ റിലീസിന് ഏറ്റവും ആകാംക്ഷയുണർത്തിയ ബേസിൽ ജോസഫ് ചിത്രമായിരുന്നു 'കഠിന കഠോരമീ അണ്ഡകടാഹം'. എന്നാൽ ചിത്രം നിരാശപ്പെടുത്തി എന്ന് ഒറ്റ വാക്കിൽ പറയാം. അതിന് പല വിധ കാരണങ്ങളുണ്ട്. ചിത്രം സംസാരിക്കുന്നത് കോവിഡ് പശ്ചാത്തലമാണ്. കോവിഡിന്റെ അതിഭീകര അവസ്ഥ കാണിക്കുമ്പോൾ പ്രേക്ഷകന് അത് വലിയ സംഭവമായി തോന്നാനുള്ള സാധ്യത വരുന്നില്ല. സിനിമയുടെ റിലീസ് വൈകി എന്ന് തന്നെ പറയേണ്ടി വരും.
രണ്ടാം പകുതിയിൽ ഒരു മരണവുമായി ബന്ധപ്പെട്ടാണ് സിനിമ ഉടനീളം സഞ്ചരിക്കുന്നത്. മരണത്തിലെ പ്രയാസങ്ങൾ, ദുഃഖങ്ങൾ, പ്രശ്നങ്ങൾ എല്ലാം സംസാരിക്കുന്നുണ്ട്. എന്നാൽ ഈ മരിച്ച വ്യക്തിയുടെ ശബ്ദം അല്ലാതെ സിനിമ കാണുമ്പോൾ മനസ്സിൽ ഒരു രൂപം വയ്ക്കാൻ ഒരു ഫോട്ടോ പോലും കാണിക്കുന്നില്ല. റിലേറ്റ് ചെയ്യാനോ അല്ലെങ്കിൽ ആ വ്യക്തിയെക്കുറിച്ചുള്ള ഓർമകൾ പോലും പ്രേക്ഷകന് സമ്മാനിക്കുന്നില്ല. ഒരുപാട് ഇമോഷൻസ് കാണിക്കുന്നെങ്കിലും പ്രേക്ഷകൻ ബ്ലാങ്ക് മൈൻഡിൽ സിനിമ കാണുകയാണ്.
Also Read: Jayam Ravi: 'ഇനിയാണ് കഥ... ആദ്യം മുതൽ അവസാനം വരെ ക്ലൈമാക്സ് മൂഡ്'; പിഎസ് 2 വിനെ കുറിച്ച് ജയം രവി
ചിത്രത്തിന്റെ കഥയും തിരക്കഥയും വലിയ പോരായ്മ തന്നെയാണ്. യാതൊരു ഇമോഷനും ഇല്ലാതെ പ്രേക്ഷകൻ കാണുന്നത് കൊണ്ടുതന്നെ വല്ലാത്ത ലാഗ് അനുഭവപ്പെടുന്നു. കണ്ട് തീർക്കാൻ ചിത്രത്തിന്റെ ടൈറ്റിൽ പോലെ തന്നെ കഠിനം തന്നെയാണ്. ബച്ചു എന്ന കഥാപാത്രമായിട്ടാണ് ബേസിൽ ജോസഫ് എത്തുന്നത്. ആദ്യ പകുതിയിൽ ബിസിനസ് നടത്തി നാട്ടിൽ എങ്ങനെയെങ്കിലും ജീവിക്കാൻ കഷ്ടപ്പെടുന്ന ബച്ചു ആണെങ്കിൽ രണ്ടാം പകുതി മരണം മാത്രമാണ്. 2 മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം പക്ഷെ കണ്ട് തീർക്കാൻ ബുദ്ധിമുട്ടുകയാണ് ചെയ്തത്. ബിനു പപ്പു, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരുടെ പ്രകടനം മികച്ചതായെങ്കിലും കഥ ഡ്രൈ ആയതുകൊണ്ട് തന്നെ മനസ്സിൽ ഓർത്തുവയ്ക്കാൻ മാത്രം സ്‌ക്രീൻ സ്‌പേസും ഇല്ല.
ഗോവിന്ദ് വസന്തയുടെ മ്യുസിക്ക് ക്ളൈമാക്സിനോട് അടുക്കുമ്പോൾ ഗംഭീരമാകുന്നുണ്ട്. കുറച്ച് കണ്ണ് നനയിക്കാൻ സാധിക്കുന്നുണ്ട്. ഇമോഷണൽ സീനിൽ ബേസിൽ ജോസഫും ശ്രീജയും മത്സരിച്ച് ഗംഭീരമാക്കിയതൊഴിച്ചാൽ മറ്റ് സ്ട്രൈക്കിങ്ങ് പോയിന്റുകൾ കുറഞ്ഞുപോയ കാലം തെറ്റി ഇറങ്ങിയ ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...