2018 എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാളത്തിൽ മാത്രമല്ല മറിച്ച് മറ്റ് ഭാഷകളിലും, ഇന്ത്യക്ക് പുറത്തും എല്ലാം 2018 വമ്പൻ ഹിറ്റ് ആയിരുന്നു. 2018ൽ കേരളത്തിലുണ്ടായ പ്രളയം ദൃശ്യവൽക്കരിക്കുന്നതായിരുന്നു 2018. അടുത്തിടെ പൊന്നിയിൻ സെൽവൻ, ഇന്ത്യൻ 2 തുടങ്ങിയ സിനിമകൾ നിർമ്മിച്ച ലൈക്ക പ്രൊഡക്ഷൻസുമായി കൈകോർക്കുന്നുവെന്ന വിവരം ജൂഡ് പങ്കുവെച്ചിരുന്നു. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയുടെ കരാർ ഒപ്പിട്ട ജൂഡ് ഇപ്പോൾ തമിഴിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്.
വിജയ് സേതുപതിയെയും നിവിൻ പോളിയെയും വച്ച് താൻ ഒരു 'മാസ്' എന്റർടെയ്‌നർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ജൂഡ് നേരത്തെ പറഞ്ഞിരുന്നു. തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ജൂഡ് നടൻ വിക്രമുമായി കൈകോർക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ആസിഫ് അലിയ്‌ക്കൊപ്പമുള്ള ജൂഡിന്റെ മലയാളം ചിത്രമായിരുന്നു പ്രതീക്ഷയിലുള്ള മറ്റൊരു ചിത്രം.
ഈ ഊഹാപോഹങ്ങൾ ഇതിനോടകം തന്നെ മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള ധാരാളം ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. എന്നാൽ ഈ വാർത്തകളോട് ജൂഡ് ആന്റണി പ്രതികരിച്ചത് ഇങ്ങനെ:
“ഞാൻ ആസിഫിനൊപ്പം ഒരു സിനിമ ചെയ്യും. എന്നാൽ അത് ഉടൻ സംഭവിക്കില്ല. എന്റെ അടുത്ത പ്രൊജക്റ്റ് ലൈക്ക പ്രൊഡക്ഷൻസിന്റെ തമിഴ് ചിത്രമായിരിക്കും.''
വിക്രമിനെ നായകനാക്കിയുള്ള പ്രൊജക്റ്റ് ഇതാണോ എന്ന ചോദ്യത്തിനും ജൂഡ് മറുപടി നൽകി. “അതൊക്കെ ആളുകൾ ഉണ്ടാക്കുന്ന വെറും കഥകൾ മാത്രമാണ്. ഈ വിവരങ്ങളെല്ലാം എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. ലൈക്കയ്ക്ക് ഒപ്പമുള്ള തമിഴ് അരങ്ങേറ്റം നിവിനും വിജയ് സേതുപതിയും ഒന്നിച്ചുള്ള 'മാസ്' എന്റർടെയ്‌നറിലൂടെ ആയിരിക്കുമോ എന്ന് ജൂഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആ പ്രോജക്റ്റ് ഇപ്പോഴും തുടരുകയാണ്. ഇരുവരുമായും തിരക്കഥയെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ചിത്രത്തിലെ അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അത് ചെയ്തുകഴിഞ്ഞാൽ ഔദ്യോഗികമായി പ്രഖ്യാപിക്കും'' - എന്നാണ് ജൂഡ് പറഞ്ഞത്. ഒടിടി പ്ലേ എന്ന മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗഥ, സാറാസ്, 2018 എന്നിവയ്‌ക്ക് ശേഷം ജൂഡിന്റെ അഞ്ചാമത്തെ സംവിധാനമാണ് വരാനിരിക്കുന്ന ചിത്രം. ടൊവിനോ തോമസ്, ആസിഫ്, ലാൽ, നരേൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 2018 കേരളത്തിലെ പ്രളയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...