Kochi : തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നടൻ ദിലീപിനെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാൻ ഒരുങ്ങുന്നു. മാർച്ച് 31 ന് ചേരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു. ഭരണഘടന മാറ്റത്തിന്റെ ഭാഗമായി ആണ് പുതിയ തീരുമാനം. കൂടാതെ സംഘടനയുടെ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടായെന്ന വ്യവസ്ഥയിലും മാറ്റങ്ങൾ കൊണ്ട് വരാൻ സംഘടനാ തീരുമാനിച്ചിട്ടുണ്ട്.
പുതിയ മാറ്റത്തോട് കൂടി നടന് ദിലീപിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സംഘടനയിലെ ആജീവനാന്ത അംഗത്വവും നഷ്ടമാകും. ഫിയോക്കിന്റെ ആജീവനാന്ത ചെയര്മാൻ ദിലീപും, വൈസ് ചെയര്മാൻ ആന്റണി പെരുമ്പാവൂരുമാണ്. ഈ സ്ഥാനങ്ങളിൽ നിന്ന് ഇരുവരെയും മാറ്റാനാണ് പുതിയ ഭേദഗതി കൊണ്ട് വരുന്നത്.
ദിലീപിന്റെ നേതൃത്വത്തിലാണ് ഫിയോക് ആരംഭിച്ചത്. ഇതിന് മുമ്പ് ഉണ്ടായിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളർന്നതിനെ തുടർന്നാണ് ഫിയോക് രൂപം കൊണ്ടത്. അന്ന് ആജീവനാന്ത ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും തെരഞ്ഞെടുക്കുകയായിരുന്നു. ഈ രണ്ട് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്നും അന്ന് തീരുമാനിച്ചിരുന്നു.
എന്നാൽ മാറ്റം നിലവിൽവരാൻ ജെനെറൽ ബോഡിയുടെ അംഗീകാരം വേണം. മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതാണ് ഇപ്പോഴത്തെ മാറ്റങ്ങൾക്ക് കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രശ്നങ്ങളെ തുടർന്ന് ആന്റണി പെരുമ്പാവൂർ സംഘടനയിൽ നിന്ന് രാജി വെക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. അതേസമയം സംഘടനയില്‍ കടുത്ത ഭിന്നത ഉണ്ടായതിനെ തുടർന്നാണ് തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.