അവസാനം പുറത്തിറങ്ങിയ ആന്‍റ്മാൻ ആൻഡ് ദി വാസ്പ് ക്വാണ്ടം മാനിയക്ക് കൂടി വ്യാപകമായി നെഗറ്റീവ് റിവ്യൂസ് കേൾക്കേണ്ടി വന്നതോടെ മാർവൽ ആരാധകർ ഭൂരിഭാഗം പേരും വലിയ നിരാശയിലാണ്. ഇനി ഫേസ് അഞ്ചിൽ മിക്ക എംസിയു ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഗാർഡിയൻസ് ഓഫ് ദി ഗാലക്സി വോളിയം 3 മാത്രമാണ്. എന്നാൽ ഡിസിയുടെ കാര്യം നേരെ മറിച്ചാണ്. ഈ വർഷം ജൂണിൽ പുറത്തിറങ്ങാനിരിക്കുന്ന ദി ഫ്ലാഷിന്‍റെ ട്രൈലർ ഭൂരിഭാഗം ആരാധകരെയും ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിച്ചു. ഇതിന് പുറമേ ജെയിംസ് ഗൺ ഡിസി യൂണിവേഴ്സിന്‍റെ ഭാഗമായി പുറത്തിറങ്ങാനിരിക്കുന്ന 10 ഡിസി കണ്ടന്‍റുകൾ പ്രഖ്യാപിച്ചതും ആരാധകർക്ക് ആഘോഷിക്കാനുള്ള കാരണമായി. ദി ഫ്ലാഷിന് പുറമേ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ഡിസിയുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിങ്ഡം. ഒരുപാട് തവണ സ്റ്റോറി പ്ലോട്ട് മാറ്റുകയും റീ ഷൂട്ട് ചെയ്യുകയും ചെയ്ത ഒരു ഡിസി ചിത്രമായിരുന്നു ഇത്. അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട വളരെ അടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിംഗ്ഡത്തിന്‍റെ ഒരു ടെസ്റ്റ് സ്ക്രീനിങ്ങ് നടത്തിയിരുന്നു. വളരെ മോശം അഭിപ്രായങ്ങളാണ് ടെസ്റ്റ് സ്ക്രീനിങ്ങിന് ശേഷം പുറത്ത് വന്നത്.
ചിത്രം അക്വാമാന്‍റെ ആദ്യ ഭാഗത്തിന്‍റെ അത്ര പോര എന്ന് മാത്രമല്ല ഇന്നേവരെ പുറത്തിറങ്ങിയിട്ടുള്ളതിൽവച്ച് ഏറ്റവും മോശം ഡിസി ചിത്രങ്ങളിൽ ഒന്നാണെന്നുമാണ് ടെസ്റ്റ് സ്ക്രീനിങ്ങിൽ പങ്കെടുത്ത ചിലരുടെ അഭിപ്രായം. ഇത് കാരണം പലരും ചിത്രം പൂർണമായി കാണാൻ നിൽക്കാതെ പകുതിക്ക് വച്ച് നിർത്തി പോയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതെല്ലാം ചില അഭ്യുഹങ്ങൾ മാത്രമാണ്. പക്ഷെ ഏതാണ്ട് ഇതിന് സമാനമായിരുന്നു ഡിസിയുടെ ബ്ലാക്ക് ആദത്തിന്‍റെ ടെസ്റ്റ് സ്ക്രീനിങ്ങും. ഈ ചിത്രത്തിനും അതിന്‍റെ ടെസ്റ്റ് സ്ക്രീനിങ്ങ് സമയത്ത് നിരവധി നെഗറ്റീവ് അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നതാണ്. പിന്നീട് തീയറ്ററുകളിലെത്തിയപ്പോഴും അതെ മോശം അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നതോടെ ബ്ലാക്ക് ആദം ഒരു പരാജയമായി മാറി. അതുകൊണ്ട് തന്നെ അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിങ്ഡത്തിന് നെഗറ്റീവ് റിവ്യൂസ് കേൾക്കേണ്ടി വന്നതിൽ ആരാധകരിൽ ഭൂരിഭാഗം പേരും വലിയ നിരാശയിലാണ്.
ALSO READ : Viral Video: ഇത് പോഞ്ഞിക്കരയുടെ ഹൾക്ക് വേർഷൻ, സംഭവം കലക്കി - വീഡിയോ വൈറൽ
2018 ലാണ് അക്വാമാന്‍റെ ആദ്യ ഭാഗം തീയറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കിയ ചിത്രം അന്ന് വൻ വിജയമായി മാറി. ചിത്രം 1 ബില്ല്യണ് മുകളിൽ അന്ന് കളക്ഷൻ നേടിയിരുന്നു. ജെയ്സൺ മോമോയുടെ അക്വാമാൻ എന്ന കഥാപാത്രം വലിയ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. ആദ്യ ഭാഗം സംവിധാനം ചെയ്ത ജെയിംസ് വാനാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തത്. എന്നാൽ ഷൂട്ടിങ്ങ് തുടങ്ങി ഏതാനും നാളുകൾക്കുള്ളിൽത്തന്നെ അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിംഗ്ഡം നിരവധി പ്രതിസന്ധികൾ നേരിടാൻ തുടങ്ങി. ഡിസിയുടെ ഭാവി പദ്ധതികൾ മാറുന്നതിനനുസരിച്ച് നിരവധി തവണ സ്റ്റോറിലൈൻ മാറ്റുകയും റീഷൂട്ട് ചെയ്യുകയും ചെയ്ത ചിത്രമായിരുന്നു ഇത്. അവസാനം ജോണി ഡെപ്പുമായുള്ള കേസ് പരാജയപ്പെട്ടതോടെ ചിത്രത്തിലെ നായികയായ ആംബർ ഹേർഡ്സിനെ റീകാസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആരാധകർക്കിടയിൽ നിന്നുള്ള ആവശ്യം ശക്തമായി. തുടർന്ന് സ്റ്റോറി ലൈനിൽ വീണ്ടും ചില മാറ്റങ്ങൾ വരുത്തി ആംബർ ഹെർഡ്സിന് ചിത്രത്തിലുള്ള പ്രാധാന്യം വെട്ടിക്കുറച്ചു.
സിനിമയിൽ ബെൻ അഫ്ലെക്സിന്‍റെ ബാറ്റ്മാന്‍റെ ഒരു കാമിയോ റോൾ ഉണ്ടായിരുന്നു. എന്നാൽ ഫ്ലാഷിന് ശേഷം അദ്ദേഹത്തെ റീ കാസ്റ്റ് ചെയ്യുന്നതിന്‍റെ ഭാഗമായി ആ സീനുകളും നീക്കം ചെയ്യുമെന്ന് റൂമറുകൾ വന്നിരുന്നു. ഇത്തരത്തിൽ നിരവധി തവണ വെട്ടി മുറിച്ച് ഓപ്പറേഷൻ ചെയ്ത് തളർന്ന സിനിമയാണ് ആക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിംഗ്ഡം. കോവിഡിന് ശേഷം വന്ന സാമ്പത്തിക പ്രതിസന്ധികൾ കാരണം വാർണർ ബ്രദേഴ്സ് ചിത്രം റീഷൂട്ട് ചെയ്യുന്നതിനാവശ്യമായ പണം നൽകിയില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. നിലവിൽ പുറത്ത് വരുന്ന നെഗറ്റീവ് അഭിപ്രായങ്ങൾ കാരണം ചിത്രം ഇനിയും ഒരു റീഷൂട്ടിലേക്ക് കടക്കാനുള്ള സാധ്യത വളരെയധികം കുറവാണ്. ഇനി ബാറ്റ്ഗേളിന് സമാനമായി ഈ ചിത്രം ഡിസി കാൻസൽ ചെയ്യുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...