Marvel Phase 4 : കോമിക്സിൽ സിംഹങ്ങൾ; സിനിമയിൽ ദുരന്തം; മാർവൽ ഫേസ് ഫോറിൽ വേണ്ടത്ര രീതിയിൽ ഉപയോഗിക്കാതെ പോയ കഥാപാത്രങ്ങൾ

Marvel Phase 4 vs Comics Book കോമിക്സ് ബുക്കിൽ പല താരങ്ങളും സിനിമയിലേക്കെത്തിച്ചപ്പോൾ മാർവലൽ ആരാധകർക്ക് അത് കല്ലുകടിയായി തോന്നി

Written by - Ajay Sudha Biju | Edited by - Jenish Thomas | Last Updated : Nov 27, 2022, 07:45 PM IST
  • ഏറ്റവും മോശം അഭിപ്രായം നേടിയ ഫേസുകളിൽ ഒന്നായിരുന്നു ഫേസ് 4
  • സിനിമകളെയും സീരീസിനെയും പോലെ തന്നെ വിമർശനം നേരിട്ട ഒന്നായിരുന്നു അതിലെ കഥാപാത്രങ്ങൾ
  • മാർവൽ ഫേസ് ഫോറിലൂടെ നശിപ്പിച്ച ചില കഥാപാത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
Marvel Phase 4 : കോമിക്സിൽ സിംഹങ്ങൾ; സിനിമയിൽ ദുരന്തം; മാർവൽ ഫേസ് ഫോറിൽ വേണ്ടത്ര രീതിയിൽ ഉപയോഗിക്കാതെ പോയ കഥാപാത്രങ്ങൾ

മാർവലിൽ ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം അഭിപ്രായം നേടിയ ഫേസുകളിൽ ഒന്നായിരുന്നു ഫേസ് 4. പല സിനിമകളും സീരീസുകളും പ്രതീക്ഷിച്ച നിലവാരം പുലർത്താത്തത് ആരാധകരെ നിരാശരാക്കി. സിനിമകളെയും സീരീസിനെയും പോലെ തന്നെ വിമർശനം നേരിട്ട ഒന്നായിരുന്നു അതിലെ കഥാപാത്രങ്ങൾ. മാർവൽ കോമിക്സിൽ സിംഹങ്ങളായിരുന്ന പല കഥാപാത്രങ്ങളെയും മാർവൽ സ്ക്രീനിലേക്കെത്തിച്ചപ്പോൾ ദുർബലരാക്കി കളഞ്ഞു. ഇത് കോമിക് ആരാധകകരെ കുറച്ചൊന്നുമല്ല ക്ഷുഭിതരാക്കിയത്. ഇത്തരത്തിൽ മാർവൽ ഫേസ് ഫോറിലൂടെ നശിപ്പിച്ച ചില കഥാപാത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ഇല്ല്യൂമിനാറ്റി

മാർവൽ കോമിക്സിൽ ഏറ്റവും ശക്തരായ ഒരു സൂപ്പർ ഹീറോ ടീമാണ് ഇല്ല്യൂമിനാറ്റി. ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രത്തിലൂടെയാണ് മാർവൽ ഈ ടീമിനെ സ്ക്രീനിലെത്തിച്ചത്. എന്നാൽ ചിത്രത്തിന്‍റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ വെറുതെ മുഖം കാണിച്ച് പോകുന്നതല്ലാതെ ഇവർക്ക് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാനില്ലായിരുന്നു. ഫെന്‍റാസ്റ്റിക് ഫോറിന്‍റെ സ്ഥാപകനായ റീഡ് റിച്ചാർഡ്സ്, ക്യാപ്റ്റൻ മാർവൽ, ക്യാപ്റ്റൻ കാർട്ടർ, ഇൻഹ്യൂമൻസിന്‍റെ രാജാവായ ബ്ലാക്ക് ബോൾട്ട്, എക്സ് മെന്നിന്‍റെ സ്ഥാപകനായ ചാൾസ് എക്സേവിയർ, സോഴ്സറർ സുപ്രീമായ ബാരൺ മോർഡോ എന്നിവരായിരുന്നു സിനിമയിൽ ഇല്ല്യൂമിനാറ്റിയിലെ അംഗങ്ങൾ. എന്നാൽ കോമിക്സിൽ അയൺമാനും നേമോറുമെല്ലാം ഇല്ല്യൂമിനാറ്റിയുടെ പ്രധാനപ്പെട്ട അംഗങ്ങളായിരുന്നു. മാർവൽ ആദ്യമായി ഇല്ല്യൂമിനാറ്റിയെ സ്ക്രീനിലെത്തിച്ച് നിമിഷങ്ങൾക്കകം അവരെ വാണ്ടയുടെ കൈകൊണ്ട് കൊല്ലുകയും ചെയ്തു.

ALSO READ : Stree Universe:Bhediya movie Review: സ്ത്രീ യൂണിവേഴ്സ് ആരംഭിച്ചു..!; ഭേടിയ റിവ്യൂ

2. എറ്റേണൽസ്

ഡോൺ ലീ, ആഞ്ചലീന ജോളി, റിച്ചാർഡ് മാഡെൻ തുടങ്ങി പ്രഗത്ഭരായി നിരവധി നടീനടന്മാരെ മാർവൽ സ്ക്രീനിലെത്തിച്ച് ഒന്നുമല്ലാതാക്കിക്കളഞ്ഞ ഒരു ചിത്രമായിരുന്നു എറ്റേണൽസ്. വളരെ പെട്ടെന്ന് ഈ ചിത്രത്തിലെ കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം സ്ക്രീനിലെത്തിച്ചതിനാൽത്തന്നെ പ്രേക്ഷകർക്ക് ഇതിലെ ഒരു കഥാപാത്രത്തിനോടും പ്രത്യേകിച്ച് ഒരു ഇഷ്ടമോ അടുപ്പമോ തോന്നിയിരുന്നില്ല. ഇത്തരത്തിൽ ഒട്ടും തന്നെ ആഴമില്ലാത്തതും പ്രേക്ഷകർക്ക് തങ്ങളുമായി ബന്ധപ്പെടുത്താൻ ചെയ്യാൻ സാധിക്കാത്തതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചതുകൊണ്ട് തന്നെ ഫേസ് ഫോറിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മാർവൽ കണ്ടന്‍റായി എറ്റേണൽസ് മാറി.

3. കിംഗ് പിൻ

മാർവൽ ഇതിന് മുൻപ് ഡെയർഡെവിൾ എന്ന നെറ്റ്ഫ്ലിക്സ് സീരീസിലൂടെ സ്ക്രീനിലെത്തിച്ചൊരു കഥാപാത്രമായിരുന്നു കിംഗ് പിൻ. അന്ന് ഒരുപാട് ആരാധകരുടെ ഇഷ്ടം പിടിച്ച് പറ്റിയൊരു കഥാപാത്രമായിരുന്നു ഇത്. വിൻസെന്‍റ് ഡി ഒനോഫ്രിയോ ആണ് ഈ കഥാപാത്രത്തെ സ്ക്രീനിലെത്തിച്ചത്. എന്നാൽ ഡെയർഡെവിൾ എന്ന ആ സീരീസും കിംഗ് പിൻ എന്ന കഥാപാത്രവും മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമല്ലായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം മാർവൽ ഈ കഥാപാത്രത്തെ എം.സി.യുവിന്‍റെ ഭാഗമാക്കിയപ്പോള്‍ നേരിട്ടത് വൻ വിമർശനങ്ങളും പരിഹാസങ്ങളും ആയിരുന്നു. ഹാവ്കൈ എന്ന സീരീസിലൂടെയാണ് കിംഗ് പിൻ രണ്ടാം വരവ് അറിയിച്ചത്. പക്കാ വയലന്‍റും ശക്തനുമായിരുന്ന ഈ കഥാപാത്രത്തെ എം.സി.വിൽ അവതരിപ്പിച്ചത് സാധാരണ ഒരു അധോലോക ഡോണിനെപ്പോലെ ആയിരുന്നു.  

4. ടാസ്ക് മാസ്റ്റർ

മാർവൽ ബ്ലാക്ക് വിഡോ എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു ടാസ്ക് മാസ്റ്റർ. ഏത് സൂപ്പർ ഹീറോയുടെയും ഫൈറ്റിങ്ങ് സ്കിൽ കോപ്പി ചെയ്യാൻ കഴിവുള്ള ഒരു വില്ലനാണ് ടാസ്ക് മാസ്റ്റർ. മാർവൽ കോമിക്സിൽ അവഞ്ചേഴ്സിന്‍റെ വില്ലനായി വരെ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അത്രയും ശക്തനായ കഥാപാത്രത്തെ ബ്ലാക്ക് വിഡോയിൽ അവതരിപ്പിച്ചപ്പോൾ ആ കഥാപാത്രത്തിന്‍റെ ശക്തിയുടെ പകുതി പോലും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ സാധിച്ചില്ല. ടാസ്ക് മാസ്റ്ററിനെ ഒരു സ്ത്രീയായും ഡ്രേവ്കോവ് എന്ന ബ്ലാക്ക് വിഡോയുടെ വില്ലന്‍റെ മകളായും അവതരിപ്പിച്ച ട്വിസ്റ്റ് ഒന്നും തന്നെ പ്രേക്ഷകർക്ക് അത്രത്തോളം ദഹിക്കാതെ പോയി.  

5. ഗോർ ദി ഗോഡ് ബച്ചർ

തോറിന്‍റെ ഏറ്റവും ശക്തനും അപകടകാരിയുമായ വില്ലനാണ് കോമിക്സിൽ ഗോർ ദി ഗോഡ് ബച്ചർ. തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രത്തിലൂടെയായിരുന്നു മാർവൽ ആദ്യമായി ഈ വില്ലനെ വെള്ളിത്തിരയിലെത്തിക്കുന്നത്. എന്നാൽ സിനിമയിൽ കുറച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയി തോറിനെ ബ്ലാക്മെയിൽ ചെയ്യുന്ന ഒരു സൈക്കോ ലെവൽ വില്ലനെപ്പോലെയാണ് ഗോറിനെ അവതരിപ്പിച്ചത്. ക്രിസ്റ്റ്യൻ ബെയിൽ എന്ന മികച്ച നടനെ ഈ റോളിന് വേണ്ടി കാസ്റ്റ് ചെയ്തപ്പോൾ ആരാധകർക്ക് വൻ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആ നടന്‍റെ കഴിവ് വേണ്ട രീതിയിൽ ഉപയോഗിക്കാൻ മാർവലിന് സാധിച്ചില്ല. കോമിക്സിൽ തോറിനെ ഒന്നുമല്ലാതാക്കാൻ പോലും സാധിക്കുന്ന ഗോർ എന്ന വില്ലൻ സിനിമയിലെത്തിയപ്പോൾ തോറിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഷ്ടപ്പെടുന്ന ദയനീയ കാഴ്ച്ചയായിരുന്നു ആരാധകർക്ക് കാണാൻ സാധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News